ഗ്രൂപ്പ് ഘട്ടം അവസാനത്തിലേക്ക്; യൂറോപ്പിൽ ഇനി കടുപ്പപ്പോര്

ലൂക്കാ മോഡ്രിച്ച്, ഏദൻ ഹസാഡ്, കിലിയൻ എംബപെ

പാരിസ് ∙ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പായ യുവേഫ നേഷൻസ് ലീഗ് കടുപ്പത്തിലേക്കു കടക്കുന്നു. ലീഗ് ഘട്ടത്തിലെ അഞ്ചാം മൽസരദിനത്തിൽ ഇന്നു മുതൽ ചൊവ്വാഴ്ച വരെ വമ്പൻ കളികൾ. ലോക ചാംപ്യൻമാരായ ഫ്രാൻസ്, മൂന്നാം സ്ഥാനക്കാരായ ബൽജിയം, ലോകകപ്പിൽ ഇടം കിട്ടാതെ പോയ ഹോളണ്ട് തുടങ്ങിയവർക്കെല്ലാം മൽസരങ്ങളുണ്ട്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ഫൈനൽസ് മൽസരങ്ങൾക്ക് യോഗ്യത നേടാൻ ഇതു കൂടാതെ ഇനിയൊരു റൗണ്ട് മാത്രമേ ശേഷിക്കുന്നുള്ളൂ. ജൂൺ 19നാണ് ഫൈനൽ. 

വെറുതെ എന്തിനു സൗഹൃദ മൽസരം കളിച്ചു സമയം കളയണം എന്ന ചിന്തയിൽ നിന്നാണു യൂറോപ്യൻ ഫുട്ബോൾ ഭരണകൂടമായ യുവേഫ, നേഷൻസ് ലീഗ് ഫുട്ബോൾ തുടങ്ങിയത്.എ,ബി,സി,ഡി എന്നിങ്ങനെ നാലു ലീഗുകളിലായി നടക്കുന്ന ചാംപ്യൻഷിപ്പിൽ യൂറോപ്പിലെ 55 ദേശീയ ടീമുകളാണ് കളത്തിൽ. 

ലൂക്കാ മോഡ്രിച്ച്

ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ ലൂക്കാ മോഡ്രിച്ച് ഇടവേളയ്ക്കു ശേഷം സാഗ്രെബിൽ സ്വന്തം കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങുന്നു.ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയുടെ എതിരാളികൾ സ്പെയിൻ.ഇംഗ്ലണ്ടിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയ ക്രൊയേഷ്യയ്ക്കു വിജയിക്കണം.

ഏദൻ ഹസാഡ്

ഞായറാഴ്ച ലൗസെയ്നിൽ സ്വിറ്റ്സർലൻഡിനെ നേരിടുന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ 

ഏദൻ ഹസാഡിന്റെ ബെൽജിയത്തിന് ജയിച്ചില്ലെങ്കിലും മുന്നോട്ടു പോകാം. ഇന്ന് ഐസ്‍ലൻഡിനെ നേരിടുന്ന ബൽജിയത്തിന് വിജയിച്ചാലും ധാരാളം.

കിലിയൻ എംബപെ 

ഫ്രാൻസിനെ ഫൈനൽ റൗണ്ടിലേക്ക് നയിക്കാൻ കഴിവുള്ള താരമാണ് കൗമാരക്കരുത്തുള്ള കിലിയൻ എംബപെ. റോട്ടർഡാമിൽ പുതിയ ശക്തിയായി മാറിയ ഹോളണ്ടിനെതിരെ നാളത്തെ കളിയിൽ ഒരു  സമനില നേടിയാലും ഫ്രാൻസിനു മുന്നേറ്റം. സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും തമ്മിൽ കളിച്ചപ്പോൾ ഫ്രാൻസ് 2–1 നാണ് ജയിച്ചത്.