റൊണാൾഡോ, കോസ്റ്റ, സ്വാരസ്; ഇവരാണ് ആ ഹീറോസ് – വിഡിയോ

ലൂയി സ്വാരസ്, ഡീഗോ കോസ്റ്റ, ക്രിസ്റ്റ്യാനോ റൊണാൾഡോ

മോസ്കോ∙ ലോക ഫുട്ബോളിലെ മൂന്നു മിന്നും താരങ്ങൾ അവരുടേതാക്കി മാറ്റി ദിനമാണ് കടന്നുപോയത്. വ്യക്തിമുദ്ര ചാർത്തിയ സുന്ദരൻ ഗോളുകളിലൂടെ ഇവർ സ്വന്തം ടീമുകൾക്ക് വിജയം സമ്മാനിച്ച കാഴ്ച നാം റഷ്യയിൽ കണ്ടു. ഈ മൂന്നു മൽസരങ്ങൾക്കും മറ്റൊരു പ്രത്യേകതയുണ്ട്. എല്ലാ കളികളിലെയും ജയങ്ങൾ ഏകപക്ഷീയമായ ഒരു ഗോളിന്. തോറ്റ ടീമുകളാകട്ടെ പൊരുതിയാണ് തോറ്റതെന്ന പ്രത്യേകതയുമുണ്ട്. മൊറോക്കോ, സൗദി അറേബ്യ, ഇറാൻ എന്നിവരാണ് എതിരാളികളെ വിറപ്പിച്ച് കീഴടങ്ങിയത്. ബുധനാഴ്ചത്തെ മൽസരങ്ങളിലൂടെ....

ക്രിസ്റ്റ്യാനോ ജയി(പ്പി)ച്ചു

മൊറോക്കോയുടെ ഒരായിരം ഷോട്ടുകൾക്കു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരൊറ്റ ഹെഡറിലൂടെ പോർച്ചുഗലിന്റെ മറുപടി. പൊരുതിക്കളിച്ച മൊറോക്കോയെ നാലാം മിനിറ്റിൽ റൊണാൾഡോ നേടിയ ഹെഡർ ഗോളിൽ പോർച്ചുഗൽ മറികടന്നു (1–0). പിന്നിലായശേഷം തുടരെ മുന്നേറ്റങ്ങളുമായി മൊറോക്കോ ആഞ്ഞു പൊരുതിയെങ്കിലും പോർച്ചുഗൽ പിടിച്ചുനിന്നു.

'കോസ്റ്റ്ലി' കോസ്റ്റ

വിഡിയോ അസിസ്റ്റന്റ് റിവ്യൂ സിസ്റ്റം ഇറാന് തിരിച്ചടിയായ മൽസരത്തിൽ സ്പെയിനിന് റഷ്യൻ ലോകകപ്പിലെ ആദ്യജയം. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പെയിൻ ജയിച്ചുകയറിയത്. മൽസരത്തിന്റെ 54–ാം മിനിറ്റിൽ ഡീഗോ കോസ്റ്റയാണ് സ്പെയിനിന്റെ വിജയഗോൾ നേടിയത്. 64–ാം മിനിറ്റിൽ ഇറാൻ ഗോൾ മടക്കിയെങ്കിലും വിഡിയോ അസിസ്റ്റന്റ് റിവ്യൂവിൽ ഇത് ഗോളല്ലെന്ന് തെളിഞ്ഞു.

സൗദിയെ മറികടന്ന് യുറഗ്വായ്

നൂറാം രാജ്യാന്തര മൽസരത്തിൽ സുവർണ ഗോൾ നേടിയ ലൂയി സ്വാരെസിനോട് യുറഗ്വായ് നന്ദി പറയട്ടെ. ആദ്യ പകുതിയിൽ സൂപ്പർതാരം കുറിച്ച ഗോളിൽത്തൂങ്ങി സൗദി അറേബ്യയെ മറികടന്ന യുറഗ്വായ് എ ഗ്രൂപ്പിൽനിന്ന് പ്രിക്വാർട്ടറിൽ (1–0). മൽസരത്തിലൂടനീളം വീറോടെ പൊരുതിയ സൗദിക്ക് തോൽവിയിലും തലയുയർത്തിപ്പിടിച്ചു മടങ്ങാം. 23–ാം മിനിറ്റിൽ കോർണർകിക്കിൽനിന്നായിരുന്നു സ്വാരെസ് ലക്ഷ്യം കണ്ടത്.