ആ മുൾക്കിരീടം ഒടുവിൽ ചിലെയ്ക്ക്; മെസ്സിച്ചിറകിൽ അർജന്റീന, പ്രതീക്ഷ കാത്ത് യുറഗ്വായ്, കൊളംബിയ, പെറു

ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ബ്രസീലിനോടു പരാജയപ്പെട്ട ചിലെ ടീമംഗം വാൽഡിവിയ.

ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരുടെ പ്രാർഥനയ്ക്ക് അർജന്റീനയുടെ സ്വന്തം മിശിഹായിലൂടെ ദൈവം മറുപടി കൊടുത്തു. രാജ്യത്തിനായി കളിക്കുമ്പോൾ ബൂട്ടുകൾ നിശബ്ദമാകുന്നുവെന്ന വിമർശനങ്ങളെ തൽക്കാലത്തേക്കെങ്കിലും കളത്തിനുപുറത്താക്കി ഹാട്രിക്കുമായി കളം നിറഞ്ഞ സൂപ്പർതാരം ലയണൽ മെസ്സിയുടെ മികവിൽ അർജന്റീനയ്ക്കു ലോകകപ്പ് യോഗ്യത. അവസാന ഗ്രൂപ്പ് മൽസരത്തിൽ തകർപ്പൻ വിജയവുമായി ബ്രസീൽ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോൾ, ബ്രസീലിനോടു തോറ്റ ചിലെ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു പുറത്തായി. ബൊളീവിയയെ വീഴ്ത്തി യുറഗ്വായ് യോഗ്യത നേടിയപ്പോൾ, കൊളംബിയയെ സമനിലയിൽ പിടിച്ചു പെറു പ്ലേ ഓഫ് പ്രതീക്ഷ കാത്തു.

ബ്രസീൽ ഒഴികെ ആരുടെയും ലോകകപ്പ് യോഗ്യത ഉറപ്പില്ലാതിരുന്ന ലാറ്റിൻ അമേരിക്കയിൽനിന്ന് ഒടുവിൽ റഷ്യൻ ലോകകപ്പിനു നേരിട്ടു ടിക്കറ്റെടുത്തത് ബ്രസീൽ (41 പോയിന്റ്), യുറഗ്വായ് (31), അർജന്റീന (28), കൊളംബിയ (27) എന്നീ ടീമുകൾ. അഞ്ചാം സ്ഥാനത്തെത്തിയ പെറുവിനു ന്യൂസീലൻഡിനെതിരായ പ്ലേ ഓഫ് കളിച്ചു യോഗ്യത നേടാൻ അവസരമുണ്ട്. അവസാന റൗണ്ട് മൽസരങ്ങൾ തുടങ്ങുമ്പോൾ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ചിലെ, ബ്രസീലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കു തോറ്റാണു പുറത്തായത്. നേരത്തേതന്നെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചിരുന്ന വെനസ്വേല പാരഗ്വായെ തോൽപ്പിച്ച് അവരുടെയും വഴിമുടക്കിയപ്പോൾ, കൊളംബിയയ്ക്കെതിരായ മൽസരത്തിൽ പിന്നിൽനിന്നു തിരിച്ചടിച്ചാണു പെറു പ്ലേ ഓഫിനു യോഗ്യത നേടിയത്. യാൻഗ്വല്‍ ഹെരേര 84–ാം മിനിറ്റിൽ വെനസ്വേലയ്ക്കായി നേടിയ ഗോളാണു പാരഗ്വായ്ക്കു പാരയായത്.

പെറുവിനും ചിലെയ്ക്കും 26 പോയിന്റു വീതമുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലായിപ്പോയതാണു ചിലെയെ ചതിച്ചത്. പെറു 27 ഗോളുകൾ നേടി 26 എണ്ണം വഴങ്ങിയപ്പോൾ, 26 ഗോളുകൾ നേടിയ ചിലെ 27 എണ്ണം വഴങ്ങിയതാണ് അവർക്കു വിനയായത്. ഫലത്തിൽ, ഇന്നു പുലർച്ചെ നടന്ന മൽസരത്തിൽ ബ്രസീലിനോടേറ്റ തോൽവിയാണു ക്ലോഡിയോ ബ്രാവോയേയും സംഘത്തെയും ലോകകപ്പിനു പുറത്താക്കിയത്. ഇത്തവണത്തെ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങൾക്കു ബ്രസീലിനെ തോൽപ്പിച്ചു തുടക്കമിട്ട ചിലെയ്ക്ക്, അവസാന മൽസരത്തിൽ അതേ ടീമിനോടേറ്റ തോൽവി പുറത്തേക്കുള്ള ടിക്കറ്റ് സമ്മാനിച്ചു. യോഗ്യതാ റൗണ്ടിൽ ചിലെയ്ക്കെതിരായ മല്‍സരം മാത്രം തോറ്റ ബ്രസീൽ, പിന്നീടു കരുത്താർജിച്ച് അനായാസം ലോകകപ്പ് യോഗ്യത നേടുകയും ചെയ്തു.

പെറുവിന്റെ റിനെതാ താപിയയും കൊളംബിയയുടെ ദുവാൻ സപാതയും മൽസരത്തിനിടെ.

അനിശ്ചിതത്വങ്ങളുടെ ലാറ്റിനമേരിക്കൻ ഗ്രൂപ്പ്

വിജയിക്കുക അല്ലെങ്കിൽ പുറത്തേക്ക് എന്ന നിലയിൽ ഇക്വഡോറിനെതിരെ അവരുടെ മൈതാനത്ത് ബൂട്ടുകെട്ടിയ അർജന്റീന തിരിച്ചുകയറിയത് 3–1 വിജയവുമായി. മൽസരം തുടങ്ങി 40–ാം സെക്കൻഡിൽ ലീഡെടുത്ത ഇക്വഡോറിനെ ആദ്യ പകുതിയിൽ രണ്ടും രണ്ടാം പകുതിയിൽ ഒന്നും ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന തുരത്തിയത്. വിജയത്തോടെ 18 കളികളിൽനിന്ന് 28 പോയിന്റുമായി അർജന്റീന ഗ്രൂപ്പിൽ മൂന്നാമതെത്തി. ബ്രസീൽ, യുറഗ്വായ് എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ. തപ്പിയും തടഞ്ഞും യോഗ്യതാ മൽസരത്തിൽ മുന്നേറിയ അർജന്റീന രണ്ടുവർഷം മുൻപ് ഇക്വഡോറിനോടു രണ്ടു ഗോളിനു തോറ്റാണു പോരാട്ടം തുടങ്ങിയത് എന്നതു മൽസരത്തിനു മുൻപ് അർജന്റൈൻ ആരാധകരെ പിരിമുറുക്കത്തിലാക്കിയിരുന്നു. രണ്ടുതവണ ലോകചാംപ്യൻമാരായ അർജന്റീന മൽസരം തുടങ്ങുമ്പോൾ ഗ്രൂപ്പിൽ ആറാം സ്ഥാനത്തായിരുന്നു.

മല്‍സരം തുടങ്ങി ആദ്യ മിനിറ്റിൽത്തന്നെ ഇക്വഡോർ ലീഡെടുത്തതോടെ അർജന്റീന പുറത്തേക്കു തന്നെയെന്നു കടുത്ത ആരാധകർ പോലും വിശ്വസിച്ചു. ഇബാരയാണ് അർജന്റൈൻ ആരാധകരുടെ നെഞ്ചിൽ തീകോരിയിട്ട് ഇക്വഡോറിന് 40–ാം സെക്കൻഡില്‍ ലീഡു സമ്മാനിച്ചത്. പിന്നീടായിരുന്നു ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകരെ വിരുന്നൂട്ടി മെസ്സിയുടെ ഹാട്രിക്ക് പിറന്നത്. 12–ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തിയ മെസ്സി 20–ാം മിനിറ്റിൽ ടീമിനു ലീഡും സമ്മാനിച്ചു. 62–ാം മിനിറ്റിൽ ഹാട്രിക്ക് ഗോളും യോഗ്യതാ റൗണ്ടിലെ തന്റെ 20–ാം ഗോളും കണ്ടെത്തിയ മെസ്സി രാജകീയമായിത്തന്നെ ടീമിനു ലോകകപ്പ് യോഗ്യത സമ്മാനിച്ചു.

അർജന്റീനയുടെ വഴി മുടക്കാൻ സാധ്യതയുണ്ടായിരുന്നു ചിലെയെ ബ്രസീൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോൽപ്പിക്കുകയും ചെയ്തു. ഈ തോൽവി ചിലെയുടെ ലോകകപ്പ് മോഹങ്ങൾ തല്ലിക്കെടുത്തിയപ്പോൾ, ലാറ്റിനമേരിക്കൻ മേഖലയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി ബ്രസീൽ ലോകകപ്പ് പ്രവേശനം ഗംഭീരമാക്കി. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം രണ്ടാം പകുതിയിലായിരുന്നു ചിലെയെ പഞ്ഞിക്കിട്ട ബ്രസീലിന്റെ ഗോളുകൾ. 55–ാം മിനിറ്റിൽ ഡാനി ആൽവ്സിന്റെ പാസിൽനിന്ന് ആദ്യ ഗോൾ നേടി ടീമിന് ലീഡു സമ്മാനിച്ചത് ബാർസിലോന താരം പൗളീഞ്ഞോ. 57, 90+3 മിനിറ്റുകളിൽ നേടിയ ഇരട്ടഗോളുകളുമായി ഗബ്രിയേൽ ജീസും കളം വാണതോടെ ചിലെ പുറത്തേക്ക്.

ബ്രസീലിന്റെ ഗബ്രിയേൽ ജീസസും ചിലെയുടെ ഗാരി മേഡെലും ലോകകപ്പ് യോഗ്യതാ മൽസരത്തിൽ.

മറ്റൊരു മൽസരത്തിൽ ബൊളീവിയയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് യുറഗ്വായും രണ്ടാം സ്ഥാനത്തോടെ ലോകകപ്പിനു യോഗ്യത ഉറപ്പിച്ചു. ലൂയി സ്വാരസിന്റെ ഇരട്ടഗോളുകളാണ് യുറഗ്വായ് – ബൊളീവിയ മൽസരത്തിലെ ഹൈലൈറ്റ്. 60, 76 മിനിറ്റുകളിലായിരുന്നു സ്വാരസിന്റെ ഗോളുകൾ. ആദ്യപകുതിയിൽ കാസറസ് (39), എഡിസൻ കവാനി (42) എന്നിവർ യുറഗ്വായ്ക്ക് ലീഡു സമ്മാനിച്ചിരുന്നു. അതേസമയം, ബൊളീവിയ നേടിയ ഗോളുകളിൽ ഒന്നുപോലും അവരുടെ താരങ്ങളുടെ പേരിലില്ല. മൽസരത്തിന്റെ ഇരുപകുതികളിലുമായി യുറഗ്വായ് താരങ്ങൾ വഴങ്ങിയ സെൽഫ് ഗോളുകളാണ് അവരുടെ പട്ടികയിൽ രണ്ടു ഗോൾ ചേർത്തത്. 24–ാം മിനിറ്റിൽ സിൽവയും 79–ാം മിനിറ്റിൽ ഡീഗോ ഗോഡിനും സ്വന്തം പോസ്റ്റിലേക്കു ഗോളടിച്ചു.

നിർണായകമായ മറ്റൊരു മൽസരത്തിൽ സൂപ്പർ താരം ഹാമിഷ് റോഡ്രിഗസ് 56–ാം മിനിറ്റിൽ കൊളംബിയയെ മുന്നിലെത്തിച്ചതോടെ പെറു പുറത്തേക്കുള്ള വഴി ഏതാണ്ട് ഉറപ്പിച്ചതാണ്. പ്ലേ ഓഫ് സാധ്യതയെങ്കിലും നിലനിർത്താൻ സമനില അനിവാര്യം എന്ന നിലയിൽ പൊരുതിയ അവർക്ക് 76–ാം മിനിറ്റിൽ പൗലോ ഗ്വെരോറോയിലൂടെ പ്രതീക്ഷ നിലനിർത്താനുള്ള കച്ചിത്തുരുമ്പു ലഭിച്ചു. കൊളംബിയൻ ബോക്സിനു വെളിയിൽനിന്നു ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിയ ഗ്വെരോറോ പെറുവിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അണയാതെ കാത്തു. അതേസമയം, പെറു തോറ്റാൽ അഞ്ചാം സ്ഥാനക്കാരായി പ്ലേ ഓഫിനു യോഗ്യത നേടാമെന്നു സ്വപ്നം കണ്ടിരുന്ന ചിലെയുടെ വഴി അടയുകയും ചെയ്തു.