ഫിഫയുടെയും ആരാധകരുടെയും കയ്യടി നേടി കൽക്കണ്ടം പോലൊരു ‘കൊൽക്കത്തത്തം’

കൊൽക്കത്ത ∙ കാൽപന്തുകളിയുടെ ‘കൊൽക്കത്തത്തം’ ഫിഫയും രാജ്യാന്തര പ്രതിനിധികളും നേരിൽ കണ്ടു. ലോകകപ്പ് ഫൈനൽ കൊൽക്കത്തക്കാർ നേരിട്ട് ആസ്വദിച്ചു. ഇതിൽ തീരുന്നില്ല, ഇന്ത്യ ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പിന്റെ ഗ്രാൻഡ്‌ഫിനാലെ വിശേഷങ്ങൾ.

ഇഷ്ട ടീമായ ബ്രസീൽ മൂന്നാംസ്ഥാനക്കാർക്കുള്ള മൽസരത്തിനിറങ്ങുന്നതു മുതൽ സ്പെയിനും ഇംഗ്ലണ്ടും കിരീട പോരാട്ടത്തിൽ ഏർപ്പെടുന്നതിന്റെ അന്ത്യനിമിഷങ്ങൾ വരെ കൊൽക്കത്തക്കാർ ആടിയും പാടിയും ആരവം മുഴക്കിയും സാൾട്‌ലേക്ക് സ്റ്റേഡിയത്തെ കിടുക്കി. അതുകണ്ടു ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും സഹപ്രവർത്തകരും ഭാവിയിലേക്കു നോക്കി ചിന്തിച്ചുകാണും; ഇന്ത്യയിൽ വേണ്ടേ ഒരു സീനിയർ ലോകകപ്പ്?

മെക്സിക്കോയിലോ ബ്യൂണസ് ഐറിസിലോ റിയോയിലോ ഫുട്ബോൾ സ്റ്റേഡിയത്തിനകത്ത് എത്തിപ്പെട്ടതുപോലെ ഫിഫ പ്രതിനിധികൾക്കു തോന്നിക്കാണും. അത്രയും ആവേശമാണു സാൾട്‌ലേക്കിൽ നുരഞ്ഞുനിന്നത്. കൂട്ടത്തോടെ വന്നവരും ഒറ്റയ്ക്ക് എത്തിയവരുമെല്ലാം കൊൽക്കത്തയിൽ ഫുട്ബോൾ കുടുംബസംഗമം തീർക്കുകയായിരുന്നു; അരലക്ഷത്തിലധികം പേരുടെ സംഗമം. കൊൽക്കത്തയിൽ കണ്ടുമുട്ടുന്നവരിൽ രണ്ടാമനോ മൂന്നാമനോ ഫുട്ബോൾ ഭ്രാന്തനായിരിക്കും എന്ന സങ്കൽപം വഴിമാറിനിന്നു. സാൾട്‌ലേക്കിൽ കണ്ടുമുട്ടിയവരെല്ലാം ഫുട്ബോൾ ഭ്രാന്തൻമാർ തന്നെ.

അല്ല, ഇതു ഭ്രാന്തല്ല സ്വഭാവമാണ്. ലോകകപ്പ് ഫൈനലിന് എത്തിയവർക്കെല്ലാം ഒരേ സ്വഭാവമായിരുന്നു; കാൽപന്തുകളിയുടെ സ്വഭാവം. ടിക്കറ്റ് കിട്ടുമോ എന്നു ചോദിച്ചു സ്റ്റേഡിയത്തിനു പുറത്തു കറങ്ങിനടന്നവർക്കും എന്റെ കാലത്ത് ഈ കാഴ്ച തന്നെ ധാരാളം എന്നുപറഞ്ഞു പുറത്തു നിന്നു പൂരം കണ്ട വയോധികന്മാർക്കുമെല്ലാം ഒരേ സ്വഭാവം. പന്തുകളിയുടെ പാരമ്പര്യം അവർ പുതുതലമുറയ്ക്കു പകരുന്നതിൽ സംശയമെന്ത്?

എന്തുകൊണ്ടു ബ്രസീലിനെ ഇഷ്ടപ്പെടുന്നു, പിന്തുണയ്ക്കുന്നു? സാൾട്‌ലേക്കിൽ എത്തിയ പലരോടും ചോദിച്ചു. ഉത്തരങ്ങൾ പലതായിരുന്നു. എല്ലാ ഉത്തരങ്ങൾക്കും പൊതുസ്വഭാവം ഉണ്ടായിരുന്നു. അതു ബ്രസീലിന്റെ കളിയുടെ അഴക് എന്ന മട്ടിലായിരുന്നു. പക്ഷേ, അതിലുമപ്പുറമൊന്ന് ഈ സ്റ്റേഡിയത്തിൽ തെളിഞ്ഞുവരുന്നു. അതു കൊൽക്കത്തക്കാരുടെ ഫുട്ബോൾ വ്യക്തിത്വമാണ് – ‘കൊൽക്കത്തത്തം’. ആഘോഷമാണതിന്റെ മുഖമുദ്ര.