Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂവാനത്തുമ്പികൾ പാറിനടക്കുന്ന കൊച്ചിയിലെ പപ്പേട്ടൻസ് കഫേ

pappettans-cafe-laljose സംവിധായകൻ ലാൽ ജോസ് പപ്പേട്ടൻസ് കഫേയിൽ

ഭക്ഷണവും യാത്രയും സിനിമയും പലരുടെയും ഇഷ്ടവിഷയങ്ങളാണ്. സിനിമയിലുള്ളവരുടെ കാര്യമാണെങ്കില്‍ പറയുകയേ വേണ്ട. മോഹന്‍ലാലും സിദ്ദീഖും ദിലീപുമൊക്കെ തുടങ്ങിയ ഭക്ഷണശാലകളൊക്കെ ബിഗ് ബജറ്റ് ചിത്രം ബമ്പര്‍ ഹിറ്റ് ആകുന്ന പോലെ മലയാളികള്‍ ഏറ്റെടുത്തിട്ടുമുണ്ട്. അവരൊക്കെ സിനിമയിലെത്തി വർഷങ്ങള്‍ കഴിഞ്ഞിട്ടാണ് അങ്ങനെയൊരു സംരംഭവുമായി എത്തിയതെങ്കില്‍ ദാ ഇവിടൊരാള്‍ സിനിമയിലേക്കുള്ള യാത്രയ്ക്കു വേണ്ടിയാണ് ഒരു കുഞ്ഞു റസ്റ്ററന്റ് തുടങ്ങിയത്. റസ്‌റ്ററന്റ് എന്നൊന്നും പറയാനാകില്ല, ഒരു കുഞ്ഞു ചായക്കട.

pappettans-cafe1

കൊച്ചി പനമ്പിള്ളി നഗറിൽ മനോരമ ഓഫിസിനടുത്തുള്ള ഈ കുഞ്ഞു കഫേയിലേക്ക് ഇപ്പോള്‍ സിനിമക്കാരുടെയും സിനിമയെ ഇഷ്ടപ്പെടുന്നവരുടെയും വായനക്കാരുടെയും ഒഴുക്കാണ്. അതൊരു സിനിമാക്കാരന്‍ തുടങ്ങിയതു കൊണ്ടു മാത്രമല്ല, നമ്മള്‍ നെഞ്ചിലേറ്റിയ രണ്ടു കഥാപാത്രങ്ങളുടെ പ്രണയം മഴയായി ചുവരുകളില്‍ നിറഞ്ഞ്, തൂവാനത്തുമ്പികളായി അവിടെ പാറി നടക്കുന്നതുകൊണ്ടുമാണ്. ആ കഥയുടെ കഥാകാരന്റെ പേരാണ് കഫേക്ക് ഇദ്ദേഹം നല്‍കിയതും- പപ്പേട്ടന്‍സ് കഫേ.

മറ്റുള്ളവരൊക്കെ ഇത്തരം കാര്യങ്ങളൊക്കെയായി എത്തിയത് സിനിമയില്‍നിന്നുള്ള കാശു കൊണ്ടാണെങ്കില്‍ ശബരി എന്ന ഈ കക്ഷി സിനിമ ചെയ്യുന്നതിന്റെ ഭാഗമായി ഒരു യാത്ര പോകാനാണ് കഫേയുമായി എത്തിയത്.

pappettans-cafe

‌‘സിനിമയെന്നു പറഞ്ഞ് ആവശ്യത്തിലധികം വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇനിയെങ്ങനെയാ യാത്രയ്ക്കും കൂടി പൈസ ചോദിക്കുന്നേ. പിന്നെ സിനിമയിലെ കാര്യം അറിയാമല്ലോ. തുടക്കക്കാരുടെ അവസ്ഥ മോശമായിരിക്കും സമ്പാദ്യത്തിന്റെ കാര്യത്തില്‍. ജോലി ഇല്ലെങ്കില്‍ നമ്മുടെ അത്യാവശ്യം കാര്യങ്ങള്‍ക്കു പോലും നന്നേ ബുദ്ധിമുട്ടും. 

പിന്നെ ഒരു ചെറിയ സ്ഥിര വരുമാനം എങ്കിലും വേണ്ട സമയമായെന്നു തോന്നി. അങ്ങനെയാണ് ഞങ്ങള്‍ക്കും വരുന്നവര്‍ക്കും ഉപകാരപ്പെടുന്ന ഒരു കാര്യത്തെക്കുറിച്ചു ചിന്തിച്ചത്. അധികം ആലോചിച്ചു തല പുകയ്ക്കേണ്ടി വന്നില്ല, കഫേ തന്നെ മതി എന്നായി. അന്നേരം ഞങ്ങളുടെ കൂട്ടത്തില്‍ ആരോ ഒരാള്‍ പദ്മരാജന്‍ കഥകള്‍ വായിക്കുകയായിരുന്നു. അങ്ങനെയാണ് ഇന്റീരിയര്‍ എങ്ങനെയാകണം എന്ന ആശയം കിട്ടിയത്. പേരും അവരിലാരോ പറഞ്ഞതാണ്. എല്ലാം വളരെ പെട്ടെന്നായിരുന്നു. യാത്ര പോകാന്‍ പൈസയ്ക്കു വേണ്ടി മാത്രമായിരുന്നില്ല. കൊച്ചിയില്‍ ധാരാളമുണ്ടല്ലോ സിനിമ സ്വപ്നം കണ്ടു നടക്കുന്നവര്‍. മിക്കവര്‍ക്കും ഇഷ്ടം ഇതുപോലെ കട്ടന്‍ചായ ഒക്കെ കഴിച്ചിരുന്നു സംസാരിക്കാന്‍ കഴിയുന്നൊരു ഇടമാണ്. ഞങ്ങള്‍ക്കും അതുതന്നെയാണ് ഇഷ്ടം. അപ്പോള്‍ സ്വന്തമായി ഒരെണ്ണം തുടങ്ങിയാല്‍ വട്ടച്ചെലവിനുള്ള കാശും ഒത്തുകൂടാന്‍ ഒരിടവും ആകും. അങ്ങനെയാണ് ഇങ്ങനെയായത്’ -  ശബരി പറയുന്നു.

pappettans-cafe3

കഫേ തുടങ്ങിയെങ്കിലും പാചകമൊന്നും അറിയില്ല. പക്ഷേ അതിന് ആളെ കണ്ടുപിടിക്കാനൊന്നും ഓടി നടക്കേണ്ടി വന്നില്ല. കക്ഷിയെ സ്വന്തം വീട്ടില്‍നിന്നുതന്നെ പൊക്കി. സ്വന്തം ചിറ്റപ്പന്‍ തന്നെ പ്രധാന പാചകക്കാരനായി. ഇപ്പോള്‍ പുട്ടും ബീഫുമൊക്കെ വിളമ്പി എല്ലാവരുടെയും ചിറ്റപ്പനായി ആള്‍ ഓടി നടപ്പുണ്ട്. ഇവിടെ വരുന്നവരൊക്കെ എന്നെപ്പോലെ അദ്ദേഹത്തെയും ചിറ്റപ്പന്‍ എന്നു തന്നെയാ വിളിക്കുന്നെ. പദ്മരാജന്‍ കഥകളോടും സിനിമകളോടും പണ്ടേ ഭ്രാന്താണ്. തൂവാനത്തുമ്പികളില്‍ മണ്ണാര്‍ത്തൊടി ജയകൃഷ്ണനോടും അദ്ദേഹത്തിന്റെ ക്ലാരയോടും എന്താണു മനസ്സിലെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. വേറൊരു ഫീല്‍ തന്നെയാണ് അദ്ദേഹത്തിന്റെ എഴുത്തിനോടും കഥകളോടും.

pappettans-cafe- പത്മരാജന്റെമകന്‍ അനന്തപത്മനാഭന്‍ പപ്പേട്ടൻസ് കഫേയിൽ

കഫേ തുടങ്ങി അധിക ദിവസം കഴിയും മുന്‍പേ സോഷ്യല്‍ മീഡിയയില്‍ അത്യാവശ്യം പോസറ്റ് ഒക്കെ വന്നുതുടങ്ങി. അങ്ങനെയാണ് പത്മരാജന്‍ സാറിന്റെ മകന്‍ അനന്തപത്മനാഭന്‍ ഇതു കാണുന്നതും അതുവഴി ലാല്‍ ജോസ് സാര്‍ അറിയുന്നതും. അദ്ദേഹം ഇവിടെ വന്നിരുന്നു. എവിടെയാണ് കൃത്യം സ്ഥലം എന്നറിയില്ലായിരുന്നുവെങ്കിലും കണ്ടുപിടിച്ചു വന്നു. അനന്തപത്മനാഭനും വന്നിരുന്നു. സംവിധായകരായ സജിത് ജഗത്‌നന്ദന്‍, സാജിത് യഹിയ, ടോം ഇമ്മട്ടി, നിര്‍മാതാവ് സാന്ദ്രാ തോമസ് അങ്ങനെ കുറേപ്പേര്‍. എന്നെപ്പോലെ സിനിമ സ്വപ്‌നം കാണുന്ന അസിസ്റ്റന്റ് ഡയറക്ടര്‍മാരും സ്ഥിരം വരുന്നുണ്ട്. അവര്‍ക്ക് ഇവിടം ഇഷ്ടമായി എന്നറിയുന്നതാണ് ഏറ്റവും സന്തോഷം. പത്മരാജന്‍ സാറിന്റെ പുസ്തകങ്ങളും ഇവിടെയുണ്ട്. ഇവിടെ അടുത്തുള്ള ആക്ട് ലാബിലെ കുട്ടികളൊക്കെ വരാറുണ്ട്. അവര്‍ പുസ്തകങ്ങളൊക്കെ വായിച്ചിരിക്കും. ഇങ്ങനെയൊരു കഫേ ഉണ്ടായിരുന്നെങ്കില്‍ ഞാനും എന്റെ കൂട്ടുകാരുമൊക്കെ ഇതുതന്നെ ചെയ്യുമായിരുന്നു.

സിനിമയിലേക്ക്...

പത്തനാപുരത്താണ് എന്റെ വീട്. ഒരു സാധാരണ കുടുംബത്തില്‍ ഉണ്ടാകാവുന്ന സിനിമ ഇഷ്ടങ്ങളേ ഞങ്ങളുടെ വീട്ടിലുമുണ്ടായിരുന്നുള്ളൂ. ഞാന്‍ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദേ മാവേലി കൊമ്പത്ത് കാസറ്റ് ഇറങ്ങുന്നത്. കലാഭവന്‍ മണിയൊക്കെ കത്തി നില്‍ക്കുന്ന സമയം. എനിക്കാണെങ്കില്‍ ആ കാസറ്റുകളോടൊക്കെ ഭ്രാന്തായിരുന്നു. എങ്ങനെയെങ്കിലും അവരെയൊക്കെപ്പോലെയാകണം എന്നായിരുന്നു ചിന്ത. വളര്‍ന്നപ്പോഴും അതിനു മാറ്റം വന്നില്ല. അച്ഛന്‍ ഗള്‍ഫിലായിരുന്നു. അമ്മ അങ്കണവാടി ടീച്ചറും. അതുകൊണ്ട് എനിക്കീ രണ്ടു കാര്യങ്ങളോടും വലിയ താല്‍പര്യമില്ലായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ടിടിസിക്ക് വിട്ടു. പൊളിച്ചു നടന്ന പ്ലസ്ടുവിനു ശേഷം ടിടിസിക്ക് പോയതോടെ കൂട്ടിലടച്ച കിളിയായി. ഉത്സവപ്പറമ്പില്‍ ഐസ്‌ക്രീമൊക്കെ നുണഞ്ഞു നടന്ന എന്നെ വഴിയില്‍ വച്ച് പിള്ളേരൊക്കെ സാറേ എന്നു വിളിച്ചതോടെ സത്യത്തില്‍ കരച്ചിലാണു വന്നത്. അവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നാലോചിച്ചപ്പോഴാണ് പണ്ടേ പോകില്ലെന്നുറപ്പിച്ച ഗള്‍ഫിലേക്ക് വീട്ടുകാർ കെട്ടുകെട്ടിച്ചത്. അപ്പോഴും സിനിമയിലെത്തണം എന്നേയുണ്ടായിരുന്നുള്ളൂ. ക്വാളിറ്റി കണ്‍ട്രോളര്‍ എന്നൊരു കോഴ്‌സ് ഞാന്‍ കഴിഞ്ഞിരുന്നു. അതുവച്ച് ഗള്‍ഫില്‍ ജോലി ശരിയായെങ്കിലും അതിനു നിന്നാല്‍ സിനിമ പറ്റില്ല എന്നറിയാവുന്നതു കൊണ്ട് ജോലി കിട്ടിയില്ലെന്നു പറഞ്ഞ് നാട്ടിലേക്കു പോന്നു. എന്നാലും വീട്ടുകാർ വിടാനുള്ള ഉദ്ദേശ്യമില്ലായിരുന്നു. വീണ്ടും ജോലിയുമായി വിശാഖപട്ടണത്തേക്ക്. എന്തായാലും അവിടെനിന്നു മൂന്നു കിടിലന്‍ കൂട്ടുകാരെ കിട്ടി. അവരോടൊപ്പം ചേര്‍ന്നാണ് ഈ കഫേ തുടങ്ങിയത്.

നാട്ടിലെത്തി സിനിമാ സ്വപ്‌നവുമായി നടക്കുമ്പോഴാണ് ഒരു ആര്‍ട് ഡയറക്ടറെ പരിചയപ്പെടുന്നത്. അദ്ദേഹം വഴി മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെത്തി. അവിടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടൊന്നുമല്ല പോയത്. പക്ഷേ എന്തു ചെയ്താലും ഹാപ്പിയായി ചെയ്യുകയെന്ന ഉദ്ദേശ്യമുള്ളതു കൊണ്ട് സെറ്റില്‍ സഹായിയായി മൂന്നൂ ദിവസം ഓടി നടന്നു. കാര്യങ്ങളൊക്കെ ജസ്റ്റ് കാണണം എന്ന ഉദ്ദേശ്യമുണ്ടായിരുന്നുള്ളൂ. അങ്ങനെയൊരു ദിവസമാണ് അതിന്റെ സംവിധായകന്‍ എന്നോട് ഏതോ ഒരാളെ വിളിക്കാന്‍ പറയുന്നത്, ഞാന്‍ ആരാണെന്നു പറയണം എന്നു ചോദിച്ചപ്പോള്‍, അസിസ്റ്റന്റ് ഡയറക്ടറാണ് എന്നു പറഞ്ഞോളാന്‍ പറഞ്ഞു. അതു കേട്ടതോടെ എന്റെ കിളി പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. കോള്‍ കട്ട് ചെയ്ത് ഞാന്‍ പതിയെ അദ്ദേഹത്തിന്റെ അടുത്തെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചു, എന്റെ ഉദ്ദേശ്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു,  സെറ്റില്‍ നീ ഓടി നടക്കുന്നതു കണ്ടപ്പോഴേ എനിക്കു മനസ്സിലായി. നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ അസിസ്റ്റ് ചെയ്‌തോ എന്ന്. അങ്ങനെയാണ് ഞാന്‍ അസിസ്റ്റന്‍് ഡയറക്ടറാകുന്നത്. ആ സിനിമയിലെ അഭിനയത്തിന് ജോബി ചേട്ടനു പ്രത്യേക ജൂറി പരാമര്‍ശം കിട്ടിയിരുന്നു.

pappettans-cafe2 സാജിദ് യാഹിയും സാന്ദ്ര തോമസും ശബരിയ്ക്കൊപ്പം പപ്പേട്ടൻസ് കഫേയിൽ

ആ സിനിമയില്‍ സൈജു കുറുപ്പ് അഭിനയിച്ചിരുന്നു. അദ്ദേഹമാണ് എന്നോടു പറയുന്നത്, സിനിമയാണു താല്‍പര്യമെങ്കിൽ എറണാകുളത്തേക്കു പോര് എന്ന്. അദ്ദേഹം അന്നു രണ്ടു നമ്പറുകളും തന്നു, സാജിദ് യഹിയയുടേയും മിഥുന്‍ മാനുവല്‍ തോമസിന്റെയും. അങ്ങനെയാണ് എന്റെ സിനിമ സ്വപ്‌നം വളര്‍ന്നു തുടങ്ങിയത്. ഓറഞ്ച് വാലിയാണ് രണ്ടാമത് അസിസ്റ്റ് ചെയ്ത ചിത്രം. 2019 ല്‍ സ്വന്തമായി ഒരു സിനിമ ചെയ്യണം എന്നാണു ലക്ഷ്യം. അതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍. അതിനൊരു വടക്കേ ഇന്ത്യന്‍ യാത്ര അത്യാവശ്യമാണ്. അതിനുള്ള പണമാണ് കഫേയിലൂടെ നേടാന്‍ നോക്കുന്നത്. എന്നും കഫേ ഒപ്പമുണ്ടാകും. കാരണം, കഫേകളും ഈ കഥാകാരനും എനിക്ക് അത്രമാത്രം ഇഷ്ടമാണ്. കഫേയില്‍ പത്മരാജന്‍ സാറിന്റെ ഒരുപടം വരപ്പിച്ചിട്ടുണ്ട്. അതിനു താഴെയുള്ള വാചകം ഇതാണ്, ‘ഓര്‍മകളായി മാറുമ്പോഴല്ലേ, എന്തിനും ചന്തം കൂടുക’. അതുപോലെ ഓര്‍മകളുടെ കൂടാരമാണ് ഞങ്ങളുടെ കഫേയും. അതിനുള്ളില്‍ ഇരിക്കുമ്പോള്‍ ആഗ്രഹങ്ങള്‍ക്കു ചന്തവും ഊര്‍ജവും കൂടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.