മെസ്സി ഇവർക്കു ചങ്കിടിപ്പാണ് !

പാവ്‌ലോയും കുടുംബവും

നിഷ്നി നൊവോഗ്രാഡിലെ ഹോട്ടലിൽനിന്ന് ഇറങ്ങുമ്പോഴാണ് ആ അർജന്റീന ഫാമിലിയെ കണ്ടത് – അച്ഛൻ, അമ്മ, മൂന്നു മക്കൾ. ഫോട്ടോയെടുത്തു. ഇവരോട് എന്തു ചോദിക്കും? പോർച്ചുഗീസും സ്പാനിഷും മാത്രം ശീലമുള്ളവരോട് ആംഗ്യഭാഷയിൽ വേണമല്ലോ സംസാരമെന്ന ആശങ്കയ്ക്കിടെ ഇളയ മകൾ ട്രീന ആശ്വാസമായി. അവൾക്ക് ഇംഗ്ലിഷ് അറിയാം. മൂത്തയാളുടെ പേര് ലൂപ്പെ. അച്ഛൻ പാവ്‌ലോ, അമ്മ വനേസ, തൊട്ടിലിൽ ഇരിക്കുന്ന ഇളയ ആൺകുട്ടിയുടെ പേരിനു ഫുട്ബോൾ ബന്ധം – ബാറ്റിസ്റ്റ! ‌

ഫുട്ബോളിനെ ഇവർ സ്നേഹിക്കുന്നു, അതിലേറെ മെസ്സിയെയും. പാവ്‌ലോയും വനേസയും ബാങ്ക് ഉദ്യോഗസ്ഥർ. നാലു വർഷത്തിലൊരിക്കലാണ് ഈ കുടുംബത്തിന്റെ പ്രധാന യാത്ര; ലോകകപ്പ് രാജ്യത്തേക്ക്! മറ്റു ചെലവുകളെല്ലാം കുറച്ച് അവർ കാത്തിരിക്കുന്നതു ലോകകപ്പിനുവേണ്ടിയാണ്. കഴിഞ്ഞ തവണ ബ്രസീലിലേക്ക്. തൊട്ടടുത്ത രാജ്യമായതിനാൽ ചെലവു കുറവായിരുന്നു.

കേരളത്തിലെ ആരാധകരെപ്പോലെ മെസ്സി ഇവർക്കു ചങ്കാണ്, ചങ്കിടിപ്പാണ്. അടിമുടി മെസ്സിയെ ആരാധിക്കുന്നു, അനുകരിക്കുന്നു. മെസ്സിയും ഭാര്യ അന്റോനെല്ലയും എല്ലായിടത്തും കുട്ടികളെയും കൂട്ടി യാത്രചെയ്യുന്നു, അതുപോലെ ഞങ്ങളും എന്നതാണു നിലപാട്. ഈ കുടുംബം മാത്രമല്ല, ലോകകപ്പിനെത്തുന്ന അർജന്റീനക്കാരിൽ ഭൂരിഭാഗത്തിനും ലോകകപ്പ് കുടുംബയാത്രയ്ക്കുള്ള വേദിയാണ്. എല്ലാവരും അണിയുന്നതു മെസ്സിയുടെ പത്താം നമ്പർ ജഴ്സി തന്നെ. ഐസ്‌ലൻഡ് മൽസരം കഴിഞ്ഞിറങ്ങുമ്പോൾ മെസ്സിയെ കൊല്ലാൻ ദേഷ്യത്തോടെ നടക്കുന്ന ഒരു ആരാധകനെ കണ്ടതോർത്തു. അയാളും ധരിച്ചിരുന്നതു മെസ്സി ജഴ്സി തന്നെ!

മെസ്സിയോട് ഇവർക്കു സ്ഥായിയായുള്ള വികാരം ഒന്നു മാത്രം: ഇഷ്ടം! ക്രിസ്റ്റ്യാനോയെപ്പോലെ അൽപംകൂടി ശൗര്യം കാണിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യും. എങ്കിലും മെസ്സിയുടെ ഉൾവലിയൽ സ്വഭാവം ആ പ്രതിഭയുടെ ഭാഗമാണെന്നു വിശ്വസിക്കാനാണിഷ്ടം. ഈ ഇഷ്ടം മെസ്സിക്കൊപ്പമുള്ളവരോടു തരിമ്പുമില്ല. ഹിഗ്വെയിനെക്കുറിച്ചു ചോദിച്ചപ്പോൾത്തന്നെ ഒരു അർജന്റീന ആരാധകന്റെ മുഖം ചുവന്നു. പൗളോ ഡൈബാലയോടും സെർജിയോ അഗ്യൂറോയോടും വലിയ കുഴപ്പമില്ല. ഗോൾകീപ്പർ സെർജിയോ റൊമേറോ പരുക്കേറ്റു പുറത്തായതു വലിയ നഷ്ടമായി എല്ലാവരും കരുതുന്നു.

മെസ്സി കഴിഞ്ഞാൽ പിന്നെ പലരുടെയും ഇഷ്ടതാരം ബോക്ക ജൂനിയേഴ്സിന്റെ ക്രിസ്ത്യൻ പാവോൺ ആണ്. ലോക്കൽ ബോയ് എന്ന നിലയിലാണത്. പണ്ടു മറഡോണയ്ക്കും പിന്നീടു കാർലോസ് ടെവസിനും കൊടുത്ത ഇഷ്ടം. യൂറോപ്പിലെത്തുന്നതോടെ പലരും രാജ്യത്തെ മറക്കുകയാണെന്നത് അർജന്റീന ആരാധകരുടെ പൊതുവേയുള്ള പരാതി. അതുകൊണ്ടുതന്നെ ദേശീയ ജഴ്സിയിലല്ലാതെ ക്ലബ് ജഴ്സിയിട്ടു നടക്കുന്ന ഒരൊറ്റ അർജന്റീന ആരാധകനെയും കണ്ടില്ല. മെസ്സിയുടെ ബാർസിലോന പത്താം നമ്പർ പോലും!