ടെസ്റ്റിൽ 1000 തികയ്ക്കാൻ ഇംഗ്ലണ്ട്; ഇതുവരെ 357 ജയം, 297 തോൽവി, 345 സമനില

ദുബായ്∙ എജ്ബാസ്റ്റനിൽ ഇംഗ്ലിഷ് ക്രിക്കറ്റിന് ചരിത്ര മുഹൂർത്തം. ഇന്ത്യക്കെതിരെ നാളെ എജ്ബാസ്റ്റനിൽ ആരംഭിക്കുന്നത് ഇംഗ്ലണ്ടിന്റെ ആയിരാമത് ടെസ്റ്റ്. 1877 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് ഇതുവരെ 999 ടെസ്റ്റുകളിൽ 357 ജയവും 297 പരാജയവും 345 സമനിലയും നേടി. എജ്ബാസ്റ്റൻ ഗ്രൗണ്ടിൽ ഇംഗ്ലണ്ട് 50 ടെസ്റ്റ് കളിച്ചതിൽ 27 ജയവും എട്ടു പരാജയവും 15 സമനിലയും നേടി.

ആയിരാമതു ടെസ്റ്റ് കളിക്കുന്ന ഇംഗ്ലണ്ടിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അഭിനന്ദിച്ചു. 1000 ടെസ്റ്റ് കളിക്കുന്ന ആദ്യ രാജ്യമാണ് ഇംഗ്ലണ്ട്. ഐസിസി മാച്ച് റഫറിമാരുടെ എലീറ്റ് പാനലിലെ മുൻ ന്യൂസീലൻഡ് ക്യാപ്റ്റൻ ജെഫ് ക്രോ ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുകയും ഇംഗ്ലണ്ടിന് ഐസിസിയുടെ ഉപഹാരം കൈമാറുകയും ചെയ്യും.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ആദ്യ ടെസ്റ്റ് കളിച്ചത് 1932 ജൂണിലാണ്. ഇരുരാജ്യങ്ങളും 117 ടെസ്റ്റ് കളിച്ചതിൽ 43ലും ഇംഗ്ലണ്ടിനായിരുന്നു ജയം. 25ൽ ഇന്ത്യയ്ക്കും. ഇംഗ്ലണ്ടിൽ നടന്ന മത്സരങ്ങളിൽ 30 എണ്ണത്തിൽ ഇംഗ്ലണ്ട് ജയിച്ചപ്പോൾ ഇന്ത്യയ്ക്ക് ആറെണ്ണത്തിൽ മാത്രമേ ജയിക്കാനായുള്ളു. 21 മത്സരം സമനിലയായി. എജ്ബാസ്റ്റനിൽ നടന്ന ആറു ടെസ്റ്റുകളിൽ അഞ്ചിലും ഇംഗ്ലണ്ട് ജയിച്ചു. ഒരെണ്ണം സമനിലയായി.