ഫിഫ ക്ലബ് ലോകകപ്പിന് അബുദാബിയിൽ ഇന്ന് തുടക്കം

അബുദാബി∙ പരസ്യമില്ലാതെ പുറത്തിറങ്ങുന്ന പ്രൊഡക്ട് പോലെയാണു ക്ലബ് ലോകകപ്പ്. യൂറോപ്യൻ ലീഗുകളുടെയും ചാംപ്യൻസ് ലീഗിന്റെയും ഇടയ്ക്കങ്ങു മുങ്ങിപ്പോകും. ഇത്തവണ പക്ഷേ ഒരു പരസ്യം കിട്ടി– റിവർപ്ലേറ്റും ബോക്ക ജൂനിയേഴ്സും തമ്മിലുള്ള കോപ്പ ലിബർട്ടഡോറസ്. ആരാധകരുടെ അക്രമം മൂലം കോപ്പ ലിബർട്ടഡോറസ് ഫൈനൽ നീണ്ടു പോകുന്നതിൽ ഫിഫയ്ക്കുള്ള ആധികളിലൊന്ന് ക്ലബ് ലോകകപ്പിന്റെ തീയതി മാറ്റേണ്ടി വരും എന്നതായിരുന്നു. അതു വേണ്ടി വന്നില്ല. ലോകകപ്പ് തുടങ്ങുന്നതിനു കൃത്യം രണ്ടു നാൾ മുൻപ് ലിബർട്ടഡോറസ് ജേതാക്കളെ തീരുമാനമായി. അതു ചാംപ്യൻഷിപ്പിന് നല്ലൊരു പരസ്യവുമായി. 

യുഎഇ തന്നെ ഇത്തവണയും ആതിഥേയർ. അൽ ഐനിലും അബുദാബിയിലുമായിട്ടാണ് മൽസരങ്ങൾ. ഏഴു കോൺഫെഡറേഷനിലെയും ചാംപ്യൻ ടീമുകളും ഒരു ആതിഥേയ ടീമും മൽസരിക്കുന്നു. സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് (യൂറോപ്പ്), അർജന്റീന ക്ലബ് റിവർപ്ലേറ്റ് (തെക്കേ അമേരിക്ക), ജാപ്പനീസ് ക്ലബ് കാഷിമ ആന്റ്‌ലേഴ്സ്, തുനീസിയൻ ക്ലബ് എസ്പെറാൻസെ (ആഫ്രിക്ക), മെക്സിക്കൻ ക്ലബ് (ഗാലദ്വജര), ന്യൂസീലൻഡ് ക്ലബ് വെല്ലിങ്ടൻ (ഓഷ്യാനിയ) എന്നിവരാണ് വൻകരാ ചാംപ്യൻമാർ. ആതിഥേയ ക്ലബായി യുഎഇ പ്രൊ–ലീഗ് ചാംപ്യൻമാരായ അൽ ഐൻ. 

ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന റയലിനു തന്നെയാണു സാധ്യത കൂടുതൽ. എന്നാൽ കഴിഞ്ഞ വർഷം വിജയഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലില്ല എന്ന വ്യത്യസമുണ്ട്. പ്ലേഓഫ് മൽസരങ്ങൾക്ക് ഇന്ന് തുടക്കമാവുമെങ്കിലും റയലും റിവർപ്ലേറ്റും സെമിഫൈനൽ ഘട്ടത്തിലേ കളിക്കാനിറങ്ങൂ. ഇന്ന് അൽ ഐൻ, ടീം വെല്ലിങ്ടനുമായി മൽസരിക്കും.

ക്ലബ് ലോകകപ്പ് ജേതാക്കൾ ഇതുവരെ 

2000– കൊറിന്ത്യൻസ് (ബ്രസീൽ) 

2005– സാവോപോളോ (ബ്രസീൽ) 

2007– എസി മിലാൻ (ഇറ്റലി) 

2008– മാഞ്ചസ്റ്റർ യുണൈറ്റഡ് (ഇംഗ്ലണ്ട്) 

2009– ബാർസിലോന (സ്പെയിൻ) 

2010– ഇന്റർ മിലാൻ (ഇറ്റലി) 

2011– ബാർസിലോന (സ്പെയിൻ) 

2012– കൊറിന്ത്യൻസ് (ബ്രസീൽ) 

2013– ബയൺ മ്യൂണിക്ക് (ജർമനി) 

2014– റയൽ മഡ്രിഡ് (സ്പെയിൻ) 

2015– ബാർസിലോന (സ്പെയിൻ) 

2016– റയൽ മഡ്രിഡ് (സ്പെയിൻ)

2017– റയൽ മഡ്രിഡ് (സ്പെയിൻ)

മൂന്നു തവണ വീതം ജേതാക്കളായ ബാർസിലോനയും റയൽ മഡ്രിഡുമാണ് ക്ലബ് ലോകകപ്പ് കൂടുതൽ തവണ നേടിയ ടീമുകൾ.