പാൽ വാഴയ്ക്ക: റമസാൻകാലത്ത് നോമ്പു തുറക്കാൻ

പ്രാർഥനയിൽ പരിപൂർണമായി മുഴുകുന്ന പകലുകൾ...ഇത് റംസാൻ നിലാവിന്റെ കാലം. നേന്ത്രപ്പഴത്തിന്റെ മധുരം തേങ്ങാപ്പാലിൽ വെന്തലിഞ്ഞ പാൽ വാഴയ്ക്ക രുചിയൊരുക്കാം നോമ്പുതുറയ്ക്ക്.

പാൽ വാഴയ്ക്ക

01. നേന്ത്രപ്പഴം (പഴുത്തത്) — രണ്ട്

02. തേങ്ങ — ഒന്ന്

03. ചൗവ്വരി — കാൽ കപ്പ്

04. ഏലയ്ക്കാപ്പൊടി — കാൽ ചെറിയ സ്പൂൺ

     പഞ്ചസാര — പാകത്തിന്

     ഉപ്പ് — ഒരുനുള്ള്

05. നെയ്യ് — ഒരു ടേബിൾ സ്പൂൺ

06. കശുവണ്ടിപ്പരിപ്പ് — 20

     ഉണക്കമുന്തിരി — 20

പാകം ചെയ്യുന്ന വിധം

01. നേന്ത്രപ്പഴം ചരിച്ച് അരിഞ്ഞു വയ്ക്കുക.

02. തേങ്ങ ചുരണ്ടി ഒന്നും രണ്ടും പാൽ എടുത്തു വയ്ക്കുക.

03. രണ്ടാം പാൽ അടുപ്പിൽ വച്ചു തിളയ്ക്കുമ്പോൾ അതിൽ ചൗവ്വരി ചേർത്തു വേവിക്കുക.

04. ഇതിലേക്കു പഴം അരിഞ്ഞതു ചേർക്കുക.

05. പഴം മുക്കാൽ വേവാകുമ്പോൾ ഒന്നാം പാൽ ചേർക്കുക.

06. തിളച്ചു വരുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക

07. ഏലയ്ക്കാപ്പൊടി, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്തിളക്കുക

08. ഒരു പാനിൽ നെയ്യ് ചൂടാക്കി, കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും മൂപ്പിച്ച് പാൽക്കൂട്ടിൽ ചേർത്തിളക്കി വിളമ്പാം.

പാചക കുറിപ്പുകൾക്കു കടപ്പാട്: 

ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്