തേജീന്ദറിന്റെ ഏഷ്യാഡ് സ്വർണം കാണാൻ നിൽക്കാതെ അച്ഛൻ പോയി

ഏഷ്യൻ ഗെയിംസ് ഷോട്പുട് സ്വർണമെഡൽ ജേതാവ് തേജീന്ദർ പാൽ സിങ്ങിന് ന്യൂഡൽഹി വിമാനത്താവളത്തിൽ തിങ്കളാഴ്ച നൽകിയ സ്വീകരണം. ഈ സ്വീകരണത്തിനു ശേഷമാണു പിതാവിന്റെ മരണവാർത്ത തേജീന്ദർ അറിഞ്ഞത്.

ന്യൂഡൽഹി ∙ തിങ്കളാഴ്ച ജക്കാർത്തയിൽനിന്നുള്ള വിമാനത്തിൽ ന്യൂഡൽഹിയിൽ ഇറങ്ങിയപ്പോൾ തേജീന്ദർപാൽ സിങ് ആഗ്രഹിച്ചതു നേരെ ആശുപത്രിയിലേക്കു പോകാനാണ്. ആർമി ഹോസ്പിറ്റലിൽ ചികിൽസയിലുള്ള പിതാവിനെ നേരിൽ കാണണം. ഏഷ്യൻ ഗെയിംസിൽ ഷോട്പുട്ടിൽ റെക്കോർഡോടെ സ്വന്തമാക്കിയ സ്വർണമെഡൽ പിതാവിനു നേരിൽ സമർപ്പിക്കണം. പക്ഷേ, ആശുപത്രിയിലെത്തിയ തേജീന്ദറിനെ വിധി അതിന് അനുവദിച്ചില്ല. രണ്ടുവർഷമായി കാൻസറിനോടു മല്ലിടുന്ന പിതാവ് കരംസിങ്, മകൻ മെഡലുമായി നേരിട്ടെത്തുന്നതിനു കാത്തുനിൽക്കാതെ ലോകത്തോടു യാത്ര പറഞ്ഞിരുന്നു. 

മെഡൽ നേട്ടം അസുഖബാധിതനായ പിതാവിനും കുടുംബാംഗങ്ങൾക്കും സമർപ്പിക്കുന്നുവെന്ന് മെഡൽസമ്മാന വേദിയിൽ പ്രഖ്യാപിച്ച തേജീന്ദർ ന്യൂഡൽഹിയിൽ എത്തിയ ശേഷമാണ് പിതാവിന്റെ മരണവിവരം അറിഞ്ഞത്. 

‘എന്റെ പിതാവിനും കുടുംബത്തിനും ഈ നേട്ടം സമർപ്പിക്കുന്നു. രണ്ടുവർഷമായി ചികിൽസയിലുള്ള പിതാവിന്റെ കാര്യങ്ങളെല്ലാം നോക്കിയതു വീട്ടുകാരാണ്. ഈ സങ്കടഘട്ടത്തിലും  പരിശീലനത്തിൽ ശ്രദ്ധിക്കാനാണ് എന്നോടു കുടുംബം നിർദേശിച്ചത്. അവരുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്നേഹത്തിന്റെയും ഫലമാണ് ഈ മെഡൽ – ജക്കാർത്തയിലെ വിക്ടറി സ്റ്റാൻഡിൽനിന്ന് തേജീന്ദർ പറഞ്ഞത് ഇങ്ങനെയായിരുന്നു. 

ഏഷ്യൻ ഗെയിംസിനു മുൻപു പട്യാലയിലെ പരിശീലന ക്യാംപിൽനിന്ന് എല്ലാ വാരാന്ത്യത്തിലും തേജീന്ദർ ന്യൂഡൽഹിയിലേക്കു വന്നിരുന്നു. ചികിൽസയിലുള്ള പിതാവിനെ ശുശ്രൂഷിക്കാൻ വേണ്ടിയുള്ള ഈ വാരാന്ത്യ യാത്രകൾ നിർത്തണമെന്ന് തേജീന്ദറിന്റെ പരിശീലകൻ എം.എസ്.ധില്ലൻ ആവശ്യപ്പെട്ടെങ്കിലും തേജീന്ദർ അതു കേട്ടില്ല. തുടർന്ന്, തേജീന്ദറിന്റെ ഈ യാത്ര അവസാനിപ്പിക്കാൻ പട്യാല ക്യാംപ് ധർമശാലയിലേക്കു മാറ്റണമെന്നു കോച്ച് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. 

പരിശീലനത്തിൽ തേജീന്ദറിന്റെ ശ്രദ്ധ നഷ്ടപ്പെടുന്നു, ആവശ്യത്തിനു വിശ്രമം ലഭിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കോച്ച് ഇങ്ങനെയൊരു നിലപാടെടുത്തത്. എന്നാൽ, ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യസ്വർണമെന്ന ഖ്യാതിയോടെ, 20.75 മീറ്റർ ദൂരം ഷോട് എറിഞ്ഞ് ഗെയിംസ് റെക്കോർഡും സ്വന്തമാക്കിയാണു തേജീന്ദർ കളത്തിൽനിന്നു തിരിച്ചുകയറിയത്.