കുക്കറിൽ എളുപ്പത്തിലൊരു ചിക്കൻ ബിരിയാണി

എളുപ്പത്തിൽ എങ്ങനെ ബിരിയാണി തയാറാക്കാമെന്നു നോക്കിയാലോ? കുക്കറിൽ തയാറാക്കാവുന്നൊരു രുചികരമായ ചിക്കൻ ബിരിയാണിക്കൂട്ട് വായിക്കാം.

ചേരുവകൾ:

(1) ബിരിയാണി അരി ഏതെങ്കിലും നല്ലയിനം : രണ്ടു ഗ്ലാസ് വടിച്ച് (കഴുകി ഊറ്റി തയാറാക്കി വയ്ക്കണം)
(2) ബ്രോയിലർ ചിക്കൻ കുറച്ചു വലിയ കഷണങ്ങളാക്കിയെടുത്തത് : ഒരു കിലോഗ്രാം (കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ യോജിപ്പിച്ചു പുരട്ടി വയ്ക്കണം)
(3) നെയ്യ്, വെജി. ഓയിൽ : കാൽ കപ്പു വീതം
(4) സവാള നീളത്തിലരിഞ്ഞത് : രണ്ടു കപ്പ്
(5) പച്ചമുളക് : ആറെണ്ണം, ഇഞ്ചി: ഒന്നരയിഞ്ച് വലുപ്പത്തിലുള്ള കഷണം, വെളുത്തുള്ളി: ഒരു കുടം (മൂന്നും ചതച്ചെടുക്കണം)
(6) തക്കാളി കഷണങ്ങളാക്കിയത്: ഒന്നര കപ്പ്
(7) മല്ലിയില, കറിവേപ്പില, പൊതിന (മൂന്നും കൂടി ചെറുതായരിഞ്ഞെടുത്തത്): ഒരു കപ്പ്
(8) കുരുമുളകുപൊടി, ഗരം മസാലപ്പൊടി, ബിരിയാണി മസാലപ്പൊടി : മുക്കാൽ ടേബിൾ സ്പൂൺ വീതം
(9) തൈര് : അരക്കപ്പ്
(10) സവാള വളരെ നേർമ്മയായരിഞ്ഞത്: അരക്കപ്പ്, കിസ്മിസ്, കാഷ്യൂനട്ട്: ആവശ്യത്തിന്

പാകപ്പെടുത്തുന്ന വിധം:

കുറച്ചു വലിയ കുക്കറിൽ, അളന്നു വച്ചിരിക്കുന്ന നെയ്യ്, ഓയിൽ എന്നിവയിൽ നിന്ന് മുക്കാൽ ഭാഗം ഒഴിച്ച് സവാള വഴറ്റി, തക്കാളി ചേർത്ത് കുറച്ചുനേരം വഴറ്റിയതിലേക്ക് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ചതച്ചതും ഇലകൾ അരിഞ്ഞുവച്ചതിൽ മുക്കാൽ ഭാഗവും ചേർത്തു കുറേനേരം വഴറ്റിയതിലേക്ക് മസാല പുരട്ടിവച്ച ചിക്കൻ കഷണങ്ങളും പൊടിമസാലകളും തൈരും ചേർത്തിളക്കി നിരത്തി, മുകളിൽ ഊറ്റിവച്ച ബിരിയാണി അരിയും മൂന്നു ഗ്ലാസ് തിളച്ച വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് കുക്കറടച്ചുവച്ച് മീഡിയം ഫ്ലെയ്മിൽ വയ്ക്കണം. ഒരു വിസിൽ വന്നാൽ‌ തീ ഓഫാക്കാം. ആവി നന്നായി പോയാൽ‌ കുക്കർ തുറക്കാം. 

അതിനിടയിൽ ബാക്കിയുള്ള നെയ്യിൽ നേർമ്മയായി അരിഞ്ഞ സവാളയും കാഷ്യൂസും കിസ്മിസും പൊൻനിറത്തിൽ വറുത്തു വയ്ക്കണം.

വിളമ്പാനുള്ള പരന്ന പാത്രത്തിലേക്ക് മുകൾഭാഗത്തുള്ള ചോറ് ആദ്യം നിരത്തണം. മധ്യഭാഗത്തായി ചിക്കൻ കഷണങ്ങൾ മസാല കൂട്ടോടെ പകർന്നതിനുശേഷം മാറ്റിവച്ച ഇലകൾ അരിഞ്ഞതും വറുത്തുവച്ച സവാള, കാഷ്യു, കിസ്മിസും കൊണ്ടും ഭംഗിയായി അലങ്കരിച്ചതിനു ശേഷം സെർവ് ചെയ്യാവുന്നതാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചിക്കൻ ബിരിയാണിയാണിത്.