ആ ഇടി എന്തിനായിരുന്നു?; മറ്റരാസി വെളിപ്പെടുത്തുന്നു - വിഡിയോ

സിനദീൻ സിദാൻ ഇറ്റാലിയൻ താരം മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിടുന്നു.

റോം∙ സിനദീന്‍ സിദാൻ തന്നെ തലകൊണ്ടിടിച്ചിട്ടതിന്റെ കാരണം മുൻ ഇറ്റാലിയൻ താരം മാർക്കോ മറ്റെരാസി ഒടുവിൽ വെളിപ്പെടുത്തി. സിദാന്റെ സഹോദരിയെക്കുറിച്ചുള്ള തന്റെ പരാമർശമാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചതെന്നാണ് വെളിപ്പെടുത്തൽ. സിദാന്റെ അമ്മയെക്കുറിച്ച് മറ്റരാസി മോശമായി സംസാരിച്ചതാണ് പ്രശ്നകാരണമെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. എന്നാൽ, ഈ സംഭവത്തിന് 10 വർഷം തികയുന്ന ദിവസമാണ് നിജസ്ഥിതി വെളിപ്പെടുത്തി മറ്റരാസി രംഗത്തെത്തിയത്.

2006ൽ ജർമനി ആതിഥ്യം വഹിച്ച ലോകകപ്പിന്റെ കിരീടപോരാട്ടത്തിൽ ഫ്രാൻസും ഇറ്റലിയും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു സംഭവം. ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്ന് മൽസരം എക്സ്ട്രാ ടൈമിലേക്ക്. കളിക്കിടെ സിനദീൻ സിദാനോട് എന്തോ പിറുപിറുത്ത ഇറ്റാലിയൻ താരം മാർക്കോ മറ്റരാസിയെ സിദാൻ തലകൊണ്ടിടിച്ച് നിലത്തിടുകയായിരുന്നു.

ഇതോടെ റഫറി സിദാനെ ചുവപ്പുകാർഡ് കാട്ടി പുറത്താക്കി. ഷൂട്ടൗട്ടിലേക്ക് നീണ്ട മൽസരം സിദാന്റെ അഭാവത്തിൽ ഫ്രാൻസ് തോൽക്കുകയും ചെയ്തു. സിദാന് ഗോൾഡൻ ബൂട്ട് ലഭിക്കാനുള്ള സാധ്യതപോലും ഈ സംഭവത്തോടെ ഇല്ലാതായി.

തീർത്തും മോശമായ വാക്കുകളാണ് താൻ സിദാനെതിരെ ഉപയോഗിച്ചതെന്ന് മറ്റരാസി സമ്മതിച്ചു. എന്നാൽ, തലകൊണ്ട് ഇടിച്ചിടാൻ മാത്രം കുറ്റകരമായ വാക്കുകളായിരുന്നില്ല അത്. റോമിലേയും, നേപ്പിൾസിലേയും ടൂറിനിലേയും മിലാനിലേയും പാരിസിലേയും പ്രാന്തപ്രദേശങ്ങളിലുള്ള ഫുട്ബോൾ മൈതാനങ്ങളിലേക്കുപോയാൽ താൻ പറഞ്ഞതൊന്നും അത്ര ഗുരുതരമായ വാക്കുകളേയല്ലെന്ന് ബോധ്യമാകുമെന്നും മറ്റരാസി കൂട്ടിച്ചേർത്തു.

ഈ സംഭവത്തിനുശേഷം എന്നെ ഏറ്റവുമധികം വേദനിപ്പിച്ചത് ഇതുമായി ബന്ധപ്പെട്ട് ചില പത്രപ്രവർത്തകരും ആരാധകരും പടച്ചുണ്ടാക്കിയ കഥകളാണ്. ഞാൻ സിദാന്റെ അമ്മയെ മോശക്കാരിയാക്കി സംസാരിച്ചുവെന്നായിരുന്നു അവരുടെ കണ്ടെത്തൽ. ഞാൻ സിദാന്റെ അമ്മയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കാരണം, വർഷങ്ങൾക്കുമുൻപേ അമ്മയെ നഷ്ടപ്പെട്ട ആളാണ് ഞാൻ - മറ്റരാസി പറഞ്ഞു.

എന്റെ ജഴ്സി വേണമെങ്കിൽ മൽസരം കഴിയുമ്പോൾ നിങ്ങൾക്കു തരാമെന്ന് പറഞ്ഞ് സിദാൻ പരിഹസിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും മറ്റരാസി വ്യക്തമാക്കി. സിദാൻ എന്നോട് സംസാരിക്കുന്ന ദൃശ്യങ്ങൾ കണ്ടുനോക്കൂ. എനിക്കു മനസിലായെന്ന് വ്യക്തമാക്കാൻ രണ്ടു തവണ പറഞ്ഞകാര്യം ആവർത്തിക്കാൻ ഞാൻ സിദാനോട് പറഞ്ഞു. മൂന്നാമതും സിദാൻ ഇതുതന്നെ പറ‍ഞ്ഞതോടെ അയാൾ എന്നെ പരിഹസിക്കുകയായിരുന്നുവെന്ന് എനിക്കു മനസിലായി.

സത്യത്തിൽ ആ മൽസരത്തിന്റെ മുഴുവൻ സമയത്ത് ഇറ്റലിക്കായി ഗോൾ നേടിയത് ഞാനും ഫ്രാൻസിന്റെ ഗോൾ സിദാന്റെ വകയുമായിരുന്നു. അദ്ദേഹം വളരെ മികച്ചൊരു താരവും ഞാൻ വെറും പാഴുമായിരുന്നു. എന്നെ സിദാനുമായി താരതമ്യം ചെയ്യാൻ പോലുമാകില്ല. ഈ സംഭവത്തിനുശേഷം പിന്നീടൊരിക്കലും താൻ സിദാനെ കണ്ടിട്ടില്ലെന്നും മറ്റരാസി വ്യക്തമാക്കി.