പച്ചക്കറിക്കായത്തട്ടിൽ നിന്നൊരു പായസക്കൂട്ട്......

കറിക്കെടുക്കാൻ മാത്രമല്ല പച്ചക്കറികൾ കൊണ്ട് രുചികരമായ പായസവും തയാറാക്കാം. പച്ചക്കറിയുടെ സത്തും പായസമധുരവും ചേർന്നൊരു സൂപ്പ‍ർ പായസം

വെജിറ്റബിൾ പായസം

01. ഉരുളക്കിഴങ്ങ് — ഒന്നും ഒന്നിന്റെ പകുതിയും (ഇടത്തരം വലുപ്പമുള്ളത്)

02. കാരറ്റ് —മൂന്ന്

03. ബദാം — 15

    കശുവണ്ടിപ്പരിപ്പ് — 20

04. നെയ്യ് — രണ്ടു ചെറിയ സ്പൂൺ

05. പഞ്ചസാര — ഒന്നേമുക്കാൽ കപ്പ്

06. പാൽ — മുക്കാൽ ലീറ്റർ

07. ഏലയ്ക്കാപ്പൊടി — പാകത്തിന്

പാകം ചെയ്യുന്ന വിധം

01. ഉരുളക്കിഴങ്ങും കാരറ്റും തൊലി ചുരണ്ടിക്കളഞ്ഞശേഷം ചെറുതായി അരിഞ്ഞ്, വേവിച്ചശേഷം അരച്ചെടുത്തു വയ്ക്കുക.

02. ബദാമും 10 കശുവണ്ടിപ്പരിപ്പും ചൂടുവെള്ളത്തിൽ കുതിർത്തുവയ്ക്കുക.

03. ബദാംപരിപ്പിന്റെ തൊലി കളഞ്ഞശേഷം കശുവണ്ടിപ്പരിപ്പും ചേർത്ത് അരച്ചു വയ്ക്കുക.

04. ഒരു പരന്ന പാത്രത്തിൽ നെയ്യ് ചൂടാക്കി, ബാക്കിയുള്ള കശുവണ്ടിപ്പരിപ്പ് വറുത്തെടുക്കുക.

05. അതേ നെയ്യിൽ തന്നെ പഞ്ചസാരയും ബദാമും കശുവണ്ടിപ്പരിപ്പും അരച്ചതും ഉരുളക്കിഴങ്ങും കാരറ്റും അരച്ചതും ചേർത്തു പാകത്തിനു തീ കത്തിച്ചു തുടരെയിളക്കുക.

06. ഇതിൽ പാൽ ഒഴിച്ചു തിളച്ചു വരുമ്പോൾ വാങ്ങി വയ്ക്കുക.

07. ഏലയ്ക്കാപ്പൊടി ചേർത്തിളക്കി വയ്ക്കുക.

08 വിളമ്പുന്നതിനു തൊട്ടുമുമ്പ് കശുവണ്ടിപ്പരിപ്പ് ചേർത്തിളക്കുക.

09. ചൂടോടെയോ ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചോ ഉപയോഗിക്കാം.