വമ്പൻമാർ വഴിമാറുക, ഈ യുവ ഗോൾകീപ്പറിന് 630 കോടി രൂപ!

കെപ്പ അറിസാബെലാഗ

കെപ്പ അറിസാബെലാഗയെ അറിയുമോ? അറിയാൻ സാധ്യതയില്ല. സ്പാനിഷ് ലീഗ് ക്ലബ്ബായ അത്‍ലറ്റിക്കോ ബിൽബാവോയുടെ സ്പാനിഷ് ഗോൾകീപ്പറാണ് ഈ ഇരുപത്തിമൂന്നുകാരൻ താരം. താരവിപണിയിൽ ‘കച്ചവടം’ പൊടിപൊടിക്കുന്നതിനിടെ, അപ്രതീക്ഷിതമായി ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ് കെപ്പ. ഈ യുവ ഗോൾകീപ്പറിനായി 80 മില്യൻ യൂറോ (ഏതാണ്ട് 630 കോടി രൂപ) മുടക്കാൻ തയാറായി ഇംഗ്ലിഷ് ക്ലബ് ചെൽസി രംഗത്തെത്തിയതോടെയാണ് കെപ്പ വാർത്തകളിലെ താരമായത്.

നിലവിൽ ചെൽസിയുടെ ഗോൾവല കാക്കുന്ന ബൽജിയം ഗോൾകീപ്പർ തിബോ കുർട്ടോ ക്ലബ് വിടാനുള്ള താൽപര്യം പ്രകടിപ്പിച്ചതോടെയാണ് പകരക്കാരനായുള്ള അന്വേഷണം ചെൽസി ആരംഭിച്ചത്. ഇത് അത്‌ലറ്റിക്കോ ബിൽബാവോ ഗോൾകീപ്പറിൽ എത്തിയതിനു പിന്നാലെയാണ് 630 കോടി രൂപവരെ താരത്തിനായി മുടക്കാൻ ചെൽസി സന്നദ്ധത അറിയിച്ചത്.

തിബോ കുർട്ടോ സ്പാനിഷ് വമ്പൻമാരായ റയൽ മഡ്രിഡിലേക്കു ചേക്കേറുമെന്നാണ് ശ്രുതി. കുർട്ടോ, ചെൽസിയിലെ അദ്ദേഹത്തിന്റെ ബൽജിയം സഹതാരം ഏ‍ഡൻ ഹസാർഡ് എന്നിവർക്കായി ലോകകപ്പിനു തൊട്ടുപിന്നാലെ മുതൽ റയൽ പിടിമുറുക്കിയതാണെങ്കിലും ചെൽസി ഇനിയും മനസ്സു തുറന്നിട്ടില്ല. അതേസമയം, ചെൽസിക്ക് താൽപര്യമുള്ള ക്രൊയേഷ്യൻ താരം മറ്റിയോ കൊവാസിച്ചിനെ വായ്പാടിസ്ഥാനത്തിൽ നൽകാമെന്ന് റയൽ സമ്മതിച്ചത് കുർട്ടോയുടെ മാറ്റത്തിന് ഇന്ധനം പകരുമെന്നാണ് റിപ്പോർട്ട്.

ഈ ട്രാൻസ്ഫർ യാഥാർഥ്യമായാൽ ചെൽസിയിലെ ഏറ്റവും വില കൂടിയ താരവുമാകും കെപ്പ. റയൽ മഡ്രിഡിന്റെ സ്പാനിഷ് താരം അൽവാരോ മൊറാട്ടയെ വാങ്ങാനായി ചെലവഴിച്ച 505 കോടി രൂപയാണ് നിലവിൽ ചെൽസിയുടെ ഏറ്റവും വലിയ ട്രാൻസ്ഫർ തുക. 

മാത്രമല്ല, ഏറ്റവും വില കൂടിയ ഗോൾകീപ്പറുമാകും ഈ ഇരുപത്തിമൂന്നുകാരൻ. ബ്രസീലിയൻ ഗോൾകീപ്പർ അലിസൻ ബെക്കറാണ് നിലവിൽ ലോകത്തെ ഏറ്റവും വിലയേറിയ ഗോൾകീപ്പർ. ഇറ്റാലിയൻ ലീഗിൽ എഎസ് റോമയുടെ താരമായിരുന്ന അലിസനെ ഇംഗ്ലിഷ് പ്രീമിയർ ലീഗിലെ ലിവർപൂള്‍ ഏകദേശം 599 കോടി രൂപയ്ക്കാണ് ഈ സീസണിൽ ടീമിലെടുത്തത്. 2001ൽ ഇറ്റാലിയൻ ക്ലബ് പാർമയിൽനിന്ന് ജിയാൻ ല്യുജി ബുഫണെ വാങ്ങാൻ യുവെന്റസ് മുടക്കിയതായിരുന്നു അതിനു മുൻപത്തെ റെക്കോർഡ് തുക.