പിഎസ്ജി നാളെ ഇറങ്ങുന്നു; നെയ്മർ, എംബപ്പെ, കവാനി, ബുഫൺ കളത്തിൽ

പാരിസ് ∙ ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ യൂറോപ്പ് കീഴടക്കിയതു പോലെ പിഎസ്ജി യാത്ര തുടങ്ങുകയാണ്. ഫ്രഞ്ച് ലീഗിൽ നാളെ കെയ്നെതിരെ ആദ്യ മൽസരത്തിനിറങ്ങുന്ന പാരിസ് ക്ലബിന്റെയും ലക്ഷ്യം ഫ്രാൻസിലെ രാജകിരീടമല്ല; യൂറോപ്പിലെ ചക്രവർത്തി പട്ടമായ യുവേഫ ചാംപ്യൻസ് ലീഗാണ്. അതിനുള്ള ആദ്യ വെടിയുതിർക്കൽ മാത്രമാകും ഫ്രഞ്ച് ലീഗിൽ എട്ടാം കിരീടം നേടിയുള്ള ഈ യാത്ര. ഏതു പ്രതിരോധ പെരുങ്കോട്ടയും തകർക്കാനുള്ള വെടിക്കോപ്പുകളുണ്ട് കൈവശം.

ഫ്രാൻസിനു ലോകകപ്പ് നേടിക്കൊടുത്ത കിലിയൻ എംബപ്പെ, ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം നെയ്മർ, യുറഗ്വായുടെ ക്ലിനിക്കൽ ഫിനിഷർ എഡിൻസൺ കവാനി... ഗോൾമുഖത്ത് ഇറ്റലിയുടെ ഉരുക്കുമതിൽ ജിയാൻല്യൂജി ബുഫൺ വരെ നീളുന്നു താരനിര. കമാൻഡറായി പുതിയ ജർമൻ പരിശീലകൻ തോമസ് ടൂഷലും. കെയ്നെതിരെ ഇന്ത്യൻ സമയം നാളെ രാത്രി 12.30ന് ആണ് പിഎസ്ജി കളി തുടങ്ങുന്നത്. 

നെയ്മറും എംബപ്പെയും

ലോകകപ്പിനു ശേഷം നെയ്മർ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽ എത്തും എന്നതായിരുന്നു പറഞ്ഞു കേട്ടിരുന്ന വിശേഷങ്ങളിലൊന്ന്. എന്നാൽ തൽക്കാലം താൻ പാരിസ് വിടുന്നില്ല എന്നു നെയ്മർ തന്നെ പറഞ്ഞു കഴിഞ്ഞു: ‘‘പിഎസ്ജിയിൽ എനിക്കൊരു കരാറുണ്ട്. പാരിസിൽ ഒരു ലക്ഷ്യവും. അതെന്താണെന്ന് എല്ലാവർക്കുമറിയാം...’’ നെയ്മർ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല, ചാംപ്യൻസ് ലീഗ് തന്നെ. ഉത്തരവാദിത്തം നെയ്മർക്കു മാത്രമല്ല. പത്തൊൻപതാം വയസ്സിൽ തന്നെ എംബപ്പെയും ക്ലബ് ഭാരം തോളിലേറ്റുന്നു. ലോകകപ്പിലെ മികച്ച യുവതാരമായതോടെ അത് കൂടി.

എംബപ്പെയെ പ്രശംസിച്ചവരിലൊരാൾ സീസണിൽ ക്ലബിലെത്തിയ ഗോൾകീപ്പർ ബുഫണാണ്. ‘‘ഗിഗി, എന്റെ രണ്ടു പതിറ്റാണ്ട് കരിയറിൽ ഇത്ര വേഗമുള്ളൊരു താരത്തെ ഞാൻ കണ്ടിട്ടില്ല. അവനെ പിടിച്ചിടാൻ ഞാൻ വളരെ കഷ്ടപ്പെട്ടു’’– യുവെന്റസ് സെന്റർ ബായ്ക്ക് ആൻഡ്രിയ ബർസാഗ്ലി തന്നോടു പറഞ്ഞ കാര്യം പിഎസ്ജി ക്ലബ് മാഗസിനു നൽകിയ അഭിമുഖത്തിലാണ് ബുഫൺ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ ബുഫണിന്റെയും ബർസാഗ്ലിയുടെയും യുവെന്റസിനെതിരെ കളിച്ചപ്പോൾ മൊണാക്കോയുടെ താരമായിരുന്നു എംബപ്പെ. ബർസാഗ്ലി പറ​ഞ്ഞ ആ വേഗം ലോകകപ്പിൽ എല്ലാവരും കണ്ടതാണ്! 

ടൂഷലിനു ടെൻഷനില്ല!

യുറഗ്വായെ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച കവാനിക്കും കമ്മിയല്ല ഉത്തരവാദിത്തം. ഇബ്രാഹിമോവിച്ച് പോയതിനുശേഷം, നെയ്മറും എംബപ്പെയും വരുന്നതിനു മുൻപ് പിഎസ്ജിയുടെ സൂപ്പർ താരമായിരുന്നു കവാനി. പാരിസിൽ താൻ ആരുടെയും പിന്നിലല്ല എന്നു തെളിയിക്കാനുള്ള വാശി കവാനിക്കുണ്ടാകും. അർജന്റീന വിങർ ഏഞ്ചൽ ഡിമരിയ, ഇറ്റാലിയൻ മിഡ്ഫീൽഡർ മാർക്കോ വെരാറ്റി, ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവ...

മൈതാനത്തിന്റെ മുക്കിലും മൂലയിലും പിഎസ്ജി സജ്ജരാണ്. കഴിഞ്ഞവർഷം ഫ്രാൻസിലെ മൂന്നു കിരീടങ്ങളും നേടിയെങ്കിലും ക്ലബ് ഉടമകളും ആരാധകരും അതിലൊട്ടും തൃപ്തരല്ല. നെയ്മറും കവാനിയും തമ്മിലുള്ള പെനൽറ്റി തർക്കം വിജയങ്ങളുടെ തിളക്കം കെടുത്തുകയും ചെയ്തു. എന്നാൽ കോച്ച് ടൂഷലിന് അക്കാര്യത്തിൽ ആശങ്കയില്ല. ‘‘എല്ലാവരും താരങ്ങളാണ്. പക്ഷേ, അതിലുപരി അധ്വാനിച്ചു കളിക്കുന്നവർ കൂടിയാണ്...’’– ടൂഷൽ പറയുന്നു.