ഇതാ, ലോകഫുട്ബോളിനു ശ്രദ്ധിക്കാൻ അണ്ടർ 17 ലോകകപ്പിൽ ഉദിച്ച 14 താരങ്ങൾ

ലോകകപ്പ് നേടിയത് ഇംഗ്ലണ്ട്. പക്ഷേ, ഈ ലോകകപ്പ് തരുന്നത് ഇംഗ്ലണ്ടിന്റെ കളിക്കാരെ മാത്രമല്ല. ലോകഫുട്ബോളിനു ശ്രദ്ധിക്കാൻ ഇതാ 14 താരങ്ങൾ. (ഇംഗ്ലണ്ട് ടീമിന്റെ താരങ്ങൾ ഒഴികെ).

1.  യാസീൻ അഡ്‌ലി

മിഡ്ഫീൽഡർ, ഫ്രാൻസ്

നാലു കളിയിൽ അഞ്ചു ഗോളിനു വഴിതുറന്നു. പാസിങ് കാണികൾക്കും മുൻനിരക്കാർക്കും വിരുന്നാണ്. ദീർഘദൂര മിസൈലുകൾക്കും മിടുക്കൻ.

2. യൂനിസ് ഡെൽഫി

മിഡ്ഫീൽഡർ, ഇറാൻ

ജർമനിക്കെതിരായ നാലിൽ രണ്ടുഗോളിന്റെ ഉടമ. കോസ്റ്ററിക്കയ്ക്കെതിരെ ഒരു പെനൽറ്റി നേടിക്കൊടുത്തു. കറതീർന്ന മധ്യനിരക്കാരൻ. സ്പെയിനിന് എതിരെ കളിക്കാനായില്ല.

3. തിമോത്തി വിയ

വിങ്ങർ, യുഎസ്എ

ജോർജ് വിയയുടെ മകൻ എന്നതല്ല, കളിയാണു കാര്യം എന്നു തെളിയിച്ചു. പാരഗ്വായ്ക്കെതിരെ ഹാട്രിക്. മുന്നേറ്റത്തിൽ മാത്രമല്ല, പ്രതിരോധത്തിലും മിടുക്കൻ.

4.  അമീൻ ഗവൂരി

സ്ട്രൈക്കർ, ഫ്രാൻസ്

ടീം പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും ഈ കളിക്കാരൻ വ്യത്യസ്തനാണ് എന്നു തെളിയിച്ചു. അസാധ്യ ആംഗിളുകളിൽനിന്നുപോലും ഗോളുകൾ തൊടുക്കുന്നു. 

5. ഡിയഗോ ലയിനസ്

വിങ്ങർ, മെക്സിക്കോ

പന്തിൽ അസാമാന്യമായ നിയന്ത്രണം. നൃത്തം ചെയ്തെന്നോണം  മുന്നേറ്റം. ഇംഗ്ലണ്ടിനെതിരെ പ്രാഥമിക റൗണ്ടിൽ മികച്ച രണ്ടു ഗോൾ, പോരേ?

6. ജോഷ് സാർജന്റ്

സ്ട്രൈക്കർ, യുഎസ്എ

അഞ്ചു കളിയിൽ മൂന്നു ഗോൾ. അതിലൊന്ന് കപ്പ്് ജേതാക്കളായ ഇംഗ്ലണ്ടിനെതിരെ. ഇക്കൊല്ലം തന്നെ ജർമനിയിലെ വെർഡർ ബ്രമനിൽ‍ ചേരും. 

7.  ലസാനാ എൻഡിയായെ

സ്ട്രൈക്കർ, മാലി 

ഗോളടിക്കാനറിയാം എന്നു മാത്രമല്ല, ഇടങ്കാൽ, വലങ്കാൽ ഷോട്ടുകളും പിന്നെ ഹെഡ്ഡറും. എതിർ ബോക്സിൽ ആകർഷകമായ ചലനങ്ങൾ.

8. യാൻ ഫീറ്റ് ആർപ്

സ്ട്രൈക്കർ, ജർമനി

തികഞ്ഞ സ്ട്രൈക്കർ. എതിർ ബോക്സിൽ മനസ്സാന്നിധ്യത്തോടെ പന്തിനെ വരുതിയിലാക്കാനും  ഗോളിലേക്കു യാത്രയാക്കാനും ആർപ്പിനു കഴിയുന്നു.

9. ഫെറാൻ ടോറസ്

മിഡ്ഫീൽഡർ, സ്പെയിൻ

പ്രതിഭയുള്ള വിങ്ങർ. അതിവേഗക്കാരൻ. ശാരീരികമായി കരുത്തനല്ലെന്നു തോന്നാം. പക്ഷേ എതിരാളികളെ വെട്ടിച്ചുകയറാൻ അസാമാന്യമായ മിടുക്ക്.

10. മാർക്കോസ് അന്റോണിയോ 

മിഡ്ഫീൽഡർ, ബ്രസീൽ

കീശയിൽ ഇട്ടുകൊണ്ടു നടക്കാവുന്ന വലിപ്പമേയുള്ളൂ എന്നു തോന്നാം. പക്ഷേ ശരിക്കുമൊരു പ്ലേമേക്കർ. എതിർബോക്സിലേക്കു തൊടുക്കുന്നതു മാരകമായ പാസുകൾ.

11. യുവാൻ മിറാൻഡ

ഡിഫൻഡർ, സ്പെയിൻ

എപ്പോഴും ആക്രമണവാസനയുള്ള പ്രതിരോധക്കാരൻ. മുൻനിരയിലേക്ക് മിറാൻഡ പറന്നെത്തും, ഏതുനിമിഷവും. പലവട്ടം ഗോളിനു വഴിയൊരുക്കി.

12. പൗളിഞ്ഞോ

സ്ട്രൈക്കർ, ബ്രസീൽ

ഈ ലോകകപ്പിൽ മഞ്ഞപ്പടയുടെ ഏറ്റവും വലിയ ആയുധം. അൽപം സ്ഥലംകിട്ടിയാൽ മതി പൗളീഞ്ഞോയുടെ ബൂട്ടിൽനിന്നു പന്തു ഗോളിലേക്കു പായും.

13. സെസാർ ഗലാബർട്ട്

മിഡ്ഫീൽഡർ, സ്പെയിൻ

ഊർജസ്വലനായ മധ്യനിരക്കാരൻ. ആക്രമിച്ചു കളിക്കാനാണ് ഇഷ്ടം. പ്രതിരോധം പിളർത്തുന്ന മിന്നലോട്ടങ്ങളും  മികച്ച പാസുകളും.

14. ആബേൽ റൂയിസ്

സ്ട്രൈക്കർ, സ്പെയിൻ

കളിമിടുക്ക്, ശാരീരികമായ കരുത്ത്, ഫുട്ബോൾ ബുദ്ധി. മൂന്നും റൂയിസിനെ അപകടകാരിയാക്കുന്നു. ലക്ഷ്യബോധമുള്ള സ്ട്രൈക്കർ.