ഛേത്രിയുടെ ഇരട്ടഗോളിൽ ഇന്ത്യയ്ക്ക് ഇന്റർകോണ്ടിനെന്റൽ കപ്പ്

ഇന്റർകോണ്ടിനെന്റൽ കപ്പുമായി ഇന്ത്യൻ ടീം. ചിത്രങ്ങൾ: വിഷ്ണു വി. നായർ ∙ മനോരമ

മുംബൈ∙ മെസ്സിക്കൊപ്പമെത്തിയ പ്രകടനത്തിലൂടെ നായകൻ സുനിൽ ഛേത്രി ലോകപ്രശസ്തിയിലേക്കുയർന്ന രാവിൽ ഇന്ത്യൻ ഫുട്ബോളിന് അവിസ്മരണീയമായ  കിരീട നേട്ടം. ആഫ്രിക്കൻ കരുത്തുമായെത്തിയ കെനിയയെ ഛേത്രി കുറിച്ച രണ്ടു മിന്നും ഗോളുകളുടെ മികവിൽ  2–0നു തകർത്താണ് ഇന്ത്യ ഇന്റർ കോണ്ടിനെന്റൽ കിരീടത്തിൽ മുത്തമിട്ടത്. എട്ട്, 29 മിനിറ്റുകളിലായിരുന്നു ഗോളുകൾ.  നിലവിൽ കളിക്കുന്ന താരങ്ങൾ നേടിയ രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ അർജന്റീന നായകൻ ലയണൽ മെസ്സിക്കൊപ്പമെത്തിയതോടെ ഇന്ത്യ‌യ്ക്ക് ഇരട്ടി മധുരമായി. 64 ഗോൾ വീതം നേടിയ മെസ്സിക്കും ഛേത്രിക്കും മുന്നിലുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോ  മാത്രം. ടൂ‍ർണമെന്റിൽ ഇന്ത്യ നേടിയ 11 ഗോളുകിൽ എട്ടെണ്ണവും ഛേത്രിയുടെ ബൂട്ടുകളിൽനിന്നായിരുന്നു.

കെനിയൻ ഡിഫൻഡർ ബെർണാഡ് ഒഗിങ്കയുടെ പിഴവിനെത്തുടർന്ന് ലഭിച്ച ഫ്രീകിക്കിൽനിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. അനിരുദ്ധ് താപ്പ എടുത്ത കിക്ക് ഛേത്രി വലയിലേക്കു തിരിച്ചുവിടുകയായിരുന്നു. നിലാംപറ്റിയുള്ള മനോഹര ഷോട്ടിലൂടെയാണ് നായകൻ ഇന്ത്യയുടെ ലീഡ് ഉയർത്തിയത്. മലയാളി താരം അനസ് എടത്തൊടിക ഉയർത്തിക്കൊടുത്ത പന്ത്  നെഞ്ചിലെടുത്ത് നിയന്ത്രിച്ച് കെനിയൻ ഡിഫൻഡർമാർക്കിടയിലൂടെ ഗോൾവലയിലേക്കു നിറയൊഴിക്കുകയായിരുന്നു. 

തുടർന്ന് മറുപടി ഗോളിനു വേണ്ടി കെനിയ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധനിര അവരുടെ നീക്കങ്ങളുടെ മുനയൊടിച്ചു.