നേഷൻസ് കപ്പിൽ ബൽജിയത്തിന് സ്വിസ് ഷോക്ക്

ഗോൾ നേടിയ സ്വിസ് താരം സെഫറോവിച്ചിന്റെ ആഹ്ലാദം

ലുസേൺ ∙ ലോകകപ്പ് മൂന്നാം സ്ഥാനക്കാരായ ബൽജിയത്തെ 5–2നു ‍ഞെട്ടിച്ച് സ്വിറ്റ്സർലൻഡ് യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്നു. കളിയുടെ തുടക്കത്തിൽ തന്നെ രണ്ടു ഗോളിനു പിന്നിലായ ശേഷം അഞ്ചു ഗോളുകൾ തിരിച്ചടിച്ചാണ് സ്വിറ്റ്സർലൻഡിന്റെ ജയം. ഹാരിസ് സെഫെറോവിച്ച് ഹാട്രിക് നേടി. 

കളിയുടെ രണ്ടാം മിനിറ്റിൽ ഏദൻ ഹസാഡിന്റെ സഹോദരൻ തോർഗൻ ഹസാഡാണ് ബൽജിയത്തെ ആദ്യം മുന്നിലെത്തിച്ചത്. 17–ാം മിനിറ്റിൽ തോർഗൻ രണ്ടാം ഗോളും നേടിയതോടെ ബൽജിയം അനായാസം വിജയത്തിലെത്തുമെന്നു കരുതി. എന്നാൽ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾ തിരിച്ചടിച്ച സ്വിസുകാർ ഇടവേളയ്ക്കു പിരിയുമ്പോൾ തന്നെ 3–2നു മുന്നിലെത്തി. റിക്കാർഡോ റോഡ്രിഗസ് പെനൽറ്റിയിലൂടെ സ്കോർ ചെയ്തപ്പോൾ സെഫറോവിച്ച് രണ്ടു ഗോൾ നേടി.

ആദ്യ ഗോളിനു അബദ്ധത്തിൽ വഴിയൊരുക്കിയ സ്വിസ് താരം എൽവെർദി അതിനു പ്രായശ്ചിത്തം ചെയ്ത് 62–ാം മിനിറ്റിൽ നാലാം ഗോളും നേടി. 84–ാം മിനിറ്റിൽ സെഫെറോവിച്ച് ഹാട്രിക്കും വിജയവും പൂർത്തിയാക്കി. എ ഗ്രൂപ്പിൽ ഒൻപതു പോയിന്റോടെ ബൽജിയവും സ്വിറ്റ്സർലൻഡും തുല്യത പാലിച്ചെങ്കിലും നേർക്കുനേർ പോരാട്ടത്തിലെ മികവിൽ സ്വിറ്റ്സർലൻഡ് സെമിയിൽ കടന്നു. ബ്രസ്സൽസിൽ നടന്ന ആദ്യപാദത്തിൽ ബൽജിയത്തിന്റെ വിജയം 2–1നായിരുന്നു. 

നൈജീരിയയിൽ 2009ൽ നടന്ന അണ്ടർ–17 ലോകകപ്പിൽ അഞ്ചു ഗോളുകളോടെ ടോപ് സ്കോററായിരുന്നു ഹാരിസ് സെഫെറോവിച്ച്. അന്ന് ഫൈനലിൽ നൈജീരിയക്കെതിരെ വിജയഗോൾ നേടിയതും സെഫെറോവിച്ച് തന്നെ. ഇപ്പോൾ പോർച്ചുഗൽ ക്ലബ് ബെൻഫിക്കയുടെ താരമാണ് ഈ ബോസ്നിയൻ വംശജൻ.