ഓറഞ്ചു സിറപ്പിൽ വാഴപ്പഴം പാൻകേക്ക് 

പാൻകേക്ക് ഒരു യൂറോപ്പ്യൻ/ ഫ്രഞ്ച് പ്രഭാത ഭക്ഷണമാണ്. ഇതിന്റെ ചേരുവകളെല്ലാം വിറ്റമിൻ നിറഞ്ഞതായതുകൊണ്ടു ദിവസം മുഴുവൻ പ്രസരിപ്പോടെ ഇരിക്കുവാൻ സഹായിക്കുന്നു. വളരെ മനോഹരം ആയതുകൊണ്ടും സ്വാദുള്ളതുകൊണ്ടും കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപ്പെടും. 

പാൻകേക്ക് എന്ന് പറയുന്നത് ഓൾ പർപ്പസ് ഫ്ലോർ, മുട്ട, പാൽ, വെണ്ണ മുതലായവ ചേർത്ത ചെറിയ അപ്പത്തിനാണ്. ഫൈബറും കലോറിയും അടങ്ങിയ പഴങ്ങൾ, ഓട്സ് എന്നിവ ചേർത്തതുകൊണ്ട് പാൻ കേക്ക് നല്ലൊരു പ്രഭാത ഭക്ഷണമാണ്. അതുകൊണ്ട് കഴിക്കുന്ന ആളുകളുടെ ഇഷ്ടം അനുസരിച്ചു പല രീതിയിലും പാൻകേക്ക് ഉണ്ടാക്കാവുന്നതാണ് . ഞാൻ ഇന്ന് ഉണ്ടാക്കുന്നതു വാഴപ്പഴം, ഓട്സ്, ബ്ലൂ ബെറി, പ്രത്യേകം തയാറാക്കിയ ഓറഞ്ച് സിറപ്  എന്നിവ ചേർത്ത പാൻകേക്ക് ആണ്. താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ കൊണ്ട് എട്ടു പാൻ കേക്ക് ഉണ്ടാക്കാവുന്നതാണ്. 

ഓറഞ്ച് സിറപ്പ് തയാറാക്കാൻ ആവശ്യമായ ചേരുവകള്‍

ഓറഞ്ച് ജ്യൂസ് – 2 ഗ്ലാസ്
പഞ്ചസാര (ആവശ്യമെങ്കിൽ) – 2 ടേബിൾ സ്പൂൺ
കോൺ സ്റ്റാർച് – 1 ടേബിൾ സ്പൂൺ

ഓറഞ്ച് സിറപ്പ് - തയാറാക്കുന്ന വിധം 

2 ഗ്ലാസ് ഓറഞ്ച് ജ്യൂസ് മുക്കാൽ ഭാഗം ആകുന്നത് വരെ തിളപ്പിക്കുക. വെള്ളത്തിൽ കലക്കിയ കോൺ സ്റ്റാർച്ച്, പഞ്ചസാര എന്നിവ ഇതിനോട് ചേർത്ത് ഇടത്തരം കട്ടി ആകുന്നത് വരെ തുടർച്ചയായി ഇളക്കുക. അടുപ്പിൽ നിന്ന് വാങ്ങി വെച്ചിട്ടു ചെറുതായി തണുപ്പിക്കുക. അലിയാതെ കിടക്കുന്ന  ചെറിയ കഷണങ്ങൾ ഒഴിവാക്കാൻ അരിച്ചു എടുക്കുക. 

പാൻകേക്ക്  - ആവശ്യമായ ചേരുവകള്‍

ഓൾ പർപ്പസ് ഫ്ലോർ – 1 കപ്പ് 
ഓട്സ് പൊടിച്ചെടുത്തത് – 1/2 കപ്പ്
പഞ്ചസാര  (ആവശ്യമെങ്കിൽ) – 1 ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ – 2 നുള്ള്
ഉപ്പ് (പഞ്ചസാര സമീകരിക്കുന്നതിനും പാൻകേക്കിലെ സ്വാദ് വർദ്ധിപ്പിക്കാനും) – 1 നുള്ള്
ഉരുകിയ ബട്ടർ – 1 ടേബിൾ സ്പൂൺ
മുട്ട – 1
വാഴപ്പഴം – 3
ബ്ലൂ ബെറി (ആവശ്യത്തിന്) 
വാനില എക്സ്ട്രാക്റ്റ് (ആവശ്യത്തിന്) 
പാൽ – 2 കപ്പ്

പാൻകേക്ക് - തയാറാക്കുന്ന വിധം

ഓൾ പർപ്പസ് ഫ്ലോർ, ഓട്സ്, പഞ്ചസാര, ബേക്കിംഗ് പൗഡർ, ഉപ്പ് തുടങ്ങിയവ ഒരു പാത്രത്തിൽ ഇളക്കി എടുക്കുക.  അതിനു ശേഷം പാൽ, മുട്ട, ഉരുകിയ വെണ്ണ, വാനില എക്സ്ട്രാക്റ്റ് എന്നിവ നല്ലതായി ഇളക്കി പതിപ്പിച്ചതിനു ശേഷം ആദ്യത്തെ പൊടികളുമായി കുറച്ചു കുറച്ചു ചേർത്ത് ചെറിയ കട്ടകൾ ഇല്ലാതെ ഫോർക്ക് കൊണ്ട്  നല്ലതായി ഇളക്കുക. കൂടുതൽ ഇളക്കുന്നത് പാൻകേക്കിനു കൂടുതൽ കട്ടി വരുന്നതിനു ഇടയാക്കും. ബേക്കിംഗ് പൗഡറും മുട്ടയും ആണ് പാൻകേക്കിന് മൃദുത്വം കൊടുക്കുന്നത്. 

അതിനു ശേഷം ഈ മാവ് ഇടത്തരം തീയിൽ ചൂടാക്കി നെയ് പുരട്ടിയ നോൺ സ്റ്റിക് പാനിൽ ഒഴിച്ചു ചെറിയ ദോശ വലിപ്പത്തിൽ നിരത്തുക. ചെറിയ കുമിളകൾ വരുമ്പോൾ തീ കുറച്ചതിനു ശേഷം ഉടൻതന്നെ മുകളിൽ വാഴപ്പഴം വട്ടത്തിൽ കട്ടികുറച്ച് മുറിച്ചത് നിരത്തുക. ഇതിനെ ഒരു അടപ്പു കൊണ്ട്‌ കുറച്ചു സമയം മൂടി വെയ്ക്കുക. പാൻകേക്കിന്റെ സൈഡ് വെന്താൽ ഉടനെ അതിനെ ഒരു ചട്ടുകം കൊണ്ട്‌ ഉയർത്തിപ്പിടിച്ചിട്ടു കുറച്ച് പഞ്ചസാര ചട്ടിയിൽ വിതറുക. ഉടൻ തന്നെ വാഴപ്പഴം വരുന്ന സൈഡ് തഴെ വരുന്നത് പോലെ തിരിച്ച് ഇടുക. നല്ലതായി വേവുന്നതിനു വേണ്ടി കുറച്ചു വെണ്ണ ചേർക്കാം. കുറച്ചു സമയം പഞ്ചസാരയിൽ കിടന്നു വെന്തതിനു ശേഷം സ്പൂൺ കൊണ്ട്‌ എടുക്കുന്നതിന് പകരം, ചട്ടിക്ക് മുകളിൽ പ്ലേറ്റ് വെച്ചിട്ടു ചട്ടി തിരിച്ചു പാൻകേക്ക്  എടുക്കുന്നതാണ് നല്ലത്. 

ഈ പാൻകേക്കിനു മുകളിൽ തയാറാക്കിവെച്ചിരിക്കുന്ന ഓറഞ്ച് സിറപ്പ്, ബ്ലൂ ബെറി, പൊടിച്ച പഞ്ചസാര എന്നിവ കൊണ്ട് അലങ്കരിക്കുക. 

മുകളിൽ കൊടുത്ത ചേരുവകൾക്കു പകരം വേറെ പഴങ്ങളും തേനും ഉപയോഗിച്ചും ഉണ്ടാക്കാവുന്നതാണ്.