യൂറോപ്പ ലീഗ്: ചെൽസി, ആർസനൽ മുന്നോട്ട്, മുന്നോട്ട്...

ചെല്‍സി താരം അന്റോണിയോ റുഡിഗെറും (വലത്) പിഎഒകെ താരം ഒമൽ എൽ കഡൂരിയും യൂറോപ്പ ലീഗ് ഫുട്ബോൾ മൽസരത്തിനിടെ.

ലണ്ടൻ ∙ യൂറോപ്പ ലീഗ് ഫുട്ബോളിൽ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ആർസനൽ, ചെൽസി എന്നിവർക്കു ജയം. ആർസനൽ 4–2നു യുക്രെയ്ൻ ക്ലബ്ബായ വോർസ്ക്ലയെ തോൽപിച്ചപ്പോൾ, ചെൽസി ഗ്രീക്ക് ക്ലബ് പിഎഒകെയെ 1–0നു മറികടന്നു. സെവിയ്യ 5–1നു സ്റ്റാൻഡേഡ് ലീഗിനെ തകർത്തു വിട്ടു. ഫ്ര​ഞ്ച് ക്ലബ് മാഴ്സെയെ അവരുടെ മൈതാനത്ത് ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ട് 2–1നു തോൽപിച്ചു. 

‌തന്റെ പ്രിയ ചാംപ്യൻഷിപ്പായ യൂറോപ്പയിൽ പുതിയ ടീമായ ആർസനലിനൊപ്പവും ഉനായ് എമെറി വിജയം തുടർന്നു. ഗാബോൺ താരം പിയെറി എമെറിക് ഔബെമെയാങ്ങിന്റെ ഇരട്ട ഗോളുകളാണ് ഗണ്ണേഴ്സിന്റെ വിജയം ഉറപ്പാക്കിയത്. ഡാനി വെൽബക്ക്, മെസുട് ഓസിൽ എന്നിവരാണു മറ്റു ഗോളുകൾ നേടിയത്. 32–ാം വിജയം കുറിച്ച എമെറി യൂറോപ്പയിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള പരിശീലകൻ എന്ന നേട്ടവും സ്വന്തമാക്കി. മുൻപ് എമെറിയുടെ കീഴിൽ ഹാട്രിക്ക് കിരീടം ചൂടിയ സ്പാനിഷ് ക്ലബ് സെവിയ്യയും തുടക്കം ഗംഭീരമാക്കി. ബൽജിയൻ ക്ലബ് സ്റ്റാൻഡേഡ് ലീഗിനെ 5–1നാണ് അവർ തകർത്തു വിട്ടത്. എവർ ബനേഗ, വിസ്സാം ബെൻ യെദ്ദർ എന്നിവർ ഇരട്ടഗോൾ നേടി. 

മൗറീഷ്യോ സാറിയുടെ പരിശീലനത്തിൽ ഇറങ്ങിയ ചെൽസിയെ ആദ്യപകുതിയിൽ ബ്രസീൽ താരം വില്ലിയൻ നേടിയ ഗോളാണു വിജയത്തിലെത്തിച്ചത്. 

ഫിനിഷിങ്ങിലെ പോരായ്മകളാണ് ചെൽസിയെ മികച്ച വിജയത്തിൽനിന്നു തടഞ്ഞത്. സാറിക്കു കീഴിൽ എല്ലാ ചാംപ്യൻഷിപ്പിലുമായി ചെൽസിയുടെ തുടർച്ചയായ ആറാം ജയമാണിത്. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ മാഴ്സെയുടെ തോൽവി അപ്രതീക്ഷിതമായി. ലൂക്കാസ് ഒകാംപോസിന്റെ ഗോളിൽ മാഴ്‍സെ മുന്നിലെത്തിയെങ്കിലും ലൂക്കാസ് ടോറോ, ലൂക്ക ജോവിച്ച് എന്നിവരുടെ ഗോളിൽ ഫ്രാങ്ക്ഫുർട്ട് വിജയത്തിലെത്തി. 

എച്ച് ഗ്രൂപ്പിലെ മറ്റൊരു മൽസരത്തിൽ ലാസിയോ, അപോളോൻ ലിമസോളിനെ 2–1നു തോൽപിച്ചു. 

‘എനർജി ഡ്രിങ്ക് ഡാർബി’ എന്നറിയപ്പെട്ട മൽസരത്തിൽ റെഡ്ബുൾ സാൽസ്ബർഗ് ആർബി ലൈപ്സിഷിനെ 3–2നു തോൽപിച്ചു. 

രണ്ടു ടീമുകളുടെയും സ്പോൺസർമാർ എനർജി ഡ്രിങ്ക് നിർമാതാക്കളായ റെഡ്ബുൾ ആണ്. ബി ഗ്രൂപ്പിലെ മറ്റൊരു കളിയിൽ സ്കോട്ടിഷ് ക്ലബ് സെൽറ്റിക് റോസൻബർഗിനെ 1–0നു തോൽപിച്ചു. ലിവർപൂളിന്റെ ഇതിഹാസ താരം സ്റ്റീവൻ ജെറാർദ് പരിശീലിപ്പിക്കുന്ന റേഞ്ചേഴ്സ് രണ്ടുവട്ടം പിന്നിലായശേഷം പൊരുതിക്കയറി വിയ്യാറയലിനെതിരെ 2–2 സമനില പിടിച്ചു. 

യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടം കളിക്കുന്ന ആദ്യ ലക്സംബർഗ് ക്ലബ്ബായ ‍ഡുഡെലാഞ്ചെ ഏഴുവട്ടം യൂറോപ്യൻ ചാംപ്യൻമാരായ എസി മിലാനെതിരെ പൊരുതി വീണു. 59–ാം മിനിറ്റിൽ ഗോൺസാലോ ഹിഗ്വെയ്ൻ നേടിയ ഗോളിലാണു മിലാൻ രക്ഷപ്പെട്ടത്. 

സലായെ പ്രതിരോധിച്ച് ഫിർമിനോയെ പ്രശംസിച്ച് കോച്ച് 

ലണ്ടൻ∙ ചാംപ്യൻസ് ലീഗ് മൽസരത്തിൽ പിഎസ്ജിക്കെതിരെ നിറം മങ്ങിയ ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലായ്ക്കു നേരെയുള്ള വിമർശനങ്ങളെ പ്രതിരോധിച്ച് ലിവർപൂൾ പരിശീലകൻ യൂർഗൻ ക്ലോപ്പ്. കഴിഞ്ഞ മൂന്നു കളികളും ഗോളടിച്ചില്ലെങ്കിലും സലാ ഡിഫൻസിനെ നന്നായി സഹായിച്ചു കളിച്ചെന്ന് ക്ലോപ്പ് പറഞ്ഞു. സലായുടെ സാന്നിധ്യം കളിയിലും മൈതാനത്തും പ്രകടമാണെന്ന് ക്ലോപ്പ് പറഞ്ഞു. ഈ സീസണിലെ അഞ്ചു കളികളിൽ രണ്ടു ഗോളുകളാണ് സലാ നേടിയത്. പിഎസ്ജിക്കെതിരെ വിജയഗോൾ നേടിയ റോബർട്ടോ ഫിർമിനോയെയും ക്ലോപ്പ് പ്രശംസിച്ചു. കണ്ണിനു പരുക്കേറ്റതിനാൽ സബ്സ്റ്റിറ്റ്യൂട്ട് ആയാണ് ഫിർമിനോ ഇറങ്ങിയത്.