ചാംപ്യൻസ് ലീഗിൽ വൻ വീഴ്ച; റയലിനും യുവെന്റസിനും യുണൈറ്റഡിനും റോമയ്ക്കും തോൽവി

റയലിനെതിരെ സിഎസ്കെ മോസ്കോ മൂന്നാം ഗോൾ നേടുന്നു

 മഡ്രിഡ് ∙ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ അട്ടിമറികളുടെ ദിനം. മുൻ ചാംപ്യൻമാരായ റയൽ മഡ്രിഡും യുവെന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. റഷ്യൻ ക്ലബ് സിഎസ്കെഎ മോസ്കോയാണ് റയലിനെ 3–0നു വീഴ്ത്തിയത്. യുവെന്റസ്, സ്വിസ് ക്ലബ് യങ് ബോയ്സിനോട് 2–1നു തോറ്റു. യുണൈറ്റഡിനെ സ്പാനിഷ് ക്ലബ് വലെൻസിയ 2–1നു തോൽപ്പിച്ചു. ഇറ്റാലിയൻ ക്ലബ് എഎസ് റോമയെ ചെക് ക്ലബ് വിക്ടോറിയ പ്ലേസനും വീഴ്ത്തി. പ്രീ–ക്വാർട്ടർ ടീമുകൾ ആരൊക്കെയെന്നത് ഇതോടെ പൂർണമായി തീരുമാനമായി. മൽസരക്രമം നറുക്കെടുപ്പ് 17ന്. ആദ്യപാദം മൽസരങ്ങൾ 2019 ഫെബ്രുവരിയിലും രണ്ടാം പാദ മൽസരങ്ങൾ മാർച്ചിലും നടക്കും. 

റയലിന്റെ കാര്യം! 

സ്വന്തം മൈതാനത്ത് യൂറോപ്യൻ മൽസരങ്ങളിൽ ഏറ്റവും വലിയ തോൽവിയാണ് റയൽ ഏറ്റുവാങ്ങിയത്. എന്നാൽ ഇരുപാദങ്ങളിലും റയലിനെ തോൽപ്പിച്ചിട്ടും സിഎസ്കെഎയ്ക്ക് യോഗ്യത നേടാനായില്ല. ഗ്രൂപ്പിൽ നിന്ന് റയലും റോമയും നേരത്തെ യോഗ്യത നേടിയിരുന്നു. ഫ്യോദർ ചലോവ്(37’), ജോർജി ഷെനിക്കോവ്(43’), അർനർ സിഗർദസ്സൻ(73’) എന്നിവരാണ് സിഎസ്കെയുടെ സ്കോറർമാർ. 

ആൺകുട്ടികൾ! 

‘ഓൾഡ് ലേഡി’ എന്നറിയപ്പെടുന്ന യുവെന്റസിനെ ഞെട്ടിച്ച പ്രകടനമായി യങ് ബോയ്സിന്റേത്. 30–ാം മിനിറ്റിൽ യങ് ബോയ്സിന്റെ ആദ്യ ഗോൾ നേടിയ ഗ്വില്ലാമെ ഹൊവാറു 68–ാം മിനിറ്റിൽ ലീഡുയർത്തി. പൗളോ ഡിബാലയാണ് (80–ാം മിനിറ്റ്) യുവെയെ മൽസരത്തിലേക്കു തിരിച്ചു കൊണ്ടു വന്നത്. അവസാന മിനിറ്റിൽ ഡിബാല വീണ്ടും വലയിൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. തോറ്റെങ്കിലും യുവെ തന്നെയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.  വലെൻസിയയോട് ഇതേ സ്കോറിനു തോറ്റ യുണൈറ്റ‍ഡാണ് രണ്ടാമത്. 

സിറ്റി ഓഫ് ചാംപ്യൻസ്!  

എതിഹാദ് സ്റ്റേ‍ഡിയത്തിൽ ഹൊഫെൻഹൈമിനെതിരെ തിരിച്ചടിച്ചു ജയിച്ച മാഞ്ചസ്റ്റർ സിറ്റി എഫ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പാക്കി. 16–ാം മിനിറ്റിൽ ആന്ദ്രെ ക്രമാരിച്ച് ജർമൻ ക്ലബിനെ മുന്നിലെത്തിച്ചു. ജർമൻ താരം ലെറോയ് സാനെയുടെ ഇരട്ട ഗോളുകളിലായിരുന്നു സിറ്റിയുടെ തിരിച്ചടി. ആംസ്റ്റർഡാമിൽ നടന്ന ആവേശപ്പോരാട്ടത്തിൽ അയാക്സ് ആംസ്റ്റർഡാമും ബയൺ മ്യൂണിക്കും 3–3 സമനിലയിൽ പിരിഞ്ഞു. ബെൻഫിക്ക എഇകെ ആതൻസിനെ 1–0നു തോൽപ്പിച്ചു. ഷക്തറും ലയോണും 1–1 സമനിലയിൽ പിരിഞ്ഞു. 

ഇന്നലെ നടന്ന എട്ടു മൽസരങ്ങളിൽ അഞ്ചു കളികളിലും ജയിച്ച ടീമുകൾ പുറത്തായി. ബെൻഫിക്ക, പ്ലേസൻ, സിഎസ്കെഎ, വലെൻസിയ, യങ് ബോയ്സ് എന്നിവരാണ് ഈ നിർഭാഗ്യ ടീമുകൾ. റോമ, റയൽ മഡ്രിഡ്, യുണൈറ്റഡ്, യുവെന്റസ് എന്നിവർ അവസാന കളി തോറ്റിട്ടും മുന്നേറി.

പ്രീ–ക്വാർട്ടറിലെത്തിയ ടീമുകൾ

ഡോർട്ട്മുണ്ട്, അത്‌ലറ്റിക്കോ, ബാർസിലോന, ടോട്ടനം, പിഎസ്ജി, ലിവർപൂൾ, പോർട്ടോ, ഷാൽക്കെ, ബയൺ, അയാക്സ്, മാഞ്ചസ്റ്റർ സിറ്റി, ലയോൺ, റയൽ മഡ്രിഡ്, റോമ, യുവെന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്.