ദേ, ഏഷ്യാഡെത്തി; ഏഷ്യൻ ഗെയിംസിന് ഇനി മൂന്നു ദിവസം

കൗണ്ട്ഡൗൺ... ഏഷ്യൻ ഗെയിംസിനൊരുങ്ങിയ ഇന്തൊനീഷ്യയിലെ ജക്കാർത്ത സെന്ററിൽ സ്ഥാപിച്ച കൗണ്ട് ഡൗൺ ക്ലോക്കിന്റെ ചിത്രം ഇന്നലെ രാത്രി പകർത്തിയത്. ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ

സുകാർണോ ഹത്ത വിമാനത്താവളത്തിലിറങ്ങി ഇമിഗ്രേഷനിലേക്കു പോകുന്ന ഇടനാഴിയിൽ മൈക്ക് പിടിച്ചു പ്രസംഗിക്കുന്ന ജവാഹർലാൽ നെഹ്റുവിന്റെ വമ്പൻ കട്ടൗട്ട്. വിമാനത്താവളത്തിൽ ‘ശ്രീവിജയ’ എയർലൈൻസിന്റെയും ‘ഗരുഡ’ എയർലൈൻ കമ്പനിയുടെയും ബോർഡുകൾ. നഗരവീഥികളിലൂടെ നീങ്ങുമ്പോൾ രാമായണ എന്റർപ്രൈസസും ത്രിശക്തി സർവകലാശാലയും ജയ ഹോട്ടലും ആര്യദത്തയുമൊക്കെ വമ്പൻ സൗധങ്ങളിൽ തിളങ്ങിനിൽക്കുന്നു. ഏഷ്യൻ ഗെയിംസിനായി അടിമുടി ഒരുങ്ങി നിൽക്കുന്ന നഗരത്തിലെങ്ങും ഇന്ത്യൻ ടച്ച്. പേരിൽത്തന്നെ ഇന്ത്യയെ ഒളിപ്പിച്ചുവച്ചിരിക്കുന്ന ‘ഇന്തൊ’നീഷ്യ മട്ടിലും ഭാവത്തിലും ഇപ്പോഴും ആ ഇന്ത്യയെ കാത്തുസൂക്ഷിക്കുന്നു.

ഇന്ത്യാമഹാരാജ്യം ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ രണ്ടു ദിവസം കഴിഞ്ഞു 17ന് ഈ രാജ്യവും സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഇന്ത്യയുടേത് 71–ാം സ്വാതന്ത്ര്യദിനമാണെങ്കിൽ ഇന്തൊനീഷ്യയുടേത് 73–ാമത്തേത്. അപൂർവ സാഹോദര്യത്തിന്റെയും സമാനതകളുടെയും പാരമ്പര്യമാണ് ഓരോ ഇന്ത്യക്കാരനും മുന്നിൽ ഈ ദ്വീപ് രാഷ്ട്രം തുറന്നുവച്ചിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ ജക്കാർത്തയുടെ മണ്ണിൽനിന്ന് ആ ചരിത്രം ചികയുമ്പോൾ അറിയാതെ മനസ്സു പറഞ്ഞുപോകും, ജയ് ഇന്ത്യ, ജയ് ഇന്തൊനീഷ്യ! ഏഷ്യൻ ഗെയിംസിലും തിളങ്ങട്ടെ ഈ ഇന്ത്യൻ – ഇന്തൊനീഷ്യൻ സൗഹൃദം.

∙ സുസ്വാഗതം

ജക്കാർത്ത വിമാനത്താവളത്തിൽ മുതൽ ചുവപ്പു കുപ്പായത്തിൽ ഗെയിംസ് വൊളന്റിയർമാർ റെഡിയാണ്. രാവിലെ എട്ടിനു വിമാനമിറങ്ങിയപ്പോഴും ഗെയിംസ് കൗണ്ടർ സജീവം. ആൺകുട്ടികളും പെൺകുട്ടികളും യുവതികളും ഉൾപ്പെടുന്ന സംഘം ചുറുചുറുക്കോടെ ഓടിനടക്കുന്നു. പ്രത്യേക ലെയ്‌നിലൂടെ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിവന്നത് അരമണിക്കൂറിൽ താഴെ മാത്രം. പത്രപ്രവർത്തകരാണെന്നു പരിചയപ്പെടുത്തിയപ്പോഴേ കൈകൂപ്പി നിറചിരിയോടെ സ്വാഗതമോതി: സലാമത്ത് ദത്താങ് (സുസ്വാഗതം). എല്ലാം കഴിഞ്ഞു വിമാനത്താവളത്തിനു പുറത്തേക്കിറങ്ങുമ്പോൾ വന്നു ഒരു ‘തരിമകാസി’. ആ ‘ഇന്തൊനീഷ്യൻ നന്ദി’ക്കു മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല. ‘എനർജി ഓഫ് ഏഷ്യ’ എന്ന ഗെയിംസ് തലവാചകം ശരിവയ്ക്കുംവിധം സന്ദർശകരിലേക്കും ഊർജം പകർന്നാണു വൊളന്റിയർമാരുടെ ഉജ്ജ്വല പ്രകടനം.

∙ നഗരം ഒരുങ്ങി

നഗരപ്രദക്ഷിണം നടത്തിയാൽ എല്ലായിടത്തും മഞ്ഞയും ചുവപ്പും വരകൾ നിറ‍ഞ്ഞ ഏഷ്യൻ ഗെയിംസ് ലോഗോയും മൂന്നു ഭാഗ്യചിഹ്നങ്ങളും നിറഞ്ഞുനിൽക്കുന്നു. മാനംമുട്ടുന്ന ഹോർഡിങ്ങുകളിൽ മുതൽ ചെടിച്ചട്ടികളിൽ വരെ ഒരേയൊരു വാചകം മാത്രം: സുക്സെസ്കാൻ ഏഷ്യൻ ഗെയിംസ്. എന്നുവച്ചാൽ, ഏഷ്യൻ ഗെയിംസിനെ വിജയിപ്പിക്കുക. വലിയ മേള നടക്കാൻപോകുന്നതിന്റെ അവസാനവട്ട ഒരുക്കങ്ങളായി പുല്ലുചെത്തലും പെയിന്റടിയും ചിലയിടങ്ങളിൽ നടക്കുന്നതും കണ്ടു. നഗരത്തിലെ തിരക്കു കുറയ്ക്കാൻ ഗതാഗത ക്രമീകരണങ്ങൾ അധികൃതർ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്.


ഇന്ത്യനിസം 

ഇന്ത്യ – ഇന്തൊനീഷ്യ ഭായി ഭായി ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വ്യാപാര – കച്ചവട ബന്ധം മാത്രമല്ലത്. സാംസ്കാരിക – മത രംഗത്തും ആ ബന്ധത്തിന്റെ സ്വാധീനം കാണാം. പത്താം നൂറ്റാണ്ടിൽ ‍ജാവയിൽനിന്നുള്ള വിദ്യാർഥികൾ (ജാവ ഇന്ന് ഇന്തൊനീഷ്യയുടെ ഭാഗമാണ്) നളന്ദ സർവകലാശാലയിൽ പഠിച്ചതിനു തെളിവുകളുണ്ടെന്നു ചരിത്രരേഖകൾ പറയുന്നു. സുമാത്രയിലെ ശ്രീവിജയ സാമ്രാജ്യവും ഇന്ത്യയുമായി ബന്ധം നിലനിർത്തി. ബാലിയിൽ പലയിടങ്ങളിലും സംസ്കൃത ലിപികൾ കണ്ടെത്തിയതായി രേഖകളുണ്ട്. പേരുകളിലെ ഇന്ത്യൻ ടച്ചിനു കാരണം ഈ സംസ്കൃത പാഠമാകാം. നെഹ്റുവും ഇന്തൊനീഷ്യയുടെ പ്രഥമ പ്രസിഡന്റ് സുകാർണോയും മുൻ ഈജിപ്ത് പ്രസിഡന്റ് ഗമാൽ അബ്ദുൽ നാസറുമൊക്കെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്നു.