ആദ്യം ഷാക്ക, 90–ാം മിനിറ്റിൽ ഷാക്കിരി; സെർബിയയെ സ്വിസ്പ്പട വീഴ്ത്തി (2–1)

സ്വിറ്റ്സർലൻഡിനായി ഗോൾ നേടുന്ന ഷിർദാൻ ഷാക്കിരി.

കാലിനിൻഗ്രാഡ്∙ സൂപ്പർതാരങ്ങളായ ഗ്രാനിറ്റ് ഷാക്ക, ഷിർദാൻ ഷാക്കിരി എന്നിവരുടെ ഗോളിൽ സെർബിയയ്ക്കെതിരെ സ്വിറ്റ്സർലൻഡിന് വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വിസ്പ്പട സെർബിയയെ വീഴ്ത്തിയത്. മൽസരത്തിന്റെ അഞ്ചാം മിനിറ്റിൽ ലീഡ് നേടിയ സെർബിയയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകളിലാണ് സ്വിറ്റ്സർലൻഡ് വീഴ്ത്തിയത്. 52, 90 മിനിറ്റുകളിലാണ് ഷാക്ക, ഷാക്കിരി എന്നിവർ ഗോൾ നേടിയത്. അഞ്ചാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ചാണ് സെർബിയയുടെ ഗോൾ നേടിയത്.

ഇതോടെ റഷ്യൻ ലോകകപ്പിൽ പിന്നിൽനിന്ന് തിരിച്ചടിച്ച് ജയിക്കുന്ന ആദ്യ ടീമെന്ന ബഹുമതിയും സ്വിറ്റ്സർലൻഡിനു സ്വന്തം. ഈ വിജയത്തോടെ രണ്ടു കളികളിൽനിന്ന് നാലു പോയിന്റുമായി സ്വിറ്റ്സർലൻഡ് ഗ്രൂപ്പിൽ രണ്ടാമതെത്തി. ബ്രസീലാണ് ഗ്രൂപ്പിൽ ഒന്നാമത്. ആദ്യമൽസരത്തിൽ കോസ്റ്ററിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ച സെർബിയ മൂന്നു പോയിന്റുമായി മൂന്നാമതാണ്. രണ്ടു മൽസരങ്ങളും തോറ്റ കോസ്റ്ററിക്ക ലോകകപ്പിൽനിന്ന് പുറത്തായി.