ചെൽസി ഇന്നു ഹഡെർഡ്ഫീൽഡിനെതിരെ; ഇനി സാറി, എല്ലാം ശരിയാകും!

മൗറീഷ്യോ സാറി

ലണ്ടൻ ∙ ചെൽസിയെക്കൊണ്ട് ആക്രമണ ഫുട്ബോൾ കളിപ്പിക്കുമെന്നു പ്രഖ്യാപിച്ച പരിശീലകൻ മൗറീഷ്യോ സാറിയെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. അമിതപ്രതിരോധത്തിലൂന്നി കളിച്ചു ശീലിച്ച ചെൽസിയെക്കൊണ്ട് സാറി അറ്റാക്കിങ് ഫുട്ബോൾ കളിപ്പിക്കുമെങ്കിൽ അതിന്റെ ചുക്കാൻ പിടിക്കുക ബൽജിയൻ സൂപ്പർ താരം ഏദൻ ഹസാഡും സ്പാനിഷ് താരം സെസ്ക് ഫാബ്രിഗസുമാകും എന്നതിൽ സംശയമില്ല.  റയൽ മഡ്രിഡിലേക്കു കൂടുമാറരുതെന്നു ഹസാഡിനോടുള്ള ഫാബ്രിഗസിന്റെ അഭ്യർഥനയും ഇതോടൊപ്പം ചേർത്തു വായിക്കണം. ചെൽസിയിൽ തുടരുമെന്നു ഹസാഡ് ഉറപ്പു നൽകിയിട്ടുണ്ടെന്നു സാറിയും പറഞ്ഞുകഴിഞ്ഞു. 

2016–17 സീസണിലെ പ്രീമിയർ ലീഗ് ജേതാക്കളായ ചെൽസി മാറ്റത്തിന്റെ പകിട്ടിലാണ്. കഴിഞ്ഞവട്ടം അഞ്ചാം സ്ഥാനത്തു പോരാട്ടം അവസാനിപ്പിച്ച ചെൽസിക്ക് ഇത്തവണത്തെ ചാംപ്യൻസ് ലീഗ് സ്ഥാനവും നഷ്ടമായിരുന്നു. എഫ്എ കപ്പ് നേടാനായെങ്കിലും ടീമിന്റെ മോശം പ്രകടനത്തിന്റെ പേരിൽ പരിശീലകൻ അന്റോണിയോ കോണ്ടെയെ ക്ലബ് പുറത്താക്കി. 

ചെൽസിയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ മുൻ ഇറ്റാലിയൻ സ്ട്രൈക്കർ ജിയാൻഫ്രാങ്കോ സോള സഹപരിശീലകന്റെ റോളിൽ സ്റ്റാംഫർഡ് ബ്രിഡ്ജിലേക്കു മടങ്ങിയെത്തിയതോടെ ടീം അംഗങ്ങളും ആവേശത്തിലാണ്. നാലു താരങ്ങളെയാണ് ചെൽസി ഈ സീസണിൽ ടീമിലെടുത്തത്. സ്പാനിഷ് യുവ ഗോൾകീപ്പർ കെപ്പെ അരിസബലാഗ, ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജീഞ്ഞോ, വായ്പാ അടിസ്ഥാനത്തിൽ റയൽ മഡ്രിഡ് വിട്ടുനൽകിയ മാറ്റിയോ കോവാസിച്ച്, ഇംഗ്ലണ്ടിന്റെ വെറ്ററൻ‌ ഗോൾകീപ്പർ റോബർട്ട് ഗ്രീൻ എന്നിവർ ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. 

∙ പ്രതിരോധം പാളുമോ?

ചെൽസി പ്രതിരോധനിരയുടെ ബലഹീനത തുറന്നുകാട്ടുന്നതായിരുന്നു മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള കമ്യൂണിറ്റി ഷീൽഡ് ഫൈനൽ. സെന്റർ ഡിഫൻഡർമാരായി ആരെ നിയോഗിക്കും എന്നുള്ളതാണ് സാറിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. 

ബ്രസീലിന്റെ ഡേവിഡ് ലൂയിസിനും ജർമനിയുടെ അന്റോണിയോ റൂഡിഗറിനുമാണു പ്രഥമ പരിഗണന.  കമ്യൂണിറ്റി ഷീൽഡ് ഫൈനലിൽ നിറം മങ്ങിയ ഡേവിഡ് ലൂയിസ് ഫോമിലേക്കുയർന്നില്ലെങ്കിൽ ഗാരി കാഹിലാകും ടീമിൽ ഇടം പിടിക്കുക. സ്പാനിഷ് താരങ്ങളായ സീസർ ആസ്പിലിക്ക്യുയേറ്റയും മാർക്കോസ് അലോൻസോയും ഫസ്റ്റ് ഇലവനിൽ ഇടം പിടിക്കും.

∙ കരുത്തോടെ മധ്യനിര

റഷ്യ ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ആരാധകരുടെ മനം കവർന്ന ഏദൻ ഹസാഡ്, എംഗോളോ കാന്റെ, വില്ലിയൻ എന്നിവർക്കൊപ്പം സ്പാനിഷ് മിഡ്ഫീൽഡർ സെസ്ക് ഫാബ്രിഗസും ചേരുന്ന മധ്യനിരയിലാണു ചെൽസിയുടെ കരുത്ത്. പകരക്കാരായെത്തുന്ന വിക്ടർ മോസസും മാറ്റിയോ കോവാസിച്ചും അതിവേഗക്കാരാണ്. നാപ്പോളിയിൽനിന്നു വൻതുകയ്ക്കു സ്വന്തമാക്കിയ ജോർജീഞ്ഞോയു ചേരുന്ന മധ്യനിരയ്ക്ക് ഒത്തിണക്കം കണ്ടെത്താനായാൽ ചെൽസിക്കു കാര്യങ്ങൾ എളുപ്പമാകും.

∙ മൂർച്ച കൂട്ടാൻ മുന്നേറ്റം 

കണ്ണുംപൂട്ടി മാർക്കിടാവുന്ന സ്ട്രൈക്കർമാർ ചെൽസിയിലില്ല. എന്നാൽ, സാങ്കേതികത്തികവുകൊണ്ടും പ്രതിഭാ സ്പർശംകൊണ്ടും മികച്ചു നിൽക്കുന്ന ഒളിവർ ജിറൂദ്, ആൽവാരോ മൊറാട്ട, പ്രെഡ്രോ എന്നിവരെ വിലകുറച്ചു കാണാനാകില്ല. ഹസാഡ് കൂടി മുന്നേറ്റനിരയിലേക്ക് എത്തുന്നതോടെ ചെൽ‌സിയുടെ നീക്കങ്ങൾക്കു മൂർച്ച കൂടും. പകരക്കാരന്റെ റോളിലാകും ഇറങ്ങുകയെങ്കിലും റൂഭൻ ലോഫ്റ്റസ് ചീക്കും അപകടകാരിയാണ്. എതിർ ബോക്സിനുള്ളിൽ വിന്യസിക്കുന്ന ജിറൂദിന് ഗോൾ കണ്ടെത്താനാകാത്ത സാഹചര്യത്തെ ചെൽസി എങ്ങനെ നേരിടുമെന്നു കണ്ടറിയണം.