ഇഫ്താർ സൽക്കാരത്തിന് കല്ലുമ്മക്കായ നിറച്ചൊരു ഉണ്ടപ്പുട്ട്

റമസാൻകാലം, സായഹ്നങ്ങളിൽ ഒരു മേശയ്ക്കും ചുറ്റുമുള്ള സൗഹൃദക്കൂട്ടമാകുമ്പോൾ പങ്കുവയ്ക്കാൻ വിശേഷവിഭവങ്ങൾ ഒരുക്കാം. കല്ലുമ്മക്കായകൊണ്ട് തയാറാക്കിയ മസാല അരിമാവ് ഉരുട്ടിയതിന്റെ നടുവിൽ വച്ച് ഉരുട്ടിയെടുത്ത്, അപ്പചെമ്പിന്റെ തട്ടിൽ വച്ച് ആവികയറ്റിയാണ് ഉണ്ടപ്പുട്ട് തയാറാക്കുന്നത്...

Click here to read Iftar Special Recipes in English

ഉണ്ടപ്പുട്ട്

1 പൊന്നി അരി – രണ്ടു കപ്പ്

ഉപ്പ് – പാകത്തിന്

2 കല്ലുമ്മക്കായ– 25

3 ഉപ്പ്, മുളകുപൊടി – പാകത്തിന്

4 എണ്ണ – ആവശ്യത്തിന്

5 തേങ്ങ – ഒരു മുറി, ചുരണ്ടിയത്

മുളകു പൊടി – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

6 എണ്ണ – പാകത്തിന്

7 കടുക് – ഒരു ചെറിയ സ്പൂൺ

8 സവാള– മൂന്ന്, പൊടിയായി അരിഞ്ഞത്

പച്ചമുളക് – മൂന്ന്, പൊടിയായി അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, ചതച്ചത്

വെളുത്തുള്ളി – ആറ് അല്ലി, ചതച്ചത്

9 ഉപ്പ് – പാകത്തിന്

കറിവേപ്പില– മൂന്നു തണ്ട്, അരിഞ്ഞത്

10 മല്ലിയില പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙അരി തിളച്ച വെള്ളത്തിൽ ആറു മണിക്കൂർ കുതിർത്ത ശേഷം കഴുകി വാരി പാകത്തിനുപ്പു ചേർത്ത് കട്ടിയായി അരച്ചെടുക്കുക.

∙കല്ലുമ്മക്കായ അൽപം വെള്ളമൊഴിച്ച് അടുപ്പിൽ വച്ചു വേവിക്കുക. തോടു തുറന്നു വരും. അതിൽ നിന്നു മാംസം ചുരണ്ടിയെടുത്ത്, ഉപ്പും മുളകും തേച്ച് വെളിച്ചെണ്ണയിൽ പൊരിച്ച ശേഷം രണ്ടോ മൂന്നോ കഷണങ്ങളാക്കി വയ്ക്കുക.

∙അഞ്ചാമത്തെ ചേരുവ ഒരു പാത്രത്തിലാക്കി കൈകൊണ്ടു നന്നായി ഞെരടി കുഴച്ചു വയ്ക്കുക.

∙ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുകു പൊട്ടിക്കുക.

∙ഇതിലേക്ക് എട്ടാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.

∙ഇതിൽ ഉപ്പും കറിവേപ്പിലയും ചേർത്ത് ഒന്നു കൂടി വഴറ്റണം.

∙ഇതിലേക്കു കുഴച്ചു വച്ചിരിക്കുന്ന തേങ്ങാമിശ്രിതം ചേർത്തു നന്നായി ഇളക്കിക്കൊണ്ടിരിക്കുക.

∙തേങ്ങ ഒന്നു വെന്തശേഷം കല്ലുമ്മക്കായ പൊരിച്ചു കഷണങ്ങളാക്കിയതും മല്ലിയിലയും ചേർത്തു യോജിപ്പിച്ചു വാങ്ങിവയ്ക്കുക.

∙അരച്ചു വച്ചിരിക്കുന്ന അരിമാവ് ചെറിയ ഉരുളകളാക്കുക. കൈയിൽ എണ്ണ പുരട്ടി, ഓരോ ഉരുളയും കൈയിലെടുത്തു പരത്തി, തയാറാക്കിയ മസാല ഒരു സ്പൂൺ നടുവിൽ വച്ച ശേഷം ബാക്കിഭാഗം അകത്തേക്കാക്കി ഉരുട്ടിയെടുക്കുക.

∙എല്ലാ ഉരുളകളും ഇങ്ങനെ ഉരുട്ടി മുകളിൽ അൽപം തേങ്ങ ചുരണ്ടിയതു വിതറി ആവിവരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവിയിൽ വേവിച്ചെടുക്കുക.

പാചക കുറിപ്പുകൾക്കു കടപ്പാട്:

ബുഷി ശംസു, ദാരി മുസ്തഫ, സുഹാന യൂനസ്

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.