‘റോണോ ഗോൾ’ പാഴായി; അവസാന 5 മിനിറ്റിൽ 2 ഗോൾ തിരിച്ചടിച്ച് യുണൈറ്റഡിന് ജയം

യുവെന്റസ് എഫ്സി–മാഞ്ചസ്റ്റർ യുണൈറ്റഡ് മൽസരത്തിൽനിന്ന്.

ടൂറിൻ∙ ഇറ്റലിയിലേക്കു വിമാനം കയറിയെത്തിയ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ആരാധകർക്കു രണ്ടു സന്തോഷങ്ങൾ. ക്ലബിന്റെ മുൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിടിലൻ ഒരു ഗോൾ കണ്ടു. സ്വന്തം ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ജയിക്കുകയും ചെയ്തു (2–1). യുവേഫ ചാംപ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിനു വേണ്ടി ആദ്യ ഗോൾ നേടിയ മൽസരം യുവെന്റസ് ആരാധകർക്ക് അങ്ങനെ തോൽവിയുടേതായി. 65–ാ മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിൽ യുവെ മുന്നിലെത്തിയ ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്. യുവാൻ മാട്ടയുടെ ഫ്രീകിക്കിൽ ഒപ്പമെത്തിയ ഇംഗ്ലിഷ് ക്ലബ് 89–ാം മിനിറ്റിൽ യുവെ താരം അലക്സ് സാന്ദ്രോയുടെ സെൽഫ് ഗോളാണ് വിജയം സമ്മാനിച്ചത്. ഇന്നലെ മറ്റു കളികളിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും വൻജയം കുറിച്ചു. 

കരിം ബെൻസേമയുടെ ഇരട്ടഗോളിൽ ചെക്ക് ക്ലബ് വിക്ടോറിയ പ്ലെസനെ 5–0നാണ് റയൽ തകർത്തത്. ഗബ്രിയേൽ ജിസ്യൂസിന്റെ ഹാട്രിക്കിൽ സിറ്റി ഷക്തറിനെ നിലംപരിശാക്കി. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ടഗോളിൽ ബയൺ മ്യൂണിക്ക് എഇകെ ആതൻസിനെതിരെ 2–0നു ജയിച്ചു. ലയോൺ–ഹൊഫെൻഹൈം (2–2) ബെൻഫിക്ക–അയാക്സ് (1–1) മൽസരങ്ങൾ സമനിലയിൽ പിരിഞ്ഞു. 

∙ റോണോ–മൗറീഞ്ഞോ 

യുവെയ്ക്കു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ ചാംപ്യൻസ് ലീഗ് ഗോളും മൽസരം ജയിച്ച ശേഷം മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് പരിശീലകൻ ഹോസെ മൗറീഞ്ഞോയുടെ ആഘോഷവുമായിരുന്നു ടൂറിനിലെ ഹൈലൈറ്റ്സ്. യുവെയുടെ പുതിയ സ്റ്റേഡിയത്തിലേക്കുള്ള യുണൈറ്റഡിന്റെ ആദ്യ സന്ദർശനമായിരുന്നു മൽസരം. ഇരുടീമുകളും തമ്മിലുള്ള നിലവാരവ്യത്യാസം പ്രകടമാക്കി ആദ്യ പകുതിയിൽ നന്നായി കളിച്ച യുവെയ്ക്ക് നിർഭാഗ്യം കൊണ്ടാണ് ഗോൾ നേടാനാവാതെ പോയത്. റൊണാൾഡോയുടെ ക്രോസിൽ നിന്നുള്ള സാമി ഖെദീരയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ചു. രണ്ടാം പകുതിയിൽ പൗളോ ഡിബാലയുടെ ഷോട്ടും ക്രോസ് ബാറിലിടിച്ചു മടങ്ങി. 

യുണൈറ്റഡിനു വേണ്ടി ഗോൾ നേടിയ യുവാൻ മാട്ട (മുന്നിൽ) സഹതാരങ്ങളോടൊപ്പം ആഹ്ലാദത്തിൽ.

65–ാം മിനിറ്റിൽ തന്റെ പ്രതിഭ തെളിയിച്ച ഷോട്ടിലൂടെയാണ് റൊണാൾഡോ യുവെയെ മുന്നിലെത്തിച്ചത്. ലിയൊനാർഡോ ബോന്നൂച്ചിയുടെ നീളൻ ലോബ് ഗോൾമുഖത്ത് നിലംതൊടും മുൻപെ റൊണാൾഡോ ഗോളിലേക്കു തിരിച്ചു വിട്ടപ്പോൾ ടൂറിൻ സ്റ്റേഡിയം ആരവങ്ങളിലമർന്നു. കളി തീർത്തു കളയാനുള്ള അവസരങ്ങളെല്ലാം പാഴാക്കിയ യുവെയ്ക്കുള്ള ശിക്ഷയായി 86–ാം മിനിറ്റിൽ മാട്ടയുടെ ഗോൾ വന്നു. മൂന്നു മിനിറ്റിനകം മറ്റൊരു സെറ്റ്പീസിൽ നിന്നുള്ള സമ്മർദ്ദത്തിൽ സാന്ദ്രോ സ്വന്തം പോസ്റ്റിൽ തന്നെ പന്തെത്തിച്ചതോടെ യുണൈറ്റഡിനു ജയം. 

∙ ജിസ്യൂസ് ഹാട്രിക് 

കഴിഞ്ഞ വാരം പ്രീമിയർ ലീഗിൽ സതാംപ്ടനെ 6–1നു മുക്കിയ മാഞ്ചസ്റ്റർ സിറ്റി ചാംപ്യൻസ് ലീഗിലും അതേ ഫോം തുടർന്നു. രണ്ടു പെനൽറ്റികൾ ഉൾപ്പെടെയാണ് ജിസ്യൂസ് ഹാട്രിക് നേടിയത്. ഡേവിഡ് സിൽവ, റഹിം സ്റ്റെർലിങ്, റിയാദ് മഹ്റെസ് എന്നിവരാണ് സിറ്റിയുടെ മറ്റു ഗോളുകൾ നേടിയത്. 24–ാം മിനിറ്റിൽ ഒരു ഫൗളുമില്ലാതെ സ്റ്റെർലങ് നിലത്തു വീണതിനു കിട്ടിയ അനർഹമായ പെനൽറ്റിയിൽ നിന്നായിരുന്നു ജിസ്യൂസിന്റെ ആദ്യഗോൾ. ലയോണിനെതിരെ അടുത്ത കളിയിൽ സമനില നേടിയാൽ സിറ്റിക്കു നോക്കൗട്ടിലെത്താം. ലാലിഗയിൽ കഷ്ടപ്പെടുന്ന റയൽ മഡ്രിഡിന് ആശ്വാസമായി പ്ലേസനെതിരെയുള്ള ജയം. പരിശീലകനായുള്ള ആദ്യ മൽസരത്തിൽ തന്നെ വിജയം നേടിയതും കരിം ബെൻസേമ ഫോമിലേക്കുയർന്നതും പുതിയ കോച്ച് സാന്തിയാഗോ സൊളാരിക്ക് സന്തോഷമായി. ബുന്ദസ്‌ലിഗയിൽ പഴയ പ്രതാപത്തിലേക്കുയരാത്ത ബയൺ മ്യൂണിക്കിന്റെ എഇകെയ്ക്കെതിരെയുള്ള വിജയവും നിറം മങ്ങിയതായി. ഇരു പകുതികളിലുമായിട്ടായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. പത്തു പേരായി ചുരുങ്ങിയ സിഎസ്കെഎയ്ക്കെതിരെയായിരുന്നു റോമയുടെ വിജയം.