ബോൾട്ട് ഇനി ഫുട്ബോൾ താരം; ട്രയൽസിനായി ഓസ്ട്രേലിയൻ ക്ലബ്ബിൽ

ഫുട്ബോൾ പരിശീലനം നടത്തുന്ന ഉസൈൻ ബോള്‍ട്ട്

സിഡ്നി ∙ ലോക അത്‌ലറ്റിക്സ് ഇതിഹാസം, ജമൈക്കക്കാരൻ ഉസൈൻ ബോൾട്ട് ഫുട്ബോൾ താരമാകുന്നു! ഓസ്ട്രേലിയയിലെ ഒന്നാംനിര ഫുട്ബോൾ ലീഗായ എ ലീഗിലാണ് ബോൾട്ട് ബൂട്ട് കെട്ടാനൊരുങ്ങുന്നത്. എ ലീഗ് ക്ലബ് സെൻട്രൽ കോസ്റ്റ് മറീനേഴ്സുമായി ചർച്ചകൾ നടക്കുകയാണെന്ന് ക്ലബ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കഴിഞ്ഞയിടെ ജർമൻ ക്ലബ് ബോറൂസിയ ഡോർട്മുണ്ട്, നോർവെ ക്ലബ് സ്ട്രോംസ്ഗോഡ്സെറ്റ് എന്നിവയിൽ ബോൾട്ട് ട്രയൽസ് നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതിൽ നിരാശനാകാതെയാണ് ഓസ്ട്രേലിയൻ ക്ലബ്ബിലെ പുതിയ ട്രയൽസ്.

അത്‌ലറ്റിക്സിൽ 100 മീറ്റർ, 200 മീറ്റർ റെക്കോർഡുകൾ പേരിലുള്ള ബോൾട്ട് ആറാഴ്ചത്തെ ട്രയൽസിനാണ് ഒരുങ്ങുന്നത്. ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കും. ഇതിൽ വിജയിച്ചാൽ അടുത്ത സീസൺ മുതൽ, പ്രഫഷനൽ ഫുട്ബോളറായി കളിക്കിറങ്ങാനാണു പദ്ധതി. എട്ട് ഒളിംപിക്സ് സ്വർണവും 11 ലോകചാംപ്യൻഷിപ് സ്വർണവും പേരിലുള്ള ബോൾട്ട് കഴിഞ്ഞ വർഷം അത്‌ലറ്റിക്സിൽനിന്ന് വിരമിച്ചതു മുതൽ ഫുട്ബോൾ കളിക്കാരനാവുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. അടുത്ത മാസം 32 തികയുന്ന ബോൾട്ട് ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ്. മുൻ യുണൈറ്റഡ് കോച്ച് അലക്സ് ഫെർഗൂസന്റെ സഹായിയായിരുന്ന മൈക്ക് ഫീലാനാണ് ഇപ്പോൾ സെൻട്രൽ കോസ്റ്റ് മറീനേഴ്സിന്റെ പരിശീലകൻ. ഇതാണ് ബോൾട്ട് ഓസ്ട്രേലിയയിലേക്ക് എത്താൻ കാരണമെന്നാണു സൂചന.

കഴിഞ്ഞ മാർച്ചിൽ ജർമൻ ബുന്ദസ് ലിഗ ക്ലബ് ബോറൂസിയ ഡോർട്മുണ്ട്, ജൂണിൽ നോർവീജിയൻ ക്ലബ് സ്ട്രോംസ്ഗോഡ്സെറ്റ് എന്നിവയിൽ ബോൾട്ട് ട്രയൽസിന് ഇറങ്ങിയിരുന്നു. സ്ട്രോംസ്ഗോഡ്സെറ്റും നോർവെ അണ്ടർ 19 ടീമും തമ്മിൽ നടന്ന സൗഹൃദമൽസരത്തിൽ 20 മിനിറ്റ് ബോൾട്ട് കളിക്കിറങ്ങിയിരുന്നു. ബോൾട്ടിന്റെ പേരിലുള്ള 100 മീറ്റർ റെക്കോർഡ് സമയം സൂചിപ്പിക്കാൻ 9.58 എന്ന ജഴ്സി നമ്പരിലായിരുന്നു ബോൾട്ടിന്റെ കളി.