ഇന്ത്യൻ വേഷപ്പെരുമയുമായി അഗ്നിമിത്ര

അഗ്നിമിത്ര പോൾ

കൊൽക്കത്ത ∙ ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പ് നടക്കുമ്പോൾ ഇവിടെയെത്തുന്ന ഫിഫ പ്രതിനിധികൾ ഇന്ത്യൻ വേഷം ധരിക്കണം. അതിനുവേണ്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) കണ്ടെത്തിയ ഡിസൈനർ അഗ്നിമിത്ര പോളിനു വലിയ സന്തോഷം. താൻ രൂപകൽപന ചെയ്ത വസ്ത്രങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിയവർ ധരിക്കുമല്ലോ.

ഇന്നു ഫിഫ കൗൺസിലിൽ പങ്കെടുക്കുന്ന 36 അതിഥികളാണ് അഗ്നിമിത്ര രൂപകൽപന ചെയ്ത ഇന്ത്യൻ വസ്ത്രങ്ങൾ ധരിക്കുന്നത്. 29 പുരുഷൻമാരും പട്ടുകുർത്തയും പൈജാമയും ധരിക്കും. പിന്നെ, ജവാഹർ കോട്ടും. ഏഴു വനിതാ അംഗങ്ങൾക്കായി രൂപകൽപന ചെയ്തിരിക്കുന്നതു  ബ്രൊക്കേഡ് ടോപ്പും ദുപ്പട്ടയുമാണ്. നീളൻ പാവാടയ്ക്കൊപ്പമാവും അവരതു ധരിക്കുക. ലെഗ്ഗിൻസ് വേണ്ടവർക്ക് അതു നൽകും. 

ഓരോരുത്തർക്കും ഓരോ നിറത്തിലുള്ള വസ്ത്രമാണ് അഗ്നിമിത്ര അണിയിച്ചൊരുക്കിയിട്ടുള്ളത്.  ചില വസ്ത്രങ്ങളിൽ മധുബനി പെയിന്റിങ്ങുകൾ ചേർത്തിരിക്കുന്നു. 29 പേർക്കു കുപ്പായം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതല്ലാതെ സൈസ് എത്രയെന്ന് അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇന്ന് എഐഎഫ്എഫ് അധ്യക്ഷൻ നൽകുന്ന വിരുന്നിന് എത്തുന്ന അതിഥികൾ ആരെങ്കിലും വസ്ത്രം പാകമല്ല എന്നു പറഞ്ഞാലുടൻ സൈസിൽ മാറ്റം വരുത്താനുള്ള സംവിധാനവും അഗ്നിമിത്ര ഒരുക്കിയിട്ടുണ്ട്.