ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്നത് ചായയോ?

ചിത്രം : റിജോ ജോസഫ്

ഇന്നു ലോക ചായ ദിനം. തേയിലത്തൊഴിലാളികളെക്കുറിച്ചും ചായ വ്യാപാരത്തെക്കുറിച്ചും രാജ്യാന്തരതലത്തിൽ ഓർമിക്കുന്ന ദിനം. 

ബുദ്ധൻ നൽകിയ ചായ 

ബുദ്ധദേവൻ ഒരു നീണ്ട തീർഥാടനത്തിലായിരുന്നു. വരുന്ന ഒൻപതു വർഷവും വിശ്രമിക്കാതെ ധ്യാനിക്കുമെന്ന പ്രതിജ്ഞയെടുത്തൊരു യാത്ര. എന്നാൽ വഴിയിൽ എവിടെയോ വച്ച് കുറച്ചു സമയം അദ്ദേഹം ഉറങ്ങിപ്പോയി. ഞെട്ടിയുണർന്ന അദ്ദേഹത്തിന് തന്റെ ശപഥം തെറ്റിയതിൽ അതിയായ ദേഷ്യവും നിരാശയും തോന്നി. ക്രോധത്തോടെ അദ്ദേഹം തന്റെ കൺപോളകൾ പിഴുതു മണ്ണിലേക്ക് എറിഞ്ഞു. പെട്ടെന്ന് അവിടെ ഉടനെ ഒരു ചെടി മുളച്ചുപൊങ്ങി. കൺപോളകളുടെ ആകൃതിയിലുള്ള ഇലകളോടെയുള്ള ചെടി. അതിൽ നിന്ന് ഒരു ഇല അടർത്തി ഭക്ഷിച്ച അദ്ദേഹത്തിന്റെ ക്ഷീണം മാറി. വീണ്ടും യാത്ര തുടരുകയും ചെയ്തു. 

ആദ്യത്തെ തേയിലച്ചെടിയുടെ ഉദ്ഭവത്തെക്കുറിച്ചു പ്രചരിക്കുന്ന കഥകളിൽ ഒന്നാണ് ഇത്. ഇന്ത്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇതുപോലെ ഒട്ടേറെ കഥകൾ ചായയുടെ ഉദ്ഭവത്തെപ്പറ്റിയുണ്ട്. സംസ്കാരങ്ങളുമായി ചായ പോലെ ഇഴകിച്ചേർന്ന മറ്റൊരു പാനീയമില്ല. 

ലോകത്ത് ഏറ്റവുമധികം ആളുകൾ കുടിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ. ആദ്യത്തേത് ഏതെന്ന് അറിയണോ? പച്ചവെള്ളം. ചായയുടെ മഹത്വം ചെന്നെത്താത്ത നാടുകൾ ഇല്ല. റ്റീ, ഷായ്, ചായ്, തീ, ടിയോ, റ്റായ, ഹെർബറ്റോ എന്നൊക്കെ നമ്മുടെ പാവം ചായയ്ക്കു വിവിധ രാജ്യങ്ങളിൽ പേരുണ്ട്.  ബ്ലാക്ക് ടീ, ഗ്രീൻ ടീ, ഊലോങ് ടീ(ചൈനീസ്), വൈറ്റ് ടീ, ഫെർമന്റഡ് ടീ, യെല്ലോ ടീ എന്നിങ്ങനെ വിവിധതരം ചായകളുണ്ട്. ചായകുടി ഉത്സവങ്ങളും പ്രശസ്തമാണ്. അസം ടീ ഫെസ്റ്റിവൽ, സിഡ്നി (ഓസ്ട്രേലിയ) ടീ ഫെസ്റ്റിവൽ, ടൊറൊന്റോ (കാനഡ) ടീ ഫെസ്റ്റിവൽ, സിലോൺ (ശ്രീലങ്ക) ടീ ഫെസ്റ്റിവൽ, ബെംഗളൂരു ടീ ഫെസ്റ്റിവൽ തുടങ്ങിയവ ചിലതു മാത്രം. 

മൂന്നാറിൽ നിന്നൊരു കാഴ്ച. ചിത്രം : റിജോ ജോസഫ്

ചായ ഉത്പാദനത്തിൽ ചൈനയാണ് കാലങ്ങളായി ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിൽ ഇന്ത്യ. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അന്നത്തെ വിലകൂടിയ ഉത്പന്നമായിരുന്ന ചായയോടു തോന്നിയ ആർത്തിയാണ് ഇന്ത്യയിൽ ചായ വ്യവസായത്തിനു വളമായത്. ചൈനയുടെ വ്യാപാരത്തെ കടത്തിവെട്ടാൻ വില കുറഞ്ഞ ലഹരിച്ചെടിയായ കറുപ്പ് ബ്രിട്ടിഷുകാർ ഇന്ത്യയിൽ നട്ടു വളർത്തി ചായയോടൊപ്പം കയറ്റുമതി ചെയ്ത കഥയും ചരിത്രം പറയും.

യാത്ര മൂന്നാറിലേക്കാണോ? എങ്കിൽ വെറൈറ്റി കട്ടൻ ചായകളുമായി ടീ കപ്സ്! 

അരവിന്ദ് ബാല

ചിത്രം: അരവിന്ദ് ബാല

അടിമാലി–മൂന്നാർ റൂട്ടിൽ ഇരുട്ടുകാനത്താണു ടീ കപ്സ് കട്ടൻചായക്കട. 

ഒന്നും രണ്ടുമല്ല, 60 തരത്തിലുള്ള കട്ടൻ ചായകൾ ഇവിടെയുണ്ട്. ടി.എസ്.മേഘാനന്ദ്, എൽദോസ് സക്കറിയ, എം.ജി.രജീഷ് എന്നിവരുടെ തലയിൽ ഉദിച്ചതാണ് ഈ ആശയം. ഇവർ സ്വന്തമായി വികസിപ്പിച്ചെടുത്ത പഴക്കൂട്ട്, ഔഷധക്കൂട്ട്, സുഗന്ധ വ്യഞ്ജനക്കൂട്ടു ചായകളാണ് ഇവിടെയുള്ളത്. 10 മുതൽ 200 രൂപ വരെയാണു വില. വിലയേറിയ വൈറ്റ് ടീയും ഇവിടെ രുചിക്കാം. 

എന്തും ചായയാണ് ! 

ആപ്പിൾ ടീ, തണ്ണിമത്തൻ ടീ, ഓറഞ്ച് ടീ, പാഷൻ ഫ്രൂട്ട് ടീ, മുന്തിരി ടീ, പൈനാപ്പിൾ ടീ... എന്നിങ്ങനെ നീളുന്നു പഴക്കൂട്ടു ചേർന്ന ചായനിര. 

ചെമ്പരത്തി ടീ, തുളസി ടീ, പേരയില ടീ, മുരിങ്ങയില ടീ, മിന്റ് ടീ... എന്നിങ്ങനെ ഇലയും പൂക്കളും ചേർന്ന ഒൗഷധഗുണമുള്ള ചായകൾ.