ബ്രസീലിന്റെ കുട്ടിത്താരങ്ങൾ അറിയുന്നുണ്ടോ? ടിറ്റി കാണുന്നുണ്ട്, എല്ലാം...

കൊൽക്കത്ത∙ ബ്രസീൽ–ഹോണ്ടുറാസ് മൽസരം കൊച്ചിയിൽ നടക്കുമ്പോൾ അങ്ങു ദൂരെ ബ്രസീലിൽ വലിയൊരു സ്ക്രീനിൽ അതിന്റെ പ്രദർശനമുണ്ടായിരുന്നു. ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്തു നടന്ന മൽസരം കാണാനെത്തിയത് സീനിയർ ടീം പരിശീലകൻ ടിറ്റിയും ടീമിന്റെ ടെക്നിക്കൽ കമ്മിഷൻ അംഗങ്ങളും.

സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ജർമനിയോട് 1–7നു തോറ്റമ്പിയ ശേഷം ബ്രസീൽ പഠിച്ച വലിയ പാഠം ജർമനിയിൽ നിന്നു തന്നെയാണ്– കൗമാര താരങ്ങളിലാണ് ടീമിന്റെ ഭാവി. അവരെ കണ്ടെത്തി വളർത്തിക്കൊണ്ടു വരണം. മികച്ച യൂത്ത് അക്കാദമി സംവിധാനങ്ങളിലൂടെ മുന്നേറുന്ന യൂറോപ്യൻ ടീമുകളെ പിടിച്ചു കെട്ടാൻ തങ്ങളുടെ ‘ജോഗോ ബൊണീറ്റോ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന സുന്ദര ഫുട്ബോൾ മാത്രം മതിയാകില്ല എന്നു തിരിച്ചറിഞ്ഞതു മുതൽ ബ്രസീൽ ഫുട്ബോൾ പുതിയൊരു ദിശയിലാണ്. മികച്ച കളിക്കാരെ കണ്ടെത്താൻ ക്ലബുകൾ സ്കൗട്ടിങ് ഏജന്റുമാരെ നിയോഗിക്കുന്നതു പോലെയാണ് ഫുട്ബോൾ ഫെഡറേഷൻ ഇപ്പോൾ ജൂനിയർ താരങ്ങളെ നിരീക്ഷിക്കുന്നത്.

സീനിയർ ടീമിന്റെ പരിശീലകൻ ടിറ്റി ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. 2014ലെ നാണക്കേടിനു ശേഷം 2018 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീലിനെ പരിവർത്തനപ്പെടുത്തിയ ടിറ്റിയുടെ വജ്രായുധം ഗബ്രിയേൽ ജീസസ് അടക്കമുള്ള യുവതാരങ്ങളായിരുന്നു. ഇന്ത്യയിലേക്കു തിരിക്കും മുൻപ് അണ്ട‍ർ–17 ടീമിനെ നേരിട്ടു കണ്ട് ആശംസകളും നൽകിയിരുന്നു ടിറ്റി. സൂപ്പർ താരം വിനീസ്യൂസ് ജൂനിയർ ഇല്ലെങ്കിലും ലിങ്കൺ, പൗളീഞ്ഞോ, ബ്രെണ്ണർ, മാർക്കോസ് അന്റോണിയോ, അലൻ, വിറ്റാവോ, ബ്രസാവോ എന്നിവർ അടക്കമുള്ളവർ ടിറ്റിയുടെ കണ്ണിൽപ്പെടാൻ മികവു തെളിയിച്ചവർ.

ടിറ്റി മൽസരം കാണുന്ന ചിത്രം ബ്രസീലിയൻ‍ ഫുട്ബോൾ കോൺഫെഡറേഷൻ പോസ്റ്റ് ചെയ്തതിനു താഴെ ആരാധകരുടെയല്ലാം കമന്റ് ഇത്തരത്തിൽ: ‘‘അദ്ദേഹം 2022, 2026 ലോകകപ്പിനുള്ള ടീമിനെ ‌നിരീക്ഷിക്കുകയാണ്..’’