ജംഷഡ്പുർ എഫ്സി വരുന്നു, ആക്രമണ ഫുട്ബോളിന്റെ മുഖവുമായി

ഗോൾ അടിക്കാൻ ആളില്ലായെന്ന ഒരേയൊരു കുറവ് കൊണ്ടാണു ജംഷഡ്പുരിന്റെ ഐഎസ്എൽ അരങ്ങേറ്റം പ്ലേ ഓഫ് കാണാതെ പോയത്. സ്റ്റീവ് കൊപ്പലിന്റെ തന്ത്രങ്ങളും കരുത്തുറ്റ പ്രതിരോധവും ആളനക്കമുള്ള മധ്യനിരയും ഒത്തുചേർന്നിട്ടും ടാറ്റയുടെ ടീമിന്റെ ‘ഗോൾ’ അകന്നുതന്നെ നിന്നു. ഒന്നിൽ പിഴച്ചതിനു ടീമൊന്നാകെ അഴിച്ചുപണിതാണു ജംഷഡ്പുരിന്റെ രണ്ടാമൂഴം. സ്റ്റീവ് കൊപ്പലിനു പകരം സെസാർ ഫെറാൻഡോയാണു കപ്പിത്താൻ. സ്പെയിനിൽ നിന്നുള്ള ഫെറാൻഡോയ്ക്കും കളിച്ചും കളിപ്പിച്ചുമുള്ള ദീർഘകാല പരിചയമുണ്ട്. പക്ഷേ ആദ്യവരവിൽ കൊപ്പലിന്റെ ടീം എന്നു പേരുവീണ ജംഷഡ്പുർ ഇക്കുറി ‘ടീം കാഹിൽ’ ആണ്. ഗോളടിക്കുക എന്ന ലക്ഷ്യത്തോടെ ജംഷഡ്പുർ കൊണ്ടുവന്ന ടിം കാഹിൽ തന്നെയാണ് ഈ ഐഎസ്എല്ലിലെയും സൂപ്പർ സാന്നിധ്യം. നാലു ലോകകപ്പുകളുടെ തിളക്കമുള്ള ഓസ്ട്രേലിയൻ ഇതിഹാസത്തിനു കീഴിൽ ആക്രമണം മുഖമുദ്രയായ ടീം ആയാണു ജംഷഡ്പുർ വരുന്നത്. 

മുന്നിലും പിന്നിലും വിദേശി

കളത്തിലെ എല്ലാ വിഭാഗങ്ങളുടെയും ചുമതല കരുത്തരായ വിദേശതാരങ്ങൾക്കു നൽകി ചെന്നൈയിൻ എഫ്സി പരീക്ഷിച്ചു വിജയിച്ച അതേ തന്ത്രമാണു ജംഷഡ്പുരും പയറ്റാനൊരുങ്ങുന്നത്. മുന്നേറ്റത്തിൽ‌ ടീം ക്യാപ്റ്റൻ കൂടിയായ കാഹിൽ ഇറങ്ങും. അത്‍ലറ്റിക്കോ മഡ്രിഡിന്റെ കളരിയിൽ നിന്നുള്ള സ്പാനിഷ് സ്ട്രൈക്കർ സെർജിയോ സി‍ഡോഞ്ച നായകനു കൂട്ടാകും. സ്പാനിഷ്, ഇറ്റാലിയൻ ലീഗുകളിൽ കളിച്ച പരിചയവുമായെത്തുന്ന കാർലോസ് കാൽവോയാകും മധ്യത്തിലെ തുരുപ്പുചീട്ട്. സ്പെയിനിൽ നിന്നുതന്നെയുള്ള മുൻ വലെൻസിയ താരം മരിയോ ആർക്വെസും പാബ്ലോ മൊർഗാഡോയും കൂടി ചേരുന്നതാണു ഫെറാൻഡോയുടെ മിഡ്ഫീൽഡ്. മുൻവർഷം തിളങ്ങിയ പ്രതിരോധനിരക്കാരൻ ടിരിയും ബ്രസീലുകാരൻ ഡിഫൻസീവ് മിഡ്ഫീൽഡർ മെമോയും ഇത്തവണയും ജെഎഫ്സിക്കു വേണ്ടി ബൂട്ടണിയുന്നുണ്ട്.  

മോശമല്ല ഇന്ത്യൻ വിഭാഗം

യുവത്വവും പരിചയവും ഒത്തുചേർന്നതാണു ഇന്ത്യൻ നിര. സാഫ് കപ്പിൽ ഇന്ത്യൻ ആക്രമണം നയിച്ച യുവതാരം സുമീത് പാസി മുതൽ മുൻ ലീഗിലെ സൂപ്പർ ഗോളി സുബ്രതാ പോൾ വരെ നീളുന്നുണ്ട് ആ താരക്കൂട്ടം. കിരീടമുയർത്തിയ ചെന്നൈയിൻ നിരയിൽ നിന്നു ധനചന്ദ്ര സിങ്ങിനെയും സഞ്ജയ് ബൽമൂചിനെയും റാഞ്ചിയ ജംഷഡ്പുർ മുംബൈ സിറ്റിയുടെ രാജു ഗെയ്ക്ക്‌വാദ്, ഡൽഹിയുടെ പ്രതീക് ചൗധരി എന്നിവരെയും  പ്രതിരോധത്തിലെ പുത്തൻ കണ്ണികളായി ചേർത്തിട്ടുണ്ട്.