ചിക്കൻ ലിവർ ഫ്രൈയും ടുമാറ്റോ മസാല റൈസും

തക്കാളിചോറിനൊപ്പം ചിക്കൻ ലിവർ ഫ്രൈയുടെ രുചിക്കൂട്ട് പരീക്ഷിച്ചു നോക്കിയാലോ? വീക്കെൻഡ് ആഘോഷമാക്കാൻ പറ്റിയൊരു വിഭവമാണിത്.

ചേരുവകൾ 

ചിക്കൻ ലിവർ – 500 ഗ്രാം
മഞ്ഞൾപ്പൊടി– 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന് 
കറിവേപ്പില - ആവശ്യത്തിന്
പച്ചമുളക് - 2
കശുവണ്ടിപ്പരിപ്പ്  

പാചകരീതി

ചിക്കൻ ലിവറിലേക്ക്‌  മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു എണ്ണ ഒഴിച്ച് ചൂട് ആയിട്ട്‌ അതിലേക്ക്  കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും ഇട്ട്‌ വറുത്ത്‌ കോരി മാറ്റി വെയ്ക്കുക. ഈ എണ്ണയിലേക്ക്‌ പച്ചമുളകിട്ട് ഒന്നു ഫ്രൈ ചെയ്യുക. ഇതിലേക്ക് മാരിനേറ്റ് ചെയ്ത ലിവർ ചേർത്ത് മീഡിയം ഫ്ലെയ്മിൽ നന്നായി ഡ്രൈ ഫ്രൈ ചെയ്ത് എടുക്കുക.  ഫ്രൈ ചെയ്തു വച്ചിരിക്കുന്ന കശുവണ്ടിപ്പരിപ്പും കറിവേപ്പിലയും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

ടുമാറ്റോ മസാല റൈസ് തയാറാക്കാൻ ആവശ്യമായ ചേരുവകൾ

തക്കാളി – ഒരു തക്കാളിയുടെ പകുതി
കടുക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – ആവശ്യത്തിന്
മുളകുപൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

ബസ്മതി റൈസ് തിളപ്പിച്ച് മാറ്റി വയ്ക്കുക. ഒരു പാൻ മീഡിയം തീയിൽ ചൂടാക്കി എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന തക്കാളിയും കറിവേപ്പിലയും ഇടുക. മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയിട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് തിളപ്പിച്ചു വാർത്തു വച്ചിരിക്കുന്ന റൈസ് ചേർത്ത് ഇളക്കി മൂടുക. കറിവേപ്പില ചേർത്തു അലങ്കരിച്ച് വിളമ്പാം.