ഇതാ ഇവിടൊരു ലോക ഗാലറി

താഴത്തങ്ങാടിയിലെ അർജന്റീന കോർണറിനു മുൻപിൽ ആരാധർ. ഇടത്തുനിന്ന് മൂന്നാമത് സന്തോഷ്ട്രോഫി താരം മുഹമ്മദ് ഷരീഫ്

കളിയാവേശത്തിന്റെ കാര്യത്തിൽ ബാക്ക്പാസിട്ട ചരിത്രമില്ല. കളിക്കളത്തിൽ ഒരു കൊലകൊമ്പനു മുന്നിലും കൂസിയിട്ടില്ല. ജയിച്ചാലും തോറ്റാലും ഇഷ്ട ടീമിൽനിന്നു കാലു മാറിയിട്ടുമില്ല. ഇത് അരീക്കോട്. തുകൽപ്പന്തിൽ സ്വന്തം ശ്വാസം നിറച്ചനാട്. അടുത്തകാലം വരെ ഏരിയാകോഡ്(areacode) എന്നായിരുന്നു ഔദ്യോഗികരേഖകളിൽ അരീക്കോട്. കേന്ദ്രസർക്കാരിന്റെ പെനൽറ്റി ബോക്സും കടന്ന് അപേക്ഷാപ്പന്ത് വലകുലുക്കിയപ്പോൾ സ്കോർബോർഡിൽ അരീക്കോടിന് സ്വന്തം പേർ തിരിച്ചുകിട്ടി. (Areacode – 0, Areekode – 1 ). പക്ഷേ, കാൽപ്പന്തുകളിക്കാരുടെയും ആരാധകരുടെയും കണക്കെടുത്താൽ സംസ്ഥാനത്തു തന്നെ ഏരിയാകോഡ് നമ്പർ വൺ (areacode 1) മ്മടെ അരീക്കോടുതന്നെ.

താഴത്തങ്ങാടിയല്ല; ഫുട്ബോളിന്റെ മേലത്തങ്ങാടി

അരീക്കോട്ട് കിടിലോസ്കി കണ്ട ഒരു കാഴ്ചയെക്കുറിച്ചു പറയാം. വഴിയിലൊരു മാങ്ങവീണു കിടക്കുന്നു. സൈക്കിളിൽനിന്നിറങ്ങിവന്ന കൊച്ചുപയ്യൻ ഗംഭീരനൊരു ഫ്രീക്കിക്കെടുത്തു മടങ്ങി. മാങ്ങ കൃത്യമായി അടുത്ത തൊടിയുടെ സെക്കൻഡ് പോസ്റ്റിൽ. കാലുറയ്ക്കുന്നതിനു മുൻപ് കിക്കെടുക്കാൻ പഠിക്കുന്നവരാണ് അരീക്കോട്ടെ പിള്ളേർ. താഴത്തങ്ങാടിയിലെത്തിയപ്പോൾ മറ്റൊരു ചിടുങ്ങൻ ചോദിച്ചു. ‘ഇക്കയേതാ ടീം.’ നന്നായി കളിക്കുന്ന എല്ലാ ടീമിനെയും ഇഷ്ടമാണെന്നു മറുപടി നൽകി. പിന്നീടങ്ങോട്ട് അന്യഗ്രഹജീവിയെ നോക്കുന്നപോലാണ് ആ പയ്യൻ കിടിലോസ്കിയെ നോക്കിയത്. അക്ഷരമുറയ്ക്കുന്ന പ്രായത്തിനു മുൻപേ ഇവരുടെ ഇഷ്ട ഫുട്ബോൾടീമും ഉറച്ചു കഴിഞ്ഞിരിക്കും. പിന്നീടതിനു മാറ്റമില്ല. 500 മീറ്റർ പരിധിയിൽ ഫുൾ പാക്കഡ് ആയ ഗാലറി പോലെയാണ് ഇന്ന് താഴത്തങ്ങാടി. കട്ട ഫാനുകളുടെ കോൽക്കളിയും ദഫ്മുട്ടും അരങ്ങേറുന്ന ഇടം. ഏതു ഫുട്ബോൾ ടീമിലെയും പന്ത്രണ്ടാമൻ ആ ടീമിനുവേണ്ടി ആർപ്പുവിളിക്കുന്ന ആരാധകനാണെന്നു പറയാറുണ്ട്. എങ്കിൽ ലോകകപ്പിൽ കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കും വേണ്ട ആ പന്ത്രണ്ടാമൻ താഴത്തങ്ങാടിയിലുണ്ട്.

അർജന്റീനയുടെ പൊളിറ്റ്ബ്യൂറോ

സിപിഎമ്മിനു മാത്രമല്ല, താഴത്തങ്ങാടിയിലെ അർജന്റീന ഫാൻസിനുമുണ്ട് പൊളിറ്റ് ബ്യൂറോ. ഏഴംഗങ്ങൾ ഉൾക്കൊള്ളുന്ന മേൽക്കമ്മിറ്റിയാണ് ഇത്. പൊളിറ്റ്ബ്യൂറോ തീരുമാനം അനുസരിക്കുക എന്ന പ്രവർത്തക ധർമം ഇവിടത്തെ ബാക്കി അർജന്റീന ഫാൻസെല്ലാം പാലിക്കുന്നു. ഇത്തവണ അവെയ്‌ലബിൾ പിബി ചേർന്ന് തിടുക്കത്തിലെടുത്ത തീരുമാനം അർജന്റീനയ്ക്ക് അഭിവാദ്യമർപ്പിച്ച് ഒരു ഓൺലൈൻ പതിപ്പുണ്ടാക്കുക എന്നതായിരുന്നു. ‘ആൽബിസെലസ്റ്റ’ എന്ന പേരിൽ ഇത് തയാറായിക്കഴിഞ്ഞു. താഴത്തങ്ങാടി സ്വദേശിയും സന്തോഷ് ട്രോഫി താരവുമായ മുഹമ്മദ് ഷരീഫിന്റെ നേതൃത്വത്തിൽ അർജന്റീന കോർണർ എന്ന പേരിൽ പ്രത്യേക മുറിയും റെഡി. ഇനി ലോകകപ്പിൽ മെസിയുടെ കിടിലൻ ഗോളുകൂടി ആയാൽ സംഗതി ഉഷാർ.

തൊട്ടടുത്ത് കാനറികൾ പറക്കുന്നു

‘കളർടിവി വരുന്ന കാലത്തിനു മുൻപ് കപ്പടിച്ചവരോടു സംസാരിക്കാതെ ഇങ്ങോട്ടു വരിൻ. ഇതാണ് ഉശിരൻ ടീം’ മഞ്ഞയിൽ മുങ്ങിയെഴുന്നേറ്റ മുറിയിൽനിന്നൊരു വിളി. അർജന്റീന കോർണറിനു തൊട്ടടുത്ത മുറി ബ്രസീൽ‌ ഫാൻസിന്റേതാണ്. ഒട്ടും കുറവല്ല ഇവരുടെയും അംഗസംഖ്യ. ബ്രസീലിന്റെ കടുത്ത ആരാധകനും സന്തോഷ് ട്രോഫി താരവുമായ എം.പി.സക്കീറാണ് മുറി ഉദ്ഘാടനം ചെയ്തത്. ഓൺലൈൻ പതിപ്പിറക്കാനുള്ള ഒരുക്കത്തിലാണ് ഇവരും.

താഴത്തങ്ങാടിയിലെ ബ്രസീൽ ആരാധകരുടെ താവളം