കുഞ്ഞിക്കലത്തപ്പവും പണ്ടവും പിന്നെ കൃതയും!

ആചാരത്തിൽ, സംസ്കാരത്തിൽ, വിശ്വാസത്തിൽ, ഭാഷയിൽ... എല്ലാറ്റിലും തികച്ചും വ്യത്യസ്തമാണ് മലബാർ. ഈ നാട്ടിലെ ഓരോ പുഴ കടക്കുമ്പോഴും അവിടത്തെ ഭാഷയും രുചിയും വിശ്വാസവും മാറുന്നതു കാണാം. അത്രയേറെ വൈവിധ്യമാണ് മലബാറിന്റെ മണ്ണിൽ‍ ഒളിച്ചിരിക്കുന്നത്. ഉദാഹരണമായി കോഴിക്കോട്ടെ പുയ്യാപ്ല സൽക്കാരം വടക്കോട്ടു ചെല്ലുന്തോറും തക്കാരമായി മാറുന്നു.

കല്യാണം, പേരിടൽ, കാതുകുത്ത് തുടങ്ങി ആഘോഷിക്കാവുന്ന ഒരവസരവും മലബാറുകാർ വെറുതേ വിടാറില്ല. ഗർഭിണിയായ മരുമകളുടെ ‘പള്ള കാണൽ’ ചടങ്ങിനുപോലും വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കണം. ഗർഭകാലത്തെ വിരുന്നുകൾ മലബാറിൽ എല്ലായിടത്തുമുണ്ടെങ്കിലും വിഭവങ്ങളുടെ പേരുകളിൽ മാത്രം നേരിയ വ്യത്യാസം കാണാറുണ്ട്.

ഏഴാംമാസത്തിൽ ഭർത്താവിന്റെ വീട്ടിലേക്ക് കൊടുത്തയക്കാനായി തലശ്ശേരി പ്രദേശത്ത് ഉണ്ടാക്കുന്ന വിഭവങ്ങളാണ് കുഞ്ഞിക്കലത്തപ്പവും പണ്ടവും. നെയ്ച്ചോർ ഉണ്ടാക്കാനുള്ള അരി, പച്ചരി എന്നിവ ചേർത്ത് പഞ്ചസാരയും കൂട്ടി അരച്ചെടുക്കുന്നു. ഇത് എണ്ണയിൽ പൊരിച്ചെടുത്താണ് കുഞ്ഞിക്കലത്തപ്പം ഉണ്ടാക്കുന്നത്.

എന്നാൽ കോഴിക്കോടിനു തെക്ക് കുറ്റിച്ചിറ പ്രദേശത്ത്് ഇതേ വിഭവത്തിനു മറ്റൊരു പേരാണ് വിളിക്കുക: ‘കൃത’! കുഞ്ഞിക്കലത്തപ്പത്തിനു തൊട്ടുകൂട്ടാനുണ്ടാക്കുന്ന വിഭവമാണ് പണ്ടം. ഫില്ലിങ് എന്ന അർഥത്തിലാണ് പണ്ടം എന്ന വാക്ക് മലബാറിൽ പലപ്പോഴും ഉപയോഗിക്കാറുള്ളത്. കടലപ്പരിപ്പ്, തേങ്ങ, പഞ്ചസാര, ഏലക്കാപ്പൊടി എന്നിവ ചേർത്താണ് പണ്ടമുണ്ടാക്കുന്നത്.പണ്ടം നോക്കിയാൽ കുട്ടി ആണാണോ, പെണ്ണാണോ എന്നറിയാം എന്നൊരു വിശ്വാസം പഴയകാലത്ത് ഉമ്മൂമ്മമാർക്കുണ്ടായിരുന്നു. പറ്റിപ്പിടിച്ചിരിക്കുന്ന പണ്ടമാണെങ്കിൽ പെൺകുട്ടിയായിരിക്കുമെന്നാണ് പഴമക്കാരുടെ പായാരം പറച്ചിൽ.