ചട്നിയുടെയും ബീഫിന്റെയും അടിപൊളി കോംബോ: ബക്കറ്റ് ഫില്ലിങ്...

ചട്നിയുടെയും ബീഫിന്റെയും അടിപൊളി കോംബോയാണ് ബക്കറ്റ് ഫില്ലിങ്...

ആവശ്യമുള്ളവ
മൈദ - ഒരു കപ്പ്
ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ച് മിക്സ് ചെയ്ത ബീഫ് - ഒരു കപ്പ്
സവാള കൊത്തി അരിഞ്ഞത് –ഒരു കപ്പ്
തേങ്ങ ചിരവിയത് - ഒരു കപ്പ്
ഇഞ്ചി ചതച്ചത് - ഒരു ടീ സ്പൂൺ
പച്ചമുളക് - അഞ്ചെണ്ണം
മഞ്ഞൾപൊടി - ഒരു ടീ സ്പൂൺ
മല്ലിയില, കറിവേപ്പില ചെറുതായി അരിഞ്ഞത് –ആവശ്യത്തിന്.
ഇഞ്ചി –ഒരു ചെറിയ കഷണം
ചെറിയ ഉള്ളി - രണ്ട് അല്ലി
എണ്ണ – ആവശ്യത്തിന്
ഗരം മസാല – കാൽ ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തൈര്– ഒരു ടീ സ്പൂൺ

തയാറാക്കുന്ന വിധം
മൈദ ഉപ്പും വെള്ളവും ഒഴിച്ച് കുഴച്ചുവയ്ക്കുക. ചൂടായ പാത്രത്തിൽ അൽപം എണ്ണയൊഴിച്ച് സവാള, ഉപ്പ്, മഞ്ഞൾപൊടി, ചതച്ച ഇഞ്ചി എന്നിവ ഇട്ട് നന്നായി വഴറ്റുക. അതിലേക്ക് മിക്സ് ചെയ്ത് വച്ച ബീഫും അൽപം കറിവേപ്പിലയും മല്ലിയില അരിഞ്ഞതും ചേർക്കുക. ശേഷം ഗരം മസാലയും ചേർത്ത് ഇറക്കി വയ്ക്കുക, തേങ്ങ, പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി, മല്ലിയില, ഉപ്പ്, തൈര് എന്നിവ ചേർത്ത് ചമ്മന്തി തയാറാക്കുക. കുഴച്ചു വച്ച മൈദയിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് പരത്തി ഒരു സ്റ്റീൽ ഗ്ലാസിന്റെ അടിയിൽ ബക്കറ്റ് ആകൃതിയിലാക്കി ഒട്ടിച്ച്, ചൂടായ എണ്ണയിൽ ഇട്ട് പൊരിച്ച് എടുക്കുക. അതിന് ശേഷം ആദ്യം തയാറാക്കിയ ബീഫ് മസാലയും അതിന് മുകളിലായി അൽപം ചമ്മന്തിയും വച്ച് നിറയ്ക്കുക. മുകളിൽ അൽപം ടൊമാറ്റോ സോസും ഒഴിച്ച് വിളമ്പാം.