ലാലിഗ പ്രീ സീസൺ: കേരള ബ്ലാസ്റ്റേഴ്സ് ടീം എത്തി; കൊച്ചിയിൽ മഞ്ഞയിരമ്പം

കൊച്ചിയിൽ ആരംഭിക്കുന്ന ടൊയോട്ടാ യാരിസ് ലാ ലിഗ വേൾഡ് മത്സരങ്ങൾക്കായി എത്തിയ മെൽബൺ സിറ്റി എഫ് സി താരങ്ങൾ പരിശീലനത്തിൽ.

കൊച്ചി ∙ മഞ്ഞപ്പടയുടെ ആരവങ്ങൾക്കിടയിലേക്കു കേരള ബ്ലാസ്റ്റേഴ്സ് പറന്നിറങ്ങി. 24നു തുടങ്ങുന്ന ടൊയോട്ട യാരിസ് ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോളിനായി അഹമ്മദാബാദിലെ ക്യാംപിനുശേഷം എത്തിയതാണു ബ്ലാസ്റ്റേഴ്സ്. പുതിയ സീസണിൽ ഇതാദ്യമായാണു ബ്ലാസ്റ്റേഴ്സ് ടീം സ്വന്തം തട്ടകത്തിൽ എത്തുന്നത്. വൻ സ്വീകരണമാണു കൊച്ചിയിൽ ടീമിന് ആരാധകസംഘം നൽകിയത്. 

ടീം ബ്ലാസ്റ്റേഴ്സ് എത്തുന്നത് ഏറെ മാറ്റങ്ങളോടെയാണ്. കഴിഞ്ഞ സീസണിൽ നെടുംതൂണായി നിന്ന ഇയാൻ ഹ്യൂം എന്ന ഹ്യൂമേട്ടൻ ഇത്തവണയില്ല. സീസൺ കഴിഞ്ഞതോടെ കോച്ചിനെതിരെ ആരോപണങ്ങളുടെ വെടിയുതിർത്തുപോയ ബെർബയുമില്ല. സൂപ്പർ കപ്പിനായി ടീമിൽ തുടർന്ന വെസ് ബ്രൗൺ തിരിച്ചെത്തിയില്ല. ഗോളി റെച്ചൂക്കയും വരുന്നില്ല. ജാക്കിചന്ദ് സിങ്ങും മലയാളി താരം റിനോ ആന്റോയും കൂടുമാറി. ഗോൾ കീപ്പർ സുഭാശിഷ് റോയിയും. ഇത്തവണ ശ്രദ്ധേയമായ വസ്തുത ബ്ലാസ്റ്റേഴ്സ് ടീം കൂടുതൽ മലയാളിത്തമുള്ളതായി മാറി എന്നതാണ്. 11 മലയാളികളുണ്ട് ടീമിൽ. മുൻനിരയിൽ സി.കെ.വിനീതിനൊപ്പം വി.കെ.അഫ്ദാലും എം.എസ്.ജിതിനും. മധ്യനിരയിൽ എം.പി.സക്കീർ, സഹൽ അബ്ദുൽ സമദ്, കെ.പ്രശാന്ത്, ഋഷിദത്ത് ശശികുമാർ, ഡിഫൻഡർമാരായ അനസ് എടത്തൊടിക, അബ്ദുൽ ഹക്കു, ജിഷ്ണു ബാലകൃഷ്ണൻ, ഗോൾ കീപ്പർ സുജിത് ശശികുമാർ. പിന്നെ നാലു സീസണിന്റെ മലയാളിത്തം അവകാശപ്പെടാവുന്ന സന്ദേഷ് ജിങ്കാനും. 

വിദേശതാരങ്ങളിൽ ബ്ലാസ്റ്റേഴ്സ് നിലനിർത്തിയതു ഡിഫൻഡർ നെമാന്യ ലാസിച് പെസിച്, മധ്യനിരക്കാരായ കറേജ് പെക്കുസൻ, കെസിറോൺ കിസിത്തോ എന്നിവരെ മാത്രം. ആകെ വിദേശതാരങ്ങൾ ആറ്. 

ലാ ലിഗ ടൂർണമെന്റിൽ എത്ര വിദേശികളെ കളത്തിൽ ഇറക്കാം എന്നതു സംബന്ധിച്ചു വ്യക്തതയായില്ല. പ്രതിരോധത്തിൽ പുതിയ താരം ഫ്രഞ്ചുകാരൻ സിറിൽ കാലിയും ജിങ്കാനും അനസും ലാൽറുവാത്താരയും നിരക്കുമെന്നാണു പ്രതീക്ഷ. മധ്യനിരയിൽ പെക്കുസൻ, കിസിത്തോ, നേഗി, ഹാലിചരൺ നർസാരി എന്നിവർ ഇടംപിടിച്ചേക്കും. മുൻനിരയി‍ൽ പുതിയ കളിക്കാരായ സ്‌ലാവിസ സ്റ്റൊയാനോവിച്, പൊപ്ലാട്നിക് എന്നിവർക്ക് ഒരുമിച്ച് അവസരം നൽകുന്നതിനു പകരം ഇവരിലൊരാൾക്കൊപ്പം സി.കെ.വിനീതിനെ ഇറക്കാനാണു സാധ്യത. എന്തുതന്നെയായാലും ഇതു പുതിയ ബ്ലാസ്റ്റേഴ്സ് തന്നെയാവും. ഐഎസ്എൽ അഞ്ചാം സീസൺ തുടങ്ങുമ്പോഴേക്ക് വിദേശത്തുനിന്ന് ഒരു ഗോൾ കീപ്പർ എത്താനും സാധ്യതയുണ്ട്. 

അതുവരെ അണ്ടർ 17 ലോകകപ്പിലെ ഹീറോ ധീരജ് സിങ് ഗോൾവലയം കാക്കും. കോച്ച് ഡേവിഡ് ജയിംസിന്റെ ഇഷ്ടതാരമാണു പയ്യൻസ്.