ഓണം ഒട്ടേറെ വിനോദങ്ങളാൽ സവിശേഷമാണ്. അവയിൽ പ്രധാനം പാട്ടുകളാണ്. നാടൻ പാട്ടുകൾ, ലളിത ഗാനങ്ങൾ, ആൽബം ഗാനങ്ങൾ ഇങ്ങനെ വലിയ ഒരു ഗാനപാരമ്പര്യം തന്നെയുണ്ട് മലയാളത്തിന്. എങ്കിലും ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. പ്രഗൽഭരായ രചയിതാക്കളും സംഗീതജ്ഞരും ഗായകരുമൊക്കെ അവരുടെ പങ്ക് മഹത്തരമാക്കി. മലയാളികളല്ലാത്ത സംഗീത സംവിധായകർ, ഗായകർ എന്നിവർ പോലും ഈ രംഗത്ത്കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഓണം, ചലച്ചിത്രങ്ങളിൽ പാട്ടുകളുടെ വസന്തകാലമായതിനെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുകയാണ് പ്രശസ്ത ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം...

ഓണം ഒട്ടേറെ വിനോദങ്ങളാൽ സവിശേഷമാണ്. അവയിൽ പ്രധാനം പാട്ടുകളാണ്. നാടൻ പാട്ടുകൾ, ലളിത ഗാനങ്ങൾ, ആൽബം ഗാനങ്ങൾ ഇങ്ങനെ വലിയ ഒരു ഗാനപാരമ്പര്യം തന്നെയുണ്ട് മലയാളത്തിന്. എങ്കിലും ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. പ്രഗൽഭരായ രചയിതാക്കളും സംഗീതജ്ഞരും ഗായകരുമൊക്കെ അവരുടെ പങ്ക് മഹത്തരമാക്കി. മലയാളികളല്ലാത്ത സംഗീത സംവിധായകർ, ഗായകർ എന്നിവർ പോലും ഈ രംഗത്ത്കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഓണം, ചലച്ചിത്രങ്ങളിൽ പാട്ടുകളുടെ വസന്തകാലമായതിനെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുകയാണ് പ്രശസ്ത ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം ഒട്ടേറെ വിനോദങ്ങളാൽ സവിശേഷമാണ്. അവയിൽ പ്രധാനം പാട്ടുകളാണ്. നാടൻ പാട്ടുകൾ, ലളിത ഗാനങ്ങൾ, ആൽബം ഗാനങ്ങൾ ഇങ്ങനെ വലിയ ഒരു ഗാനപാരമ്പര്യം തന്നെയുണ്ട് മലയാളത്തിന്. എങ്കിലും ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. പ്രഗൽഭരായ രചയിതാക്കളും സംഗീതജ്ഞരും ഗായകരുമൊക്കെ അവരുടെ പങ്ക് മഹത്തരമാക്കി. മലയാളികളല്ലാത്ത സംഗീത സംവിധായകർ, ഗായകർ എന്നിവർ പോലും ഈ രംഗത്ത്കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഓണം, ചലച്ചിത്രങ്ങളിൽ പാട്ടുകളുടെ വസന്തകാലമായതിനെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുകയാണ് പ്രശസ്ത ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണം ഒട്ടേറെ വിനോദങ്ങളാൽ സവിശേഷമാണ്. അവയിൽ പ്രധാനം പാട്ടുകളാണ്. നാടൻ പാട്ടുകൾ, ലളിത ഗാനങ്ങൾ, ആൽബം ഗാനങ്ങൾ ഇങ്ങനെ വലിയ ഒരു ഗാനപാരമ്പര്യം തന്നെയുണ്ട് മലയാളത്തിന്. എങ്കിലും ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ നൽകിയ സംഭാവനകൾ വളരെ വലുതാണ്. പ്രഗൽഭരായ രചയിതാക്കളും സംഗീതജ്ഞരും ഗായകരുമൊക്കെ അവരുടെ പങ്ക് മഹത്തരമാക്കി. മലയാളികളല്ലാത്ത സംഗീത സംവിധായകർ, ഗായകർ എന്നിവർ പോലും ഈ രംഗത്ത് കൈയൊപ്പു ചാർത്തിയിട്ടുണ്ട്. ഓണം, ചലച്ചിത്രങ്ങളിൽ പാട്ടുകളുടെ വസന്തകാലമായതിനെക്കുറിച്ച് മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുകയാണ് പ്രശസ്ത ഗാനനിരൂപകൻ ടി.പി.ശാസ്തമംഗലം.

∙ ഓണം പാട്ടുകളുടെ കാലം കൂടിയാണല്ലോ. ധാരാളം നാടൻ പാട്ടുകളും ചലച്ചിത്രഗാനങ്ങളും ഓണവുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്. ഗാനങ്ങളെ ഗൗരവമായി വിലയിരുത്തുന്ന ഒരാളെന്ന നിലയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട പാട്ടുകളെപ്പറ്റി പറയാമോ?

ADVERTISEMENT

ഓണത്തെക്കുറിച്ചു പറയാൻ തുടങ്ങുമ്പോൾത്തന്നെ ആരുടെയും മനസ്സിൽ ഓടിയെത്തുന്നത് ‘മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ’ എന്ന പഴയ ഗാനമാണ്. ഓണത്തിന്റെ ഐതിഹ്യവും സങ്കൽപങ്ങളുമെല്ലാം അത് ഉൾക്കൊള്ളുന്നു. ധാരാളം നാടൻ പാട്ടുകളും കസറ്റ് ഗാനങ്ങളും ഓണവുമായി ബന്ധപ്പെട്ടുണ്ട്. മറക്കാനാവാത്ത അനേകം ചലച്ചിത്ര ഗാനങ്ങളുമുണ്ട്. പി.ഭാസ്കരൻ, വയലാർ രാമവർമ്മ, പ്രഫ. ഒ.എൻ.വി.കുറുപ്പ്, ശ്രീകുമാരൻ തമ്പി തുടങ്ങിയവരൊക്കെ ഈ രംഗത്ത് മികച്ച രചനകൾ സംഭാവന ചെയ്തിട്ടുണ്ട്. പുതിയ കാലത്ത് മനു മഞ്ജിത്ത് ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യവുമുണ്ട്. ജി.ദേവരാജൻ, വി.ദക്ഷിണാമൂർത്തി, എം.കെ.അർജുനൻ തുടങ്ങിയ സംഗീത സംവിധാകയകരുടെ സംഭാവനയും വിസ്മരിക്കാനാവില്ല. മലയാളികളല്ലാത്ത സലിൽ ചൗധരിയും ബോംബെ രവിയും എം.ബി.ശ്രീനിവാസനും മികച്ച ഈണങ്ങൾ പകർന്നിട്ടുണ്ട്. ഓണത്തെക്കുറിച്ചുള്ള ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും പ്രധാനം ശ്രീകുമാരൻ തമ്പി എഴുതിയ ചില ഗാനങ്ങളാണ്. ഓണക്കാലത്ത് കേരളക്കരയിൽ കൂടുതൽ മുഴങ്ങുന്നതും ഈ ഗാനങ്ങൾതന്നെ.

ടി.പി.ശാസ്തമംഗലം (ഫയൽ ചിത്രം∙മനോരമ)

‘പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നണത്തുമ്പീ
ഈ പൂവിളിയിൽ
മോഹം പൊന്നിൻ മുത്തായ് മാറ്റും
പൂവയലിൽ
നീ വരൂ ഭാഗം വാങ്ങാൻ’, എന്നു തുടങ്ങുന്ന ഗാനം 'വിഷുക്കണി' എന്ന സിനിമയിലേതാണ്.

‘തിരുവോണപ്പുലരിതൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി’, എന്ന ഗാനം 'തിരുവോണം' എന്ന ചിത്രത്തിനായി ശ്രീകുമാരൻ തമ്പിയും എം.കെ.അർജുനനും ചേർന്ന് ഒരുക്കിയതാണ്. മലയാളിയല്ലാത്ത വാണി ജയറാമാണ് അതു പാടിയത്. അവർക്ക് ഓണത്തെക്കുറിച്ചു കേട്ടുകേൾവിയേയുള്ളൂ. എന്നാൽ മലയാളവുമായി ഇഴുകിച്ചേരുന്ന വിധത്തിലാണ് അവർ അതു പാടിയിരിക്കുന്നത്. ഒരു മലയാളിയല്ല അതു പാടിയതെന്നു നമുക്കു സങ്കൽപ്പിക്കാൻ കഴിയില്ല. വാണി ജയറാമിന്റെ വിയോഗം തീരാനഷ്ടമാണെന്നു തെളിയിക്കാൻ ഈ ഗാനം മാത്രം മതി. ഈ ഓണക്കാലത്ത് ആ അതുല്യ ഗായികയുടെ സ്മരണയ്ക്കു മുമ്പിൽ ആദരാഞ്ജലി അർപ്പിക്കാൻ നാം ബാധ്യസ്ഥരാണ്.

‘പൂവണിപ്പൊന്നും ചിങ്ങപ്പൂവിളി കേട്ടുണരും
പുന്നെല്ലിൻ പാടത്തിലൂടെ
മാവേലിമന്നന്റെ മാണിക്യത്തേരുവരും
മാനസപ്പൂക്കളങ്ങളാടും’, എന്ന വരികൾ 'മിനിമോൾ' എന്ന  സിനിമയ്ക്കു വേണ്ടി ശ്രീകുമാരൻ തമ്പി എഴുതി ദേവരാജൻ സംഗീതം നൽകി യേശുദാസ് പാടിയ 'കേരളം, കേരളം, കേളികൊട്ടുയരുന്ന കേരളം' എന്ന ഗാനത്തിന്റെ ഭാഗമാണ്. ഓണവുമായി ബന്ധപ്പെട്ട മികച്ച ലളിത ഗാനങ്ങളിലൊന്ന് ‘ഉത്രാട പൂനിലാവേ വാ’ എന്നു തുടങ്ങുന്നതാണ്. ശ്രീകുമാരൻ തമ്പിയുടെ രചനയ്ക്ക് രവീന്ദ്രനാണു സംഗീതം നൽകിയിരിക്കുന്നത്. തിരുവോണത്തിന്റെ ഒരുക്കങ്ങളൊക്കെ ഉത്രാടത്തിനാണല്ലോ. ഉത്രാടരാത്രിയിലെ നിലാവത്തുള്ള ഊഞ്ഞാലാട്ടവും തയ്യാറെടുപ്പുകളുമൊന്നും മലയാളിക്കു മറക്കാനാവില്ല.

ADVERTISEMENT

‘പൊന്നിൻ ചിങ്ങത്തേരു വന്നു
പൊന്നമ്പലമേട്ടിൽ
പൊന്നോണപ്പാട്ടുകൾ പാടാം
പൂ നുള്ളാം പൂവണിവെയ്ക്കാം’, 'ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു' എന്ന ചിത്രത്തിലെ ഈ ഗാനത്തിൽ ഓണം എന്ന മഹോത്സവത്തിന്റെ വിളംബരം നടത്തുകയാണ് ശ്രീകുമാരൻ തമ്പി.

ശ്രീകുമാരൻ തമ്പി (ഫയൽ ചിത്രം)

∙ ഓണത്തെക്കുറിച്ചുള്ള ആദ്യകാല സിനിമാ ഗാനങ്ങൾ പി.ഭാസ്കരന്റെതാണല്ലോ. അദ്ദേഹത്തിന്റെ സംഭാവനകളെപ്പറ്റി പറയാമോ?

മലയാളത്തിൽ ശബ്ദചിത്രങ്ങളുണ്ടായപ്പോൾ ക്രമേണ അവയിൽ ഓണപ്പാട്ടുകളും സ്ഥാനംപിടിച്ചു. എന്റെ വീക്ഷണത്തിൽ ആദ്യത്തെ ഓണപ്പാട്ടായി ചലച്ചിത്രത്തിൽ വന്നത് 1952 ൽ 'അമ്മ' എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്കരൻ എഴുതി വി.ദക്ഷിണാമൂർത്തി സംഗീതം നൽകി പി.ലീലയും കൂട്ടര‌ും പാടിയ ഏതാനും വരികളാണ്.

‘ഹാ പൊൻതിരുവേണം വരവായ്
പൊൻ‌ തിരുവോണം
സുമസുന്ദരിയായ് വന്നണഞ്ഞു
പൊൻ തിരുവോണം
മാബലിതൻ മോഹനമാം പൊൻകൊടി പോലെ
ചാഞ്ചാടിടുന്നു പാടങ്ങളിൽ ചെങ്കതിർ ചാലെ
മലയാളമിതിന്നുത്സവം പൊൻതിരുവോണം’, ഈ വരികളിൽ ഓണത്തിന്റെ എല്ലാ നല്ല വശങ്ങളും പി.ഭാസ്കരൻ ഒരുക്കിയിരിക്കുന്നു. പൊൻതിരുവോണം എന്ന ഒറ്റ പ്രയോഗത്തിലൂടെ ഓണം മലയാളികൾക്ക് ദേശീയോത്സവമാണെന്ന് അദ്ദേഹം പരോക്ഷമായി സ്ഥാപിച്ചിരിക്കുന്നു. സുമസുന്ദരിയെന്ന വിശേഷണം നൽകി ഓണം പൂക്കളുടെ ഉത്സവമാണെന്നു വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല. അതു കഴിഞ്ഞ് 1955 ൽ 'ന്യൂസ്പേപ്പർ ബോയ്' എന്ന സിനിമ വന്നു. മലയാളത്തിലെ ആദ്യത്തെ പരീക്ഷണ ചിത്രമെന്നാണ് അത് അറിയപ്പെടുന്നത്. 'മാവേലി നാടുവാണീടും കാലം' എന്ന ഓണത്തെക്കുറിച്ചുള്ള പരമ്പരാഗത ഗാനം അങ്ങനെതന്നെ ആ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു. 'സ്നേഹദീപം' എന്ന ചിത്രത്തിനായി പി.ഭാസ്കരൻ എഴുതിയ ഒരു ഗാനമുണ്ട്.

ADVERTISEMENT

‘മാമലനാട്ടിൽ പൊന്നോണം
മാവേലിയെത്തണ കല്യാണം
ഒയ്യാരം പറയലു നിറുത്തി
പാടെടി പാടെടി പെൺകിളിയേ’, എന്നു പറയുമ്പോൾ ഓണം ഇങ്ങെത്താറായി അതിന്റെ ഒരുക്കങ്ങളിലേക്കു വേഗം കടക്കണമെന്ന സൂചനയാണ് അദ്ദേഹം നൽകിയിരിക്കുന്നത്.

'ഉമ്മിണിത്തങ്ക' എന്ന സിനിമയിലേക്കു വരുമ്പോൾ,

‘അത്തംനാൾ തൊട്ട് പത്തുവരേക്കുമീ
ഇത്തിരി മുല്ലപ്പൂ കമ്മലിടും
കാട്ടിൽക്കിടക്കുന്ന കായാമ്പൂ വള്ളികൾ
കണ്ണെഴുതും റോജ പൊട്ടുകുത്തും
പൊൻമലർ ചൂടിയ തെച്ചിപ്പൂവള്ളികൾ
കുമ്മിയടിക്കും ഇളങ്കാറ്റിൽ
ഓണനിലാവത്ത് കൈയിൽകുഴലുമായി
കാനനപ്പൂങ്കുയിൽ പാട്ടു പാടും’, എന്ന മട്ടിൽ അത്തം മുതൽ തുടങ്ങുന്ന ഓണാഘോഷത്തെ പി.ഭാസ്കരൻ എന്ന കവി നിറഞ്ഞ ഹൃദയത്തോടെ സ്വന്തം ഗാനത്തിൽ കൊണ്ടുവന്നിരിക്കുന്നു. 'മഹാബലി വന്നാലും പുതു മലർക്കളം കണ്ടാലും 'എന്ന പാട്ടിന്റെ ഇടയ്ക്കുള്ള വരികളാണിവ. പണ്ടൊക്കെ ഓണത്തിന്റെ വരവ് ഗൃഹാങ്കണങ്ങളിൽ മാത്രമായിരുന്നു. എന്നാൽ കാട്ടിൽപ്പോലും ഓണത്തിന്റെ വരവുണ്ട്, മനുഷ്യർക്കു മാത്രമല്ല പ്രകൃതിക്കും ഓണം ഊർജ്ജദായകമാണെന്നു തന്റെ വരികളിലൂടെ പറയാൻ ഈ കവി ശ്രമിക്കുന്നുണ്ട്. 'നഗരമേ നന്ദി' എന്ന ചലച്ചിത്രത്തിലെ വളരെ പ്രശസ്തമായ ‘മഞ്ഞണി പൂനിലാവ് പേരാറ്റിൻ കടവിങ്കൽ മഞ്ഞളരച്ചുവച്ചു നീരാടുമ്പോൾ' എന്ന ഗാനത്തിൽ വിവരിക്കുന്ന ചിത്രം ഒരിക്കലും മലയാളികളുടെ മനസ്സിൽ നിന്നു മായുകയില്ല. അവിടെ മഞ്ഞളരച്ചുവച്ചു നീരാടുന്നത് ഒരു മലയാളിമങ്കയാണെന്നു നമുക്കു തോന്നും. അതും ഒരു ഓണക്കാലമാണെന്നു കരുതാൻ തക്ക ന്യായമുണ്ട്.

പി.ഭാസ്കരൻ (ഫയൽ ചിത്രം∙മനോരമ)

‘താന്നിയൂരമ്പലത്തിൽ
കഴകക്കാരനെപ്പോലെ
താമരമാലയുമായ്
ചിങ്ങമെത്തുമ്പോൾ’, എന്ന വരികളാണതിനു കാരണം. കേരളത്തിൽ താമര കൂടുതലായി വിരിയുന്നത് ചിങ്ങമെത്തുമ്പോഴാണ്. ചിങ്ങത്തെയാണ് ഇവിടെ കഴകക്കാരനായി അദ്ദേഹം കൽപിച്ചിരിക്കുന്നത്. ക്ഷേത്രപരിചാരകൻ, ക്ഷേത്രത്തിൽ മാലകെട്ടുന്നവൻ എന്നൊക്കെയാണ് കഴകക്കാരൻ എന്ന വാക്കിന്റെ അർത്ഥം. അപ്പോൾ ഇവിടെ കഴകക്കാരനെപ്പോലെ ചിങ്ങം എത്തുമെന്ന പറഞ്ഞതിന് ഔചിത്യഭംഗിയുണ്ട്.

'വഴിപിഴച്ച സന്തതി' എന്ന സിനിമയ്ക്കു വേണ്ടി

‘തൃക്കാക്കരയപ്പാ പടിക്കലും വായോ,
ഞാനിട്ട പൂക്കളം കാണാനും വായോ
മുക്കുറ്റി മലർചൂടി മുറ്റത്തും വായോ
പൊന്നോണ വില്ലിന്റെ തുടികൊട്ടാൻ വായോ’, എന്ന വരികൾ ഉൾക്കൊള്ളുന്ന പാട്ടിൽ ‘നാണം കുണുങ്ങി തലകുനിക്കും ഓണപ്പുതുപൂക്കൾപോലെ നാരിമാരേ ഇന്നു കുന്നലനാടിന്റെ നായകൻ മാവേലി വന്നിറങ്ങി’ എന്ന മട്ടിലും ഒരു ഭാഗമുണ്ട്. ബി.എ.ചിദംബരനാഥിന്റെ സംഗീതത്തിൽ പി.ലീലയും പി.ജയചന്ദ്രനും സംഘവും പാടിയ പാട്ടാണത്.

'പിഞ്ചുഹൃദയ'ത്തിനു വേണ്ടി പി.ഭാസ്കരന്റെ തൂലിക ജന്മം നൽകിയ ഒരു പാട്ടുണ്ട്.

‘അത്തം പത്തിനു പൊന്നോണം
പുത്തരി കൊയ്തൊരു കല്യാണം
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാട്ടം
ചന്ദനക്കൊമ്പത്തു ചാഞ്ചാട്ടം’. പുത്തരി കൊയ്തുവെന്നതു വെറുതെ എഴുതിയതല്ല. ചിങ്ങമാസം വിളവെടുപ്പുകാലം കൂടിയാണു നമുക്ക്. പുത്തരി കൊയ്താണ് മലയാളികൾ മുമ്പ് ഓണമുണ്ടിരുന്നത്. ഇപ്പോൾ ആന്ധ്രയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമൊക്കെ അരി വരണം മലയാളികളെ ഓണമൂട്ടാൻ.

‘ഓണത്തുമ്പീ ഓണത്തുമ്പീ ഓടി നടക്കും വീണക്കമ്പി’ എന്നൊരു പാട്ടുണ്ട് 'മുടിയനായ പുത്രൻ' എന്ന സിനിമയിൽ. ഓണത്തിനു തുമ്പിവരാറുണ്ടെന്ന സങ്കൽപം അന്നും ഇന്നുമുണ്ട്. ഓണക്കാലത്തു കേരളത്തിൽ കൂടുതലായി കാണുന്ന നീർമുത്തൻ കുടുംബത്തിൽപ്പെട്ട ഒരിനം തുമ്പിയാണ് ഓണത്തുമ്പി എന്നറിയപ്പെടുന്നത്. 'അപരാധി' എന്ന പടത്തിനു വേണ്ടി ‘തുമ്പീ തുമ്പീ തുള്ളാൻ വായോ ചെമ്പകപ്പൂക്കൾ നുള്ളാൻ വായോ’ എന്ന പാട്ട് സുജാത മോഹനും അമ്പിളിയും കൂട്ടരുമാണ് പാടിയത്. തുമ്പിതുള്ളലിന് പ്രാധാന്യം നൽകിയാണ് ഈ ഗാനം പി.ഭാസ്കരൻ വാർത്തെടുത്തതെന്നു വ്യക്തം.

പി ഭാസ്കരൻ, വി.ദക്ഷിണാമൂർത്തി (ഫയൽ ചിത്രം ∙ മനോരമ)

'ഇതു ഞങ്ങളുടെ ക‌ഥ'എന്ന സിനിമയ്ക്കു വേണ്ടി കുമ്മിയടിയെ മുൻ നിറുത്തിയുള്ള ഹാസ്യാത്മകമായ ഒരു പാട്ടുണ്ട്.

‘കുമ്മിയടിക്കുവിൻ കൂട്ടുകാരേ
കുമ്മിയടിക്കുവിൻ നാട്ടുകാരേ
പൊന്നിൻ തിരുവോണം വന്നതറിഞ്ഞില്ലേ
കുമ്പിട്ടും പൊന്തിയും കുമ്മിയടി’, എന്നാണു വരികൾ.

അതിൽത്തന്നെ 

‘മാവേലിക്കും പൂക്കളം
മാതേവനും പൂക്കളും
മലയാളക്കരയാകെ
വർണ്ണപ്പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും മണിപ്പൂക്കളം’ എന്ന വരികളുണ്ട്. കേരളത്തിന്റെ ഗുണഗണങ്ങളിൽ അഭിരമിച്ച കവിയാണ് പി.ഭാസ്കരൻ. അപ്പോൾ അദ്ദേഹത്തിന് ഓണത്തെക്കുറിച്ച് പാടാതിരിക്കാൻ ആവില്ലല്ലോ.

∙ ഈ രംഗത്ത് വയലാറിന്റെ സംഭാവനകൾ എന്തൊക്കെയാണ്?

'പൂച്ചക്കണ്ണി'എന്ന സിനിമയ്ക്കു വേണ്ടി

‘മരമായ മരമൊക്കെ
തളിരിട്ടു പൂവിട്ടു
മലയാളം പൊന്നോണ പൂവിട്ടു
വെള്ളാമ്പൽ പൊയ്കയിലും
വെള്ളാരം കുന്നിലും
അല്ലിപ്പൂത്തുമ്പികൾ വട്ടമിട്ടു’. ഇവിടെ വയലാറും തുമ്പിയെ കൊണ്ടു വന്നിട്ടുണ്ട്. ഓണക്കാലത്ത് പ്രകൃതി സ്വയം പൂക്കളം ഒരുക്കുന്നുവെന്ന സങ്കൽപത്തിനാണിവിടെ പ്രാമുഖ്യം.

വയലാറിന് ഏറ്റവും പ്രിയപ്പെട്ട ചങ്ങമ്പുഴയുടെ

‌‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലെ-
ന്തവിടെല്ലാം പൂത്ത മരങ്ങൾ മാത്രം’, 'രമണൻ' എന്ന കാവ്യത്തിലെ അതിപ്രശസ്തമായ വരികൾ ഉൾക്കൊണ്ട് അദ്ദേഹം ചമച്ച ഈരടിയായി ഇതിനെ കാണാം.

'വാഴ്‌‌വേമായം' എന്ന സിനിമയ്ക്കു വേണ്ടി തൂലികയെടുത്തപ്പോൾ

‘കാറ്റും പോയ് മഴക്കാറും പോയ്
കർക്കിടകം പുറകേ പോയ്
ആവണിത്തുമ്പിയും അവൾപെറ്റ മക്കളും വാവാവാ’, എന്ന വരികൾ വയലാർ എഴുതിയത് ഇത്തവണത്തെപ്പോലെ മഴ നഷ്ടമായ കർക്കടകത്തെയാണ് ഓർമിപ്പിക്കുന്നത്. കർക്കടകം ചന്നം പിന്നം മഴപെയ്യുന്ന ഒരു പഞ്ഞമാസമാണ്. ചിങ്ങം പിറക്കുന്നതോടെ ആവണിത്തുമ്പികൾ വരവായി. ആവണിത്തുമ്പിയെയും മക്കളെയും മലയാളക്കരയിലേക്ക് അതിൽ വിരുന്നു വരാൻ ക്ഷണിക്കുകയാണ് വയലാർ രാമവർമ്മ. അതിൽ തുടർന്ന് പറയുന്നുണ്ട്,

വയലാർ രാമവർമ്മ (ഫയൽ ചിത്രം)

‘തൃക്കാക്കര മണപ്പുറത്ത്
തിത്തൈ എന്നൊരു പൊന്നോണം
പൊന്നോണ മുറ്റത്തു പൂക്കളം തീർക്കാൻ
ഉണ്ണിക്കിടാവിനെ തന്നേ പോ’, എന്ന്. സ്വന്തം കുഞ്ഞു പിറന്നു കാണാൻ ആഗ്രഹിക്കുന്ന  നായിക പാടുന്ന പാട്ടാണിത്. അതിൽപ്പോലും ഓണത്തെ ഭംഗ്യന്തരേണ ബന്ധിപ്പിച്ചിരിക്കുന്നു കവി. ആവണിതുമ്പിയെ മാത്രമല്ല അവൾ പെറ്റ മക്കളെയും വരാൻ ക്ഷണിച്ചത് അതിന്റെ മുന്നോടിയാണെന്ന് കാണാം. ഓണത്തിനു വള്ളംകളി പണ്ടു മുതലേ നമുക്കു പ്രധാനപ്പെട്ടതാണല്ലോ. അതുമായി ബന്ധപ്പെടുത്തി വയലാർ എഴുതിയ ഏറ്റവും പ്രശസ്തമായ വരികൾ ഇന്നും പ്രസക്തമായിത്തന്നെ കേരളത്തിൽ അലയടിക്കുന്നു.

‘കുട്ടനാടൻ പുഞ്ചയിലെ
കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടു വേണം കുഴൽ വേണം
കുരവ വേണം’, 'കാവാലൻ ചുണ്ടൻ' എന്ന ചിത്രത്തിലെ ഈ ഗാനം വള്ളംകളികളുടെ നാടായ കേരളത്തിനു കിട്ടിയ അമൂല്യ സംഭാവനയാണ്. 'പാവങ്ങൾ പെണ്ണുങ്ങൾ' എന്ന സിനിമയ്ക്കു വേണ്ടി 'ഒന്നാം പൊന്നോണ പൂപ്പടകൂട്ടാൻ പൂക്കണ്ണി കോരാൻ‌ പൂക്കളം തീർക്കാൻ ഓടിവാ തുമ്പീ പൂത്തുമ്പീ വാ തെയ്' എന്നു തുടങ്ങുന്ന ഗാനത്തിൽ തുടിച്ചു നിൽക്കുന്നത് പ്രണയമാണെങ്കിലും പൊന്നോണത്തിന്റെ പശ്ചാത്തലവും ഒപ്പമുണ്ട്. 'അന്നം പൂക്കിലയൂഞ്ഞാലാടാൻ പൂമാലപ്പെണ്ണിനെ പൂകൊണ്ടു മൂടാൻ‌ ആടിവാ തുമ്പീ പെൺതുമ്പീ' എന്ന ഗാനം തുമ്പിതുള്ളലിനെയും കൈകൊട്ടി കളിയെയുമൊക്കെ കോർത്തിണക്കി വയലാറും ദേവരാജനും ചേർന്നൊരുക്കിയ ഒന്നാന്തരം സൃഷ്ടിയാണ്. 'ജ്വാല'യ്ക്കു വേണ്ടി എഴുതിയ 'കുടമുല്ലപ്പൂവിനും മലയാളി പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ കുളിക്കാൻ പനിനീർച്ചോല' എന്ന പാട്ടു പോലും ഓണവുമായി ബന്ധപ്പെട്ടതാണ്.

ഈ പുടവ മലയാളിപ്പെണ്ണിനു നൽകിയതാരാണെന്നു ചോദിച്ചാൽ അത് ഓണനിലാവാണെന്നു പറയേണ്ടി വരും. അതിന്റെ ന്യായീകരണം പാട്ടിൽ തന്നെ കേൾക്കാം. ഉത്രാടസന്ധ്യ ഉണർന്നപ്പോഴാണ് അവൾ ആപാദചൂഡം രാഗപരാഗം ചൂടുകയും രോമാഞ്ചത്തിൽ തളിർക്കുകയും ചെയ്തതെന്ന് വയലാർ കമിനീയമായി പറഞ്ഞുവച്ചിരിക്കുന്നു. 'കൂട്ടുകുടുംബ'ത്തിലെ 'തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ഞാൻ' എന്ന പ്രസിദ്ധമായ പാട്ടിൽ പൂജയെടുപ്പ്, വിഷു എന്നിവയ്ക്കൊപ്പം ഒരു ചരണത്തിൽ ഓണത്തിനും പ്രാധാന്യം നൽകിയിരിക്കുന്നു വയലാർ.

ചങ്ങമ്പുഴ കൃഷ്ണപിള്ള

‘തുമ്പപ്പൂക്കളത്തിൽ തിരുവോണത്തിനു
തുമ്പി തുള്ളാനിരുന്നപ്പോൾ
പൂക്കിലക്കതിരുകൾക്കിടയിലൂടെന്നെ നീ
നോക്കി കൊതിപ്പിച്ചതോർമ്മയില്ലേ’, എന്നു മുറപ്പെണ്ണായ നായികയോടു നായകൻ ചോദിക്കുന്നുണ്ട്. എത്ര തന്മയത്വത്തോടെയാണ് പ്രണയവും ഓണവും ഈ വരികളിൽ സമന്വയം ഇട്ടിരിക്കുന്നത് എന്നു നോക്കുക.

'കുറ്റവാളി' എന്ന ചിത്രത്തിനായി, ‘മാവേലി വാണൊരുകാലം മറക്കുകില്ല മറക്കുകില്ല മറക്കുകില്ല മലയാളം’ എന്ന് അദ്ദേഹം എഴുതി. 'തുലാഭാരം'എന്ന സിനിമയിൽ

‘ഓമനത്തിങ്കളിനോണം പിറക്കുമ്പോൾ
താമരക്കുമ്പിളിൽ പനിനീര്
ഓണം പിറന്നാലും ഉണ്ണി പിറന്നാലും
ഓരോ കുമ്പിൾ കണ്ണീര്
മണ്ണിനോരോ കുമ്പിൾ കണ്ണീര്’, എന്ന വരികളിൽ പാവപ്പെട്ടവന് എന്ത് ഓണമെന്ന ചോദ്യമാണ് എന്നും അവർക്കു വേണ്ടി നിലകൊണ്ട കവി ഉയർത്തുന്നത്. 'അവർക്കും ഓണമുണ്ടായിരുന്നു' എന്ന ഹൃദയസ്പർശിയായ ഒരു കവിത (നാടിന്റെ നാദം എന്ന കൃതിയിൽ) അദ്ദേഹം എഴുതിയിട്ടുണ്ട്. ആ കവിതയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാവണം ഈ ഗാനത്തിന്റെ രചന അദ്ദേഹം നിർവഹിച്ചത്.

‘ഓണത്തുമ്പീ വന്നാട്ടെ
ഓമനത്തുമ്പീ വന്നാട്ടെ
ഒരു നല്ല കഥപറയാനൊന്നിരുന്നാട്ടെ’, എന്ന വരികൾ 'അൾത്താര' എന്ന ചിത്രത്തിലെ കഥാസന്ദർഭം അടിസ്ഥാനമാക്കി തിരുനയിനാർക്കുറിച്ചി മാധവൻ നായർ എഴുതിയതാണ്. എം.ബി.ശ്രീനിവാസന്റെ സംഗിതത്തിൽ എൽ.ആർ.ഈശ്വരി പാടിയിരിക്കുന്നു. ഓണത്തുമ്പിയുടെ പ്രാധാന്യം ഈ ഗാനത്തിലും തെളിഞ്ഞു നിൽപ്പുണ്ട്.

‘തൃക്കാക്കര പൂ പോരാഞ്ഞ്
തിരുനക്കര പൂ പോരാഞ്ഞ്
തിരുമാന്ധാംകുന്നിലെത്തിയ തെക്കൻ കാറ്റേ
നിന്റെ പൂപ്പാലിക ഞാനൊന്നു കണ്ടോട്ടെ’ (ചിത്രം-ലൈൻബസ്), എന്ന പാട്ടും ഓണവുമായി ബന്ധപ്പെട്ടതാണ്. തൃക്കാക്കരയുടെ കാര്യം പറഞ്ഞു കൊണ്ടാണല്ലോ ഗാനം സമാരംഭിച്ചിരിക്കുന്നത്. ചിങ്ങമെത്തിയാൽ കേരളത്തിലെവിടെയും പൂക്കൾ സമൃദ്ധമായി കാണേണ്ടതാണ്. പക്ഷേ, തൃക്കാക്കരയിലും തിരുനക്കരയിലും പൂ പോരാതെ വന്നിരിക്കുന്നു. തെക്കൻകാറ്റിന്റെ പ്രവൃത്തി സൂക്ഷ്മമായി വിശകലനം ചെയ്ത് കവി അതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുന്നു.

ഒഎൻവി കുറുപ്പ് (ഫയൽ ചിത്രം ∙ മനോരമ)

∙ ഓണത്തെക്കുറിച്ച് ധാരാളം പാട്ടുകൾ എഴുതിയിട്ടുള്ളത് ഒഎൻവിയാണല്ലോ? കുറേക്കൂടി ആധുനിക കാലത്ത് ശ്രദ്ധേയമായ അനേകം വരികൾ അദ്ദേഹത്തിന്റേതായിട്ടുണ്ടുതാനും. അവയെ എങ്ങനെ വിലയിരുത്തുന്നു?

കേരളത്തിന്റെ ഭൂപ്രകൃതിയെയും സംസ്കാരത്തെയും കുറിച്ച് പലപ്പോഴും എഴുതിയിട്ടുള്ള കവിയാണ് അദ്ദേഹം. സ്വാഭാവികമായും ഓണത്തെക്കുറിച്ച് ഗൃഹാതുരത്വമുണർത്തുന്ന പാട്ടുകളും ആ അനുഗൃഹീത തൂലികയിൽ നിന്നു പിറന്നു.

‘ഓണപ്പൂവേ, പൂവേ
നീ തേടും മനോഹര തീരം
ദൂരെ മാടി വിളിപ്പൂ ഇതാ, ഇതാ ഇതാ’, എന്ന അതിപ്രശസ്തമായ ഗാനം 'ഈ ഗാനം മറക്കുമോ' എന്ന ചിത്രത്തിലേതാണ്. ഓണനിലാവിലാറാടി നിൽക്കുന്ന മലയാളക്കരയാണ് ഈ മനോഹരതീരം എന്ന് അദ്ദേഹം ഈ പാട്ടിലൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. ഓണപ്പൂ അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ട കാവ്യപ്രതീകമാണ്.

‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി
ഇന്നെന്റെ മുറ്റത്തു പൊന്നോണപ്പൂവേ നീ
വന്നു ചിരി തൂകി നിന്നു’, എന്ന് 'നഖക്ഷതങ്ങൾ' എന്ന ചലച്ചിത്രത്തിനു വേണ്ടി അദ്ദേഹം എഴുതിയപ്പോൾ ഓണത്തിന്റെ ഹൃദ്യമായ ചിത്രമായി മാറി.

‘ഒന്നാം തുമ്പീ നീ ഓടിവാ
പൊന്നും തേനും നീ കൊണ്ടുവാ
കുഞ്ഞിച്ചൊടിയിൽ പൊൻപൂ വിടർത്തും
ഉണ്ണിക്കിടാവിൻ സംഗീതമായ് വാ’, എന്ന പാട്ട് 'സമയമായില്ല പോലും' എന്ന ചിത്രത്തിലേതാണ്. അതും തുമ്പിതുള്ളലിന്റെ അനുഷ്ഠാനങ്ങളെ ഓർമ്മിപ്പിക്കുന്നു.

'സർവേക്കല്ല്' എന്ന സിനിമയ്ക്കു വേണ്ടി

‘പൂത്തുമ്പീ പൂവൻതുമ്പീ
നീ എന്തേ തുള്ളാത്തൂ
പൂവുപോരാഞ്ഞോ പൂക്കുല പോരാഞ്ഞോ
നീയെന്തേ തുള്ളാത്തൂ തുള്ളാത്തൂ’, എന്ന് ഇതേ കവി ചോദിക്കുമ്പോൾ ഓണവുമായി ബന്ധപ്പെട്ട തുമ്പിതുള്ളലിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിച്ചു കൊണ്ടു പോവുകയാണ്.

ജി.ദേവരാജൻ, ഒഎൻവി കുറുപ്പ്, പി.ഭാസ്കരൻ (ഫയൽ ചിത്രം∙മനോരമ)

‘ആവണി പൊന്നൂഞ്ഞാലിൽ
ആടിവാ കിളിപ്പെണ്ണേ
പൂവായ പൂവെല്ലാം
ചൂടിവാ ആടിവാ
കുറുമൊഴിപ്പൂ ചൂടി വാ’, കെ.ജി ജോർജിന്റെ 'ഓണപ്പുടവ'യ്ക്കു വേണ്ടി ഒ.എൻ.വിയും എം.ബി.ശ്രീനിവാസനും വാണി ജയറാമും ചേർന്നൊരുക്കിയ പാട്ടിൽ

‘മാവേലി വാഴും കാലം
എന്നെന്നും തിരുവോണം
ശീവോതി എഴുന്നള്ളി
പൂ തൂകും തിരുമുറ്റം’, എന്ന വരികൾ ഓണത്തെക്കുറിച്ചുള്ള ഗതകാല സ്മരണകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഓണത്തിന്റെ മറ്റൊരു ആവിഷ്കാരം കുറച്ചുകൂടി ആധുനിക കാലത്തേക്കു വരുമ്പോഴുള്ളതാണ്. 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ഭരതൻ ചിത്രത്തിൽ നെടുമുടി വേണുവും ശാരദയും പാർവതിയും പ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ‘പൂവേണം പൂപ്പട വേണം പൂവിളി വേണം' എന്നു തുടങ്ങുന്ന ഗാനം ഓർമയില്ലേ. അവിടെയും ഓണത്തിന്റെ ഒരു പ്രതീതിയുളവാകുന്നുണ്ട്.

∙ പി. ഭാസ്കരൻ, വയലാർ, ഒ.എൻ.വി കുറുപ്പ്, ശ്രീകുമാരൻ തമ്പി എന്നിവരുടെ സംഭാവനകളെപ്പറ്റി നാം പറഞ്ഞു കഴിഞ്ഞു. ചലച്ചിത്ര ഗാനശാഖയിൽ ഇഷ്ടപ്പെട്ട മറ്റ് ഓണപ്പാട്ടുകൾ ഏതൊക്കെയാണ്?

'വെല്ലുവിളി' എന്ന ചിത്രത്തിലെ

‘ഓണം വന്നേ പൊന്നോണം വന്നേ
മാമലനാട്ടിലെ മാവേലിനാട്ടിലെ
മാലോകർക്കുത്സവകാലം വന്നേ’, എന്ന ബിച്ചു തിരുമലയുടെ വരികൾ ശ്രദ്ധിക്കപ്പെടുന്നതാണ്.‌‌ പിന്നീടിങ്ങോട്ട് ഓണത്തെ പരാമർശിക്കുന്ന ധാരാളം പാട്ടുകൾ വന്നെങ്കിലും അവയ്ക്കൊന്നും നിലവാരമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. എന്നാൽ 'ജേക്കബിന്റെ സ്വർഗരാജ്യം' എന്ന ചിത്രത്തിനായി മനു മഞ്ജിത്ത് എഴുതി ഷാൻ റഹ്മാൻ സംഗീതം നൽകി ഉണ്ണി മേനോനും സിതാര കൃഷ്ണകുമാറും മീരാ ശർമയും ചേർന്നു പാടിയ 'തിരുവാവണിരാവ് മനസ്സാകെ നിലാവ് മലയാളച്ചുണ്ടിൽ മലരോണപ്പാട്ട്' എന്ന പാട്ട് ഓണത്തെക്കുറിച്ചുള്ള സങ്കൽപങ്ങളെ തൊട്ടുണർത്താൻ പോന്നതാണ് .

ബിച്ചു തിരുമല (ഫയൽ ചിത്രം∙മനോരമ)

∙ ഓണപ്പാട്ടുകൾ മികച്ചതാവുന്നതിൽ സംഗീത സംവിധായകരുടെ പങ്കും വളരെ വലുതല്ലേ?

തീർച്ചയായും. ജി.ദേവരാജൻ, വി.ദക്ഷിണാമൂർ‌ത്തി, എം.കെ.അർ‌ജുനൻ, എം.ബി.ശ്രീനിവാസൻ, രവീന്ദ്രൻ, ജോൺസൺ എന്നിവരൊക്കെ മികച്ച ഈണങ്ങൾ സംഭാവന ചെയ്തവരാണ്. എന്നാൽ മലയാളികളല്ലാത്ത സലിൽ ചൗധരിയും ബോംബെ രവിയും കേരളത്തിനിമയുള്ള ഈണങ്ങൾ കൊണ്ട് ധാരാളം ഗാനങ്ങളെ സമ്പന്നമാക്കിയിട്ടുണ്ട്. മലയാളികളുടെ തനതു സംസ്കാരവുമായി അവർ ഇഴുകിച്ചേർന്നതാണ് ഏറെ അത്ഭുതം. സംഗീതത്തിനു ഭാഷയില്ലെന്നു പറയുന്നത് എത്ര ശരി എന്നു തോന്നിപ്പോകും. കാലങ്ങൾ കഴിഞ്ഞിട്ടും അവർ മണ്മറഞ്ഞിട്ടും ആ ഗാനങ്ങൾ ഓണത്തിന്റെ വിശുദ്ധിപോലെ ഇപ്പോഴും നമ്മെ രസിപ്പിക്കുന്നു; ഓർമകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.

വയലാർ രാമവർമ്മ, ജി.ദേവരാജൻ എന്നിവർക്കൊപ്പം യേശുദാസ്

∙ ഓണപ്പാട്ടുകളെക്കുറിച്ചു പറയുമ്പോൾ ആകാശവാണിയെപ്പറ്റിക്കൂടി പറയാതിരിക്കാനാവില്ലല്ലോ. മലയാളിക്ക് ഗൃഹാതുരത്വം സമ്മാനിച്ച ആകാശവാണിക്കാലം ഇന്ന് ഓർമപോലും അല്ലാതായിത്തുടങ്ങുകയാണല്ലോ?

അതെ, ഓണപ്പാട്ടുകളെ ശ്രദ്ധേയമാക്കുന്നതിൽ ആകാശവാണി വഹിച്ച പങ്ക് വളരെ വലുതാണ്. ഗാനോപഹാരം പോലെയുള്ള ആകർഷകമായ പരിപാടികളിലൂടെയാണ് ആകാശവാണി ചലച്ചിത്ര ഗാനശാഖയെ പ്രോത്സാഹിപ്പിച്ചത്. ഓണക്കാലത്ത് പ്രശ്സതരായ പലരെയും അണിനിരത്തി പ്രത്യേക ഗാനോപഹാരം ഒരുക്കുമായിരുന്നു. കൂടാതെ നാടകം, കവിത, ചലച്ചിത്ര ശബ്ദരേഖ എന്നിവയൊക്കെയായി ആകാശവാണി ഓണക്കാലത്തെ മഹത്തരമാക്കി. എന്നാൽ ആകാശവാണിയുടെ ഏറ്റവും വലിയ സംഭാവന പ്രത്യേക ലളിതഗാന പരിപാടിയായിരുന്നു. ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പിലാണ് ഇതു നടത്തിയിരുന്നത്. ഓണക്കാലത്ത് അത് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്യും. ആകാശവാണിയിലെ സംഗീതസംവിധായകർ ചിട്ടപ്പെടുത്തിയ പാട്ടുകൾ വളരെ മികച്ച നിലവാരം പുലർത്തിയിരുന്നു. ഞാനൊക്കെ എന്റെ ബാല്യ, കൗമാര, യൗവന കാലങ്ങളിൽ മറ്റെല്ലാം മാറ്റിവച്ച് അതിനുവേണ്ടി കാതോർത്തിരുന്നു.

ലളിതഗാനമേള  എന്ന ആ  പരിപാടിയിലൂടെയാണ് 'ത്രിവേണി' എന്ന ചലച്ചിത്രത്തിലെ ‘സംഗമം, സംഗമം, ത്രിവേണീ സംഗമം’ എന്ന പാട്ട് യേശുദാസ് പാടി ഞാനാദ്യമായി കേട്ടത്. ജി.ദേവരാജൻ ചിട്ടപ്പെടുത്തിയ ആ പാട്ടിൽ ഒരു പ്രത്യേകതരം ഹമ്മിങ്ങ് സിനിമയിൽ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ആകാശവാണിയിൽ യേശുദാസ് അതു ചേർത്തുപാടി. മറ്റൊന്ന് 'അഗ്നിമൃഗം' എന്ന ചിത്രത്തിലെ 'മരുന്നോ നല്ല മരുന്ന്' എന്ന ഹാസ്യഗാനമായിരുന്നു. ഈ ഗാനവും ഒരു ഓണക്കാലത്ത് ലളിതഗാനമേളയിൽ യേശുദാസ് പാടിയാണ് ഞാൻ ആദ്യമായി കേട്ടത്. പ്രദർശനത്തിനെത്താത്ത ചിത്രങ്ങളിലെ പാട്ടുകൾ അക്കാലത്ത് ആകാശവാണി കൊടുക്കുമായിരുന്നില്ല. എന്നാൽ ലളിതഗാനമേളയിൽ അവയെല്ലാം ഉൾപ്പെടുത്തി. ഒരുപക്ഷേ യേശുദാസ് പാടിയതുകൊണ്ടാവാം അങ്ങനെയൊരു നിയമത്തിനു നേരെ ആകാശവാണി തെല്ലൊന്നു കണ്ണടയ്ക്കാൻ തയാറായത്.

കെ.ജെ.യേശുദാസം (ഫയൽ ചിത്രം ∙ മനോരമ)

∙ ആകാശവാണിക്കാലത്തിനു പിന്നാലെയെത്തിയ ദൂരദർശൻ കാലത്തെക്കുറിച്ചുള്ള ഓർമകൾ എന്തൊക്കെയാണ്?

ദൂരദർശൻ വന്നപ്പോഴേക്കും സിനിമകൾ കളറിലേക്കു മാറിയിരുന്നു. മാത്രമല്ല ദൃശ്യാവിഷ്കാരത്തിലാണല്ലോ അവർ ശ്രദ്ധിച്ചത്. ധാരാളം നാടൻ കലാരൂപങ്ങളെയൊക്കെ ഓണക്കാലത്ത് ദൂരദർ‌ശൻ പരിചയപ്പെടുത്തുമായിരുന്നു. അക്കാലത്ത് ഡൽഹിയിൽ നിന്ന് അരമണിക്കൂർ നീളുന്ന പ്രത്യേക പരിപാടി ഓണക്കാലത്ത് ദേശീയതലത്തിൽ ദൂരദർശൻ ഇംഗ്ലീഷ് കമന്ററിയോടെ സംപ്രേഷണം ചെയ്തിരുന്നു. മലയാളഗാനങ്ങൾ കോർത്തിണക്കിയുള്ള 'ചിത്രഗീതം' നമുക്കു മറക്കാനാവില്ല. ഓണക്കാലത്ത് പ്രശസ്തർ അവതരിപ്പിക്കുന്ന പ്രത്യേക ചലച്ചിത്രഗാനപരിപാടിയുമുണ്ടായിരുന്നു.

∙ ഓണവുമായി ബന്ധപ്പെട്ട നാടൻ പാട്ടുകളെക്കുറിച്ചുള്ള സ്മരണകൾ പങ്കുവയ്ക്കാമോ?

ഓണവുമായി ബന്ധപ്പെട്ട് ധാരാളം നാടൻ പാട്ടുകളുണ്ടായിട്ടുണ്ട്. അതിൽ പലതും ആര് എഴുതിയെന്നു നമുക്കറിയില്ല. എന്നാൽ തലമുറ തലമുറയായി ആ വരികൾ കൈമാറിപ്പോരുന്നു. ഓണത്തിനുള്ള ഒരുക്കങ്ങൾ, ഓണക്കാല വിനോദങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ മാത്രമല്ല സദ്യവട്ടം വരെ ആ പാട്ടുകളുടെ ഭാഗമായിമാറി.

‘കറ്റക്കറ്റ കയറിട്ടു കയറാലഞ്ചു മടക്കിട്ട്
നെറ്റിപ്പട്ടം പൊട്ടിട്ടു കൂടെ ഞാനും പൂവിട്ടു
പൂവേ പൊലി പൂവേ’, എന്നൊരു പാട്ടുണ്ട്. പൂവിനെ സംബോധന ചെയ്ത് അത്തപ്പൂക്കളത്തിനു വേണ്ടി തയ്യാറാകാൻ ആഹ്വാനം ചെയ്യുകയാണ് ഇതിന്റെ രചയിതാവ്. അതേസമയം ഓണത്തിന്റെ ഒരുക്കങ്ങളെല്ലാം ചേർന്നുവരുന്ന പാട്ടുകളുമുണ്ട്.

‘ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല,
എന്തെന്റെ മാവേലി ഓണം വന്നു,
ചന്തയ്ക്കു പോയില്ല നേന്ത്രക്കാ വാങ്ങീല,
എന്തെന്റെ മാവേലി ഓണം വന്നു
പന്തുകളിച്ചീല പന്തലുമിട്ടീല
എന്തെന്റെ മാവേലി ഓണം വന്നു’, ഇതാണ് ആ ഗാനം.

ആഘോഷത്തിനോപ്പം നമുക്ക് ഉറുമ്പുകളേയും ഓർക്കാം. ചിത്രം: റിജോ ജോസഫ്∙മനോരമ

കർക്കടകം 31ന് ആടി കഴിയുന്നതോടെ എല്ലാ ദുരി‌തങ്ങളും അവസാനിച്ചുവെന്നാണു നമ്മുടെ വിശ്വാസം. മൂതേവിയെ ഉപേക്ഷിച്ച് ശ്രീദേവിയെ കുടിയിരുത്തുന്നുവെന്നാണു സങ്കൽപം. ഓണം ഒരു വിനോദം കൂടിയാണ്. തുമ്പിതുള്ളൽ, കൈകൊട്ടിക്കളി തുടങ്ങിയ ധാരാളം വിനോദങ്ങൾ അക്കാലത്തുണ്ട്.

തുമ്പിതുള്ളലിനെക്കുറിച്ചും ഒരു പാട്ടുണ്ട്.

‘ഒന്നാനാം കൊച്ചുതുമ്പീ
എന്റെ കൂടെ പോരുമോ നീ
കളിപ്പാനായ് കളം തരുവേ
കുളിപ്പാനായ് കുളം തരുവേ
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
ഇട്ടിരിക്കാൻ പൊൻതടുക്ക്
ഇട്ടുണ്ണാൻ വെള്ളിക്കിണ്ണം’, എന്നൊക്കെയാണ് അതിലെ വരികൾ.

മാവേലിത്തമ്പുരാനെ പാട്ടുകളിൽ പണ്ടുമുതലേ അവതരിപ്പിക്കുമായിരുന്നു. അന്നും അൽപം കുടവയറുള്ള മാവേലിയെത്തന്നെയാണ് നമ്മൾ സങ്കൽപിച്ചത്. ഓണക്കാലത്ത് ഏറ്റവും പ്രധാനം സദ്യയാണല്ലോ. അതുമായി ബന്ധപ്പെട്ട് ധാരാളം പാട്ടുകളുണ്ട്.

‘ഓണത്തപ്പോ കുടവയറോ
നാളേംപോലും തിരുവോണം
തിരുവോണക്കറിയെന്തെല്ലാം
ചേനത്തണ്ടും ചെറുപയറും
ചെരട്ട തല്ലിപ്പൊട്ടിച്ചൊരുപ്പേരീം’,  എന്നൊക്കെ കുട്ടികളുടെ ഭാവനയ്ക്കനുസൃതമായ പാട്ടുകളും ഉണ്ടായിട്ടുണ്ട്. അതു കുറച്ചുകൂടി പരിഷ്കരിച്ച് പ്രായമായവരുടെ പാട്ടുമുണ്ട്.

ഓണസമയത്തുള്ള മെഗാതിരുവാതിര (ഫയൽ ചിത്രം ∙ മനോരമ)

‘ഓണം വന്നൂ കുടവയറാ
ഓണസദ്യക്കെന്തെല്ലാം
മത്തൻ കൊണ്ടൊരെരിശ്ശേരി
മാമ്പഴമിട്ട പുളിശ്ശേരി
കാച്ചിയ മോര് നാരങ്ങാക്കറി
പച്ചടി കിച്ചടി അച്ചാറ്
പപ്പടമുണ്ട്, പായസമുണ്ട്
ഉപ്പേരികളും പലതുണ്ട്’. ഈ വരികളിൽ നിന്നു പരമ്പരാഗതമായ ഓണസദ്യയുടെ വിഭവങ്ങൾ എന്തൊക്കെയാണെന്നു ഗ്രഹിക്കാം. അതീവ ദുഃഖത്തോടെ പറയട്ടെ, പുതിയ ചലച്ചിത്രങ്ങളിൽ ഭേദപ്പെട്ട ഒരു ഓണപ്പാട്ടു വരുന്നില്ല. മികച്ച സംഗീത ആൽബങ്ങളും പിറക്കുന്നില്ല. ഓണം നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അപ്പോൾ പാട്ടുകളിലൂടെ അതിനെ പരിപോഷിപ്പിക്കാൻ ഗാനശിൽപ്പികൾ ബാധ്യസ്ഥരാണ്. കലാരംഗത്ത് ഇന്നു പ്രവർത്തിക്കുന്നവർ ബോധപൂർവമോ അല്ലാതെയോ ഇക്കാര്യം മറക്കുന്നു. എല്ലാംകൊണ്ടും സവിശേഷമാകേണ്ട ചിങ്ങമാസത്തെ അവർ പഞ്ഞമാസമായ കർക്കടകമാക്കി മാറ്റുന്നു. ഗാനാംഗന ശ്രീദേവിയായല്ല മൂതേവിയായാണ് ഇന്നു നമ്മുടെ മുമ്പിൽ തെളിഞ്ഞു നിൽക്കുന്നത്.

 

English Summary : T.P.Sasthamangalam Speaks About the Golden Era of Onam Songs in Malayalam