Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോറ്റെങ്കിലും ‘കളി’ തുടരും

sp-kumble-3col കോഹ്‌ലിയും കുംബ്ലെയും

ലണ്ടൻ∙ ചാംപ്യൻസ് ട്രോഫി തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും കോച്ച് – ക്യാപ്റ്റൻ തമ്മിലടി തലപൊക്കുന്നു. പരിശീലകൻ അനിൽ കുംബ്ലെയ്ക്ക് എതിരെ ശക്തമായ അഭിപ്രായ പ്രകടനങ്ങളുമായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി വീണ്ടും രംഗത്തെത്തിയതായി റിപ്പോർട്ടുകൾ. ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി (സിഎസി)യുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയ കോഹ്‌ലി, കുംബ്ലെയ്ക്ക് എതിരെ തന്റെ അഭിപ്രായങ്ങൾ ശക്തമായ ഭാഷയിൽ പ്രകടിപ്പിച്ചതായാണ് വിവരം. സച്ചിൻ തെൻഡുൽക്കർ, വിവിഎസ് ലക്ഷ്മൺ, സൗരവ് ഗാംഗുലി എന്നിവരടങ്ങുന്ന സിഎസി ഇതേക്കുറിച്ചു പ്രതികരിച്ചിട്ടില്ല. ബിസിസിഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, സിഇഒ: രാഹുൽ ജോഹ്രി, ജനറൽ മാനേജർ (ക്രിക്കറ്റ്) ഡോ. എം.വി.ശ്രീധർ എന്നിവരും കോഹ്‌ലിയുമായി സംസാരിച്ചിരുന്നു.  

ലണ്ടനിൽനിന്ന് നേരിട്ടു വെസ്റ്റ് ഇൻഡീസ് പര്യടനത്തിനു പോകുന്ന ഇന്ത്യൻ ടീമിനൊപ്പം പരിശീലകനായി അനിൽ കുംബ്ലെ വരുന്നതിനെ അംഗീകരിക്കാൻ പറ്റില്ലെന്നാണു കോഹ്‌ലിയുടെ നിലപാട്. ഇന്ത്യൻ ടീമിനു പുതിയ പരിശീലകരെ ക്ഷണിച്ചതിനൊപ്പവും കുംബ്ലെയുടെ അപേക്ഷ സ്വീകരിച്ചിട്ടുണ്ട്.

പരിശീലക സ്ഥാനത്തു മികച്ച നേട്ടങ്ങളുള്ള കുംബ്ലെയെത്തന്നെ ചുമതല വീണ്ടുമേൽപിച്ചേക്കാമെന്ന സൂചനയുള്ളതിനാലാണ് കോഹ്‌ലി ഉടക്കിടുന്നതെന്നും പറയപ്പെടുന്നു. കോഹ്‌ലി ഉടക്കിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി വൈകി സിഎസി അംഗങ്ങൾ കുംബ്ലെയുമായി സംസാരിക്കുമെന്നാണു വിവരം. 

∙ പ്രതിസന്ധി രൂക്ഷം 

മികച്ച റെക്കോർഡുള്ള ഒരു പരിശീലകനെതിരെ ടീം ക്യാപ്റ്റൻ രംഗത്തെത്തിയതാണ് തലവേദന. ക്യാപ്റ്റന്റെ വാക്കുകേട്ട് പരിശീലകനെ പുറത്താക്കുന്നതു തെറ്റായ കീഴ്‌വഴക്കാവില്ലേ എന്ന ആശങ്ക ഒരുവശത്ത്. കോച്ചുമായി പ്രശ്നം നിലനിൽക്കുമ്പോൾ ടീമിനു നല്ല പ്രകടനത്തിനു സാധിക്കുമോ എന്ന സംശയം മറുവശത്ത്. ക്യാപ്റ്റൻ എത്ര സ്മാർട് ആണെങ്കിലും ക്യാപ്റ്റന്റെ വാക്കിന് പരിധിക്കപ്പുറം വില നൽകുന്നതിനോടും എതിർപ്പുണ്ട്. ക്യാപ്റ്റൻ നിർദേശിക്കുന്ന പരിശീലകൻ എന്നതും ക്രിക്കറ്റിന്റെ കീഴ്‌വഴക്കങ്ങൾക്ക് ചേർന്നതല്ലെന്ന് ഒരുവിഭാഗം വാദിക്കുന്നു. പരിശീലകനായി പുതിയൊരാൾ വന്നാലും ഇതേ പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയില്ലേ എന്നും ചോദ്യമുണ്ട്. നിലവിൽ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയവരിൽ ടോം മൂഡി, വീരേന്ദർ സേവാഗ് എന്നിവർക്കും സാധ്യതയുണ്ട്. പക്ഷേ, കുംബ്ലെയുടെ മികച്ച റെക്കോർഡ് കണ്ടില്ലെന്നു നടിക്കാനും ക്രിക്കറ്റ് ബോർഡിനു കഴിയില്ല. ഇതു വലിയ പ്രതിസന്ധി സൃഷ്ടിച്ചു കഴിഞ്ഞു. 

∙ പ്രശ്നം തലക്കനം? 

കോഹ്‌ലിയും കുംബ്ലെയുമായി ചുരുങ്ങിയ കാലത്തിനിടെയാണു പ്രശ്നങ്ങൾ തലപൊക്കിയത്. മുൻ പരിശീലകൻ രവി ശാസ്ത്രിയുടെ ‘ഈസി ഗോയിങ്’ നിലപാടുകാരനല്ല കുംബ്ലെ. മുൻ ഇന്ത്യൻ നായകൻ കുടിയായ കുംബ്ലെയുടെ തലക്കനമാണു കോഹ്‌ലിയെ ചൊടിപ്പിക്കുന്നതത്രേ.

പരിശീലകൻ ടീമംഗങ്ങളുടെ കൂട്ടുകാരനാവണം എന്ന നിലപാടുകാരനാണു കോഹ്‌ലി. എന്നാൽ, ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന കാലത്തുപോലും ‘മസിൽ’ വിടാൻ കൂട്ടാക്കാത്ത കുംബ്ലൈയിൽനിന്ന് അത്തരമൊരു നിലപാട് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. ചാംപ്യൻസ് ട്രോഫിയോടെ കരാർ കാലാവധി അവസാനിച്ച കുംബ്ലെയോട് വിൻഡീസ് പര്യടനത്തിലും പരിശീലകനായി തുടരാൻ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.  

∙ തോൽവി പാഠമാകുമോ? 

ചാംപ്യൻസ് ട്രോഫി ഫൈനലിലെ തോൽവിക്കും ക്യാപ്റ്റൻ – കോച്ച് പ്രശ്നവുമായി ബന്ധമുണ്ട്. ടോസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻകൂട്ടി ചർച്ച ചെയ്തു തീരുമാനിക്കുന്ന പതിവ് ഇന്ത്യൻ ക്യാംപിലുണ്ടായില്ല. മൽസരശേഷം കോഹ്‌ലി ടീമംഗങ്ങളുടെ പിഴവിനെക്കുറിച്ചാണു സംസാരിച്ചത്. ജസ്പ്രീത് ബുമ്ര പിഴവുകൾ തിരുത്താത്തതിൽ ക്യാപ്റ്റൻ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. മികച്ച റെക്കോർഡുകളുള്ളവരാണെങ്കിലും ആർ. അശ്വിൻ, രവീന്ദ്ര ജഡേജ എന്നീ രണ്ടു സ്പിന്നർമാരെ ഫൈനലിൽ ഉൾപ്പെടുത്തിയതിനും വലിയ വില കൊടുക്കേണ്ടി വന്നു. ജ‍ഡേജയുടെ ഫ്ലാറ്റ്ബോളുകൾ ഏറെ തല്ലുവാങ്ങി.

ഒറ്റയ്ക്കു പൊരുതി നിന്ന ഹാർദിക് പാണ്ഡ്യ റൺഔട്ടാകുന്നതിനു വഴിയൊരുക്കിയത് ഒപ്പമുണ്ടായിരുന്ന ജഡേജയുടെ നിലപാടായിരുന്നു. ഇതും ടീം ക്യാംപിലും പുറത്തും വിമർശിക്കപ്പെട്ടു. കോച്ചും ക്യാപ്റ്റനും തമ്മിലടിക്കുന്ന ടീമിന്റെ എല്ലാ ലക്ഷണങ്ങളും ഗ്രൂപ്പ് മൽസരത്തിൽ ശ്രീലങ്കയോടു തോറ്റ കളിയിൽ പ്രകടമായിരുന്നു. ഇതു തന്നെയാണ് പാക്കിസ്ഥാനെതിരെ ഞായറാഴ്ചയും കണ്ടത്. തോൽവി എല്ലായർഥത്തിലും പാഠമായില്ലെങ്കിൽ ഭാവി ശോഭനമാകില്ലെന്ന സന്ദേശം  ബിസിസിഐ ടീമിനു നൽകിക്കഴിഞ്ഞു. ഫലത്തിൽ, വെസ്റ്റ് ഇൻഡീസ് പര്യടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി തീരുമാനിക്കും. 

related stories