എതിരാളികൾ കരുതിയിരിക്കുക; ഹാട്രിക് നേട്ടവുമായി മെസ്സി വരുന്നു

ഹവിയർ മഷറാനോയും മെസ്സിയും ഹെയ്ത്തിക്കെതിരായ മൽസരത്തിനിടെ.

ബ്യൂണസ് ഐറിസ്∙ റഷ്യൻ ലോകകപ്പിന് പന്തുരുളാൻ രണ്ടാഴ്ച മാത്രം അവശേഷിക്കെ, സൗഹൃദ ഫുട്ബോൾ മൽസരത്തിൽ ഹെയ്ത്തിക്കെതിരെ അർജന്റീനയ്ക്കു ജയം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലോക റാങ്കിങ്ങിൽ 108–ാം സ്ഥാനക്കാരായ ഹെയ്ത്തിയെ അർജന്റീന തകർത്തത്. സൂപ്പർതാരം ലയണൽ മെസ്സിയുടെ ഹാട്രിക്കായിരുന്നു മൽസരത്തിലെ ഹൈലറ്റ്. 17 (പെനൽറ്റി), 58, 66 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് നേട്ടം. നാലാം ഗോൾ സെർജിയോ അഗ്യൂറോ (69) നേടി. ഈ ഗോളിന്റെ ശിൽപിയും മെസ്സി തന്നെ.

ഹെയ്ത്തിക്കെതിരായ ഹാട്രിക് നേട്ടതോടെ അർജന്റീനയ്ക്കായുള്ള മെസ്സിയുടെ ഗോൾനേട്ടം 124 മൽസരങ്ങളിൽനിന്ന് 64 ആയി ഉയർന്നു. ഹെയ്ത്തിക്കെതിരായ മൽസരത്തോടെ ഹവിയർ മഷറാനോ അർജന്റീനയ്ക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര മൽസരങ്ങളിൽ കളിച്ച താരവുമായി. 143 മൽസരങ്ങൾ കളിച്ച ഹവിയർ സനേറ്റിയുടെ റെക്കോർഡിനൊപ്പമാണ് മഷറാനോ ഇപ്പോൾ.

കഴിഞ്ഞ മാസം നടന്ന സൗഹൃദ മൽസരത്തിൽ സ്പെയിനിനോട് 6–1ന് തോറ്റ ടീമിൽ ആറു മാറ്റങ്ങൾ വരുത്തിയാണ് അർജന്റീന പരിശീലകൻ ഹെയ്ത്തിക്കെതിരെ ടീമിനെ അണിനിരത്തിയത്. മഷറാനോ, ഹിഗ്വയിൻ, ഒട്ടാമെൻഡി, ടാഗ്‍ളിഫികോ, ലോസെൽസോ എന്നിവരാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്.

ഇന്നലെ നടന്ന മറ്റു മൽസരങ്ങളിൽ പെറു സ്കോട്‌ലൻഡിനെയും എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപ്പിച്ചപ്പോൾ, പാനമയും വടക്കൻ അയർലൻഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.