മറഡോണയോട് കാമുകി: ‘കടക്ക് പുറത്ത് !’

ബ്യൂനസ് ഐറിസ് ∙ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെ കാമുകി വീട്ടിനു പുറത്താക്കി. തനിക്കു സ്നേഹസമ്മാനമായി മറഡോണ ബ്യൂനസ് ഐറിസിൽ നൽകിയ വീട്ടിൽ നിന്നാണ് കാമുകി റോസിയോ ഒളിവ മറഡോണയോടു പോകാൻ പറഞ്ഞത്. മറഡോണയുമായുള്ള ബന്ധം അവസാനിപ്പിച്ച കാര്യം ഒളിവ അർജന്റീന മാധ്യമപ്രവർത്തകനോടാണ് വെളിപ്പെടുത്തിയത്. നിരന്തര കലഹത്തെത്തുടർന്നാണ് തീരുമാനമെന്നും 28കാരി ഒളിവ പറ‍ഞ്ഞു.

റഷ്യൻ ലോകകപ്പിൽ തന്നോടൊപ്പമുണ്ടായിരുന്ന ഒളിവയ്ക്ക് മറഡോണ ഈയിടെ മോതിരം കൈമാറിയിരുന്നു. മുൻ ഫുട്ബോൾ താരമായ ഒളിവ അർജന്റീനയിലെ ക്ലബിനു വേണ്ടി കളിക്കുന്നതിനിടെ 2012ലാണ് മറഡോണയെ കണ്ടുമുട്ടിയത്. ഇപ്പോൾ മെക്സിക്കൻ ക്ലബിന്റെ പരിശീലകനാണ് 58കാരനായ മറഡോണ.