Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സന്തോഷത്തിന്റെ ഹോട്ടൽ; സങ്കടത്തിന്റെയും

England-mood സമ്മാനദാനച്ചടങ്ങിൽ ഇംഗ്ലണ്ട് താരങ്ങളുടെ ആഘോഷം.

ഏഴാം നിലയിൽ സന്തോഷം; ഒൻപതാം നിലയിൽ നിരാശ– കൊൽക്കത്തയിലെ ന്യൂടൗണിലുള്ള നോവോട്ടലി‍ൽ ഇന്നലെ അവസ്ഥ ഇങ്ങനെയായിരുന്നു. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിലെ സെമിഫൈനലിനു വന്ന നാലു ടീമുകളും താമസിച്ചത് ഇവിടെ. ഇംഗ്ലണ്ടിന്റെ നിലയിൽ ഇന്നലെ ആഘോഷാരവങ്ങളായിരുന്നെങ്കിൽ സ്പെയിൻ താരങ്ങൾ താമസിച്ചിരുന്ന മുറികളെല്ലാം നിശബ്ദം. ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയെങ്കിലും ബ്രസീൽ താരങ്ങൾക്കും നിരാശയായിരുന്നു. മാലിക്കെതിരായ മൽസരം അവരെ അത്രയേറെ ഉലച്ചുകളഞ്ഞിരിക്കുന്നു.

മൽസരശേഷം കോച്ചിന്റെ വിമർശനവും കളിക്കാരെ ഞെട്ടിച്ചു. മാലിയാണ് നന്നായിട്ടു കളിച്ചത് എന്നായിരുന്നു പത്രസമ്മേളനത്തിൽ കോച്ച് കാർലോസ് അമാദ്യുവിന്റെ വാക്കുകൾ. 

ഇന്നലെ വൈകിട്ട് കൊൽക്കത്തയിൽനിന്നുള്ള ദുബായ് വിമാനത്തിലാണ് സ്പെയിൻ, ബ്രസീൽ താരങ്ങൾ മടങ്ങിയത്. ഇംഗ്ലണ്ട് താരങ്ങൾ ഇന്നു പുലർച്ചെ ദോഹയിലേക്കുള്ള വിമാനത്തിലും. സ്പെയിൻ, ബ്രസീൽ ടീമുകളെ ഇന്ത്യയിൽ നിന്നു യാത്രയാക്കിയതു രണ്ടു മലയാളികൾ. ഇന്ത്യയിൽ ടീമുകളുടെ സെക്യൂരിറ്റി ഓഫിസർമാരായിരുന്ന മുൻ രാജ്യാന്തര താരങ്ങളായ കെ.ടി. ചാക്കോയും യു.ഷറഫലിയും.

Spain-mood സമ്മാനദാനച്ചടങ്ങിൽ സ്പെയിൻ താരങ്ങളുടെ പ്രതികരണം.

ഇന്ത്യയിലെത്തിയതു മുതൽ കർശന അച്ചടക്കത്തിലായിരുന്ന ഇംഗ്ലണ്ട് കളിക്കാർക്ക് വിജയം ശരിക്കും സ്വാതന്ത്രമായി. രണ്ടു ഗോളിനു പിന്നിലായ ശേഷം ബ്രൂസ്റ്റർ ഒരു ഗോൾ തിരിച്ചടിച്ചതോടെ അവരുടെ ആഘോഷം തുടങ്ങിയിരുന്നു. അണ്ടർ 20 ലോകകപ്പിനു പുറമെ അതേ വർഷം തന്നെ ഇംഗ്ലണ്ട് മറ്റൊരു ലോകകപ്പ് കൂടി നേടിയത് ഇംഗ്ലിഷ് മാധ്യമങ്ങളും ശരിക്കാഘോഷിച്ചു. വെയ്ൻ റൂണി മുതൽ പ്രധാനമന്ത്രി തെരേസ മേ അടക്കമുള്ളവർ ടീമിന് ആശംസാ സന്ദേശമയച്ചു. ടോപ് സ്കോറർ റയാൻ ബ്രൂസ്റ്റർക്ക് പിതാവ് അയച്ച സന്ദേശം ശ്രദ്ധേയം. 

1966ൽ ബോബി മൂർ ഫിഫ ലോകകപ്പുമായി നിൽക്കുന്ന ചിത്രത്തിൽ മകന്റെ മുഖം ചേർത്ത് താൻ ഫെയ്സ്ബുക്കിൽ അയച്ചു കൊടുത്തെന്ന് അച്ഛൻ ബ്രൂസ്റ്റർ തന്നെയാണ് വെളിപ്പെടുത്തിയത്. 

ബ്രസീലുമായുള്ള മൽസരത്തിൽ ഇംഗ്ലണ്ടിനെ ഒട്ടും അനുകൂലിക്കാതിരുന്ന കൊൽക്കത്തയിലെ ഗാലറി ഫൈനലിൽ ഇംഗ്ലണ്ടിനു വേണ്ടിയും കയ്യടിച്ചത് മനസ്സു നിറച്ചെന്ന് പത്രസമ്മേളനത്തിൽ ടീം പരിശീലകൻ സ്റ്റീവ് കൂപ്പർ ആവർത്തിച്ചു പറഞ്ഞു.