പച്ചമുളകിന്റെ രുചിയിൽ നെല്ലിക്ക അച്ചാർ

ഊണിനും കഞ്ഞിക്കും അച്ചാർ ബെസ്റ്റ് കോമ്പിനേഷനാണ്. മാങ്ങയായാലും നാരങ്ങയായാലും നെല്ലിക്കയായാലും കിടുവാണ്. വെളുത്തുള്ളിയുടെ രുചി നിറച്ച് ചുവന്ന നിറത്തിൽ പിരട്ടിയെടുക്കുന്ന രുചിയൂറും തൊടുകറിയാണ് അച്ചാര്‍. അതിൽ നിന്നും വ്യത്യസ്തമായി പച്ചമുളകിന്റെ രുചിയിൽ നെല്ലിക്ക അച്ചാർ എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

നെല്ലിക്ക – 250 ഗ്രാം
വെളുത്തുള്ളി – 2 സ്പൂൺ
പച്ചമുളക് – 1 സ്പൂൺ (വട്ടത്തിൽ അരിഞ്ഞത്)
ഇഞ്ചി – 1 സ്പൂൺ (പൊടിയായി അരിഞ്ഞത്)
എണ്ണ – 2 വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ സ്പൂൺ (ചെറിയ കളറിനുവേണ്ടി മാത്രം)
ഉപ്പ് – ആവശ്യത്തിന്
വിന്നാഗിരി – 1 വലിയ സ്പൂൺ
കായപ്പൊടി – 1 സ്പൂൺ
ഉലുവ പൊടി – 1/2 സ്പൂൺ
കറിവേപ്പില – 1 തണ്ട്
കടുക് – 1 ചെറിയ സ്പൂൺ
മുളക് – 2 (ഞെട്ടോടുകൂടി)

പാകം ചെയ്യുന്ന വിധം

നെല്ലിക്ക കഷണങ്ങളായി അടർത്തിയെടുക്കുക. ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് 2 മണിക്കൂർ വയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റുക. കറിവേപ്പില ഇടുക. ഇതിലേക്ക് അടർത്തി ഉപ്പിട്ടു വച്ച നെല്ലിക്ക ഇട്ട് അല്പനേരം വഴറ്റുക. പച്ചപ്പു മാറുന്നതു വരെ വഴറ്റണം. അതിലേക്ക് കായപ്പൊടി, ഉലുവപ്പൊടി ഇടണം. വിന്നാഗിരി ഒഴിച്ച് ചൂടായശേഷം ഇറക്കി വയ്ക്കണം. തണുത്ത ശേഷം കുപ്പിയിലേക്കു മാറ്റാം.