അല്ല... ഞങ്ങളുടെ അവിയൽ ഇങ്ങനെയല്ല!

പടമെടുക്കാൻ വിഭവങ്ങൾക്കു ഭംഗി വേണം, ആകെ കുഴഞ്ഞിരുന്നാൽ പോര. അങ്ങനെ കുറച്ച് ഫൊട്ടോജെനിക് ആയി മലയാളിയുടെ സ്വന്തം അവിയലിന്റെ പടമെടുത്തതാണ്. പക്ഷേ കേരള ടൂറിസത്തിന്റെ ട്വിറ്റർ പേജിൽ വന്ന പടം അവിയൽ പ്രേമികൾക്കു തീരെ പിടിച്ചില്ല. ഛായ്, ഇതോ അവിയൽ, പച്ചക്കറികൾ വെന്തിട്ടില്ലെന്നു കണ്ടാലറിയാവുന്ന ഇത്തരം അവിയലുണ്ടാക്കിയാൽ നാക്കിൽ വയ്ക്കാൻ കൊള്ളാമോ എന്നൊക്കെയായി വായനക്കാർ. ഇത്തരം അവിയലുണ്ടാക്കിയാൽ പങ്കാളിയെ വിവാഹമോചനം നടത്തിയതു തന്നെ എന്നു വരെ ട്വീറ്റ് ഇറങ്ങി.

പടത്തിനു കൊടുത്ത അടിക്കുറിപ്പും അവിയൽ പ്രേമികൾക്കു പിടിച്ചില്ല. പ്രശസ്ത വിഭവമായ അവിയൽ വേറൊന്നുമല്ല, തേങ്ങാപ്പീരയിൽ പൊതിഞ്ഞ നാടൻ പച്ചക്കറികൾ മാത്രം എന്ന അടിക്കുറിപ്പ് അവിയലിനെ ഇടിച്ചു താഴ്ത്തുന്നതല്ലേ – വീഞ്ഞ് എന്നാൽ വെറും മുന്തിരിച്ചാറും യീസ്റ്റും മാത്രം എന്നു പറയുംപോലല്ലേ ഇതും എന്നു ചോദ്യമുണ്ടായി. 

എൻ. എസ് മാധവൻ, അനിത നായർ, മീന കന്ദസ്വാമി, ജയശ്രീ മിശ്ര...അവിയലിനൊരു ഗ്ലാനി വന്നെന്നു തോന്നിയപ്പോൾ ചങ്കിൽക്കൊണ്ടവരേറെയാണ്. പരസ്യ പരിപാടി ആകെ അവിയൽ പരുവമായിപ്പോയ കേരള ടൂറിസം വീണതു വിദ്യയാക്കി. അവിയൽ പടങ്ങൾ ജനങ്ങളിൽ നിന്നു ക്ഷണിച്ചു. പ്രഫഷണൽ പടങ്ങളുടെ മനോഹാരിത ഇല്ലെങ്കിലും കേരളത്തിൽ എന്തെല്ലാം തരം അവിയിലുകളുണ്ടാക്കുന്നുണ്ടെന്നതിനൊരു പ്രദർശനവുമായി അവിയൽ പടങ്ങൾ!

  അവിയൽ ചെറിയ കളിയല്ല 

എൻ. എസ് മാധവൻ

ഭക്ഷണം ഉണർത്തുന്ന വികാരങ്ങളെപ്പറ്റി സമകാലിക ഇന്ത്യയിൽ അധികം വിശദീകരണം ആവശ്യമില്ല. കാര്യങ്ങൾ അങ്ങനെയിരിക്കുമ്പോഴാണ് കേരള വിനോദ സഞ്ചാരവകുപ്പ് അവിയൽ എന്ന പേരിൽ വിചിത്രമായ ഒരു ഭക്ഷണത്തിന്റെ പടം ട്വീറ്റ് ചെയ്യുന്നത്. ‘അവിയൽ വികാരം’ വ്രണപ്പെട്ട ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ വലിയ പുകിലുണ്ടാക്കി.

ഇന്ത്യയിലെ ഭക്ഷണ ചരിത്രകാരന്മാരുടെ കുലപതിയായ അന്തരിച്ച കെ.ടി. അചയയുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ മനസ്സിലാകുന്നത്, എതെങ്കിലും ഒരു ദേശത്തിനു തനതു വിഭവങ്ങൾ എന്നു പറയാവുന്നത് അതിവിരളമാണ്. ഭക്ഷണവും രുചികളും വളരെ ദൂരം താണ്ടിയാണു തീൻമേശകളിൽ എത്തുന്നത്. ഉദാഹരണത്തിന് തനിനാടൻ എന്നു നാം കരുതുന്ന പുട്ട് എതാണ്ട് അതേ പേരിൽ ഫിലിപ്പീൻസിലും ഉണ്ട്. 

എന്നാൽ, അവിയൽ അതുപോലെയല്ല. മലയാളിയുടെ ഭക്ഷണപൈതൃകത്തിന്റെ ഭാഗമായ അപൂർവം ചില വിഭവങ്ങളിൽ ഒന്നാണത്. കേരള സർവകലാശാലയുടെ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ‘ടി-166 ബി’ എന്നു നമ്പറിട്ട ‘പലവകപ്പാട്ടുകൾ’ എന്ന ഗ്രന്ഥത്തിൽ, അവിയലിന്റെ ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പഴയ പാചകക്കുറിപ്പു കാണാം. നേന്ത്രക്കായ, ചക്കയുടെ ചുളയും കുരുവും, കാച്ചിൽ, കോവയ്‌ക്ക, വഴുതനങ്ങ, കൂർക്ക, ഇളവൻ തുടങ്ങിയ നാടൻ പച്ചക്കറികൾ നുറുക്കിയാണ് അവിയൽ ഉണ്ടാക്കിയിരുന്നത്. ഇവ, ‘വേറെ കഴുകിയൊരുമിച്ചൊരുരുളിയിൽ / ഒന്നിച്ചുചേർത്ത് മുളകോടു മഞ്ഞളും തേങ്ങയും കൂട്ടിത്തിരുമ്മിയൊരുപോലെ / ഉപ്പും പാലും പതം ചേർത്തടുപ്പേറ്റീട്ട്...’ അങ്ങനെ പോകുന്നു, പഴയ കാലത്തെ അവിയൽ പാചകം.

ആധുനിക കാലത്തെ ക്ലാസിക് അവിയൽ കുറിപ്പായി ഞാൻ സൂക്ഷിച്ചുവച്ചിരിക്കുന്നത്, പാചകവിദഗ്ധനായ അന്തരിച്ച അനന്തരാമൻ ഒരു പഴയ മനോരമ ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചതാണ്. ആദ്യം ചേന നീളത്തിൽ മുറിച്ച് ഒരു പാത്രത്തിൽ വെള്ളത്തിലിടുക. പിന്നെ മുരിങ്ങയ്ക്ക, പടവലങ്ങ തുടങ്ങിയവ മറ്റൊരു പാത്രത്തിൽ വെള്ളത്തിലിടുക. മൂന്നാമതൊരു പാത്രത്തിൽ നേന്ത്രക്കായ വെള്ളത്തിലിടുക. എന്നാൽ, പച്ചമാങ്ങ വെറുതെ പാത്രത്തിൽ വച്ചാൽ മതി...’ പറഞ്ഞുവരുന്നത് അവിയൽ ഒരു ചെറിയ കളി അല്ലെന്നാണ്.