റൊണാൾഡോയ്ക്കെതിരെ 106 കോടി രൂപയുടെ നികുതി വെട്ടിപ്പു കേസ്

മഡ്രിഡ് ∙ റയൽ മഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ 14.7 ദശലക്ഷം യൂറോയുടെ (ഏകദേശം 106 കോടി രൂപ) നികുതി വെട്ടിപ്പു കേസ്. 2011–14 കാലയളവിൽ നാലു കേസുകളിലായി റൊണാൾഡോ ഇത്രയും തുക വെട്ടിച്ചെന്നാണു കേസ്. 2010ൽ രണ്ടു കമ്പനി മാതൃകകൾക്കു രൂപം നൽകി വരുമാനം മറച്ചുവയ്ക്കാൻ റൊണാൾഡോ ശ്രമിച്ചെന്നു മഡ്രിഡിലെ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

സ്വന്തം ഇമേജ് റൈറ്റ്സിൽനിന്നു സമ്പാദിച്ച തുക റൊണാൾഡോ ഈ കമ്പനിയിൽ നിക്ഷേപിച്ചത് അനധികൃതമായിട്ടായിരുന്നെന്നാണു കണ്ടെത്തൽ. ബ്രിട്ടിഷ് വിർജിൻ ഐലൻഡും അയർലൻഡും ആസ്ഥാനമായാണ് ഈ കമ്പനികൾ. കഴിഞ്ഞ മാസം നികുതി വെട്ടിപ്പു കേസിൽ ബാർസിലോന താരം ലയണൽ മെസ്സിയെ സ്പെയിനിലെ കോടതി 21 മാസം തടവു ശിക്ഷയ്ക്കു വിധിച്ചിരുന്നു.

എന്നാൽ സ്പെയിനിലെ നിയമപ്രകാരം മെസ്സി ജയിലിൽ പോകേണ്ടതില്ല. ക്രമസമാധാനത്തെ ബാധിക്കുന്നതല്ലാത്ത കേസുകളിൽ രണ്ടു വർഷത്തിൽ താഴെ തടവുശിക്ഷ ലഭിച്ചാൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ല എന്നാണു സ്പെയിനിലെ ചട്ടം. റൊണാൾഡോയെപ്പോലെ സമാനമായ കേസുകളിലാണു മെസ്സിക്കു ശിക്ഷ ലഭിച്ചത്. മെസ്സിയും പിതാവ് ജോർജെ ഹൊറാസിയോയും ചേർന്നു ബെലീസ്, ബ്രിട്ടൻ, സ്വിറ്റ്സർലൻഡ്, യുറഗ്വായ് എന്നിവ ആസ്ഥാനമായുള്ള കമ്പനികൾ ഉപയോഗിച്ചു വരുമാനം മറച്ചുവച്ചു എന്നായിരുന്നു കേസ്.