ലുക്കാകുവിനും ഹസാർഡിനും ഇരട്ടഗോൾ; ഗോൾമഴയ്ക്കൊടുവിൽ ബൽജിയം (5-2) - വിഡിയോ

ബൽജിയത്തിനായി രണ്ടു ഗോൾ വീതം നേടിയ റോമേലു ലുക്കാകു (മധ്യത്തിൽ‌), ഏ‍ഡൻ ഹസാർഡ് (വലത്) എന്നിവർ.

90 മിനിറ്റ്, ഏഴു ഗോളുകൾ! റഷ്യ ലോകകപ്പിൽ ഏറ്റവുമധികം ഗോൾ വീണ മൽസരത്തിൽ, തുനീസിയയെ നിസ്സാരരാക്കി ബൽജിയത്തിന്റെ സുവർണ തലമുറ പ്രീക്വാർട്ടറിൽ (5–2). ക്യാപ്റ്റൻ ഏദൻ ഹസാഡ്, റൊമേലു ലുക്കാകു എന്നിവരുടെ ഡബിളിനൊപ്പം മിഷി ബാഷുവായിയും ബൽജിയത്തിനായി ഗോൾ നേടി. തുടർച്ചയായ രണ്ടാം തോൽവിയോടെ ആഫ്രിക്കൻ പ്രതിനിധികളായ തുനീസിയ ലോകകപ്പിൽനിന്നു പുറത്തായി. ഡൈലൻ ബ്രോൺ, വഹീബി ഖസ്രി എന്നിവരുടേതാണു തുനീസിയയുടെ ആശ്വാസ ഗോളുകൾ.

റഷ്യ ലോകകപ്പ് ഇതുവരെ കണ്ടതിൽവച്ചേറ്റവും മികച്ച പ്രകടനത്തോടെയാണു ബൽജിയത്തിന്റെ നോക്കൗട്ട് പ്രവേശം. അഞ്ചു ഗോളുകൾ സ്കോർ ചെയ്തപ്പോഴും രണ്ടു ഗോളുകൾ വഴങ്ങിയ കളിശൈലി ബൽജിയം പ്രതിരോധനിരയുടെ ദൗർബല്യത്തിലേക്കും വിരൽചൂണ്ടുന്നു. ഇന്നലെ നേടിയ രണ്ടു ഗോളുകളോടെ, ലോകകപ്പിൽ തുടർച്ചയായ രണ്ടു ഗോളുകളിൽ ഡബിൾ നേടുന്ന താരമായി റൊമേലു ലുക്കാകു. നാലു ഗോളുകളോടെ ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പവുമെത്തി.

ആദ്യ പത്തു മിനിറ്റിനകം രണ്ടു ഗോൾ നേടി തുനീസിയയെ സമ്മർദത്തിലാക്കുകയാണു ബൽജിയം ചെയ്തത്. ക്യാപ്റ്റൻ ഏദൻ ഹസാഡാണു സ്കോറിങ് തുടങ്ങിയത്. രണ്ടാം പകുതിയിലെ ഗോളിൽ ഹസാഡ് ഡബിൾ തികച്ചു. ഇതിനിടെ, ഒട്ടേറെ ഗോളവസരങ്ങൾ ബൽജിയം താരങ്ങൾ നഷ്ടപ്പെടുത്തി. പാനമയ്ക്കെതിരെ ആദ്യകളിയിൽ പതിഞ്ഞ തുടക്കമായിരുന്നു ടീമിന്റേത് എന്നതിന്റെ പേരിൽ ഏറെ വിമർശനം കേട്ട ബൽജിയം കോച്ച് റോബർട്ടോ മർട്ടിനെസ്, അവയ്ക്കെല്ലാമുള്ള മറുപടിപോലെയാണ് ഇത്തവണ കളി ആസൂത്രണം ചെയ്തത്.

കഴിഞ്ഞ യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽവരെ അനായാസം കുതിച്ചെത്തി, വെയ്‌ൽസിനു മുന്നിൽ അപ്രതീക്ഷിതമായി കീഴടങ്ങിയ ചരിത്രം ഓർമിപ്പിച്ചായിരുന്നു ടീമിനെതിരെയുള്ള വിമർശനം. അഞ്ചു ഗോളുകൾ സ്കോർ ചെയ്തതോടെ കോച്ച് മർട്ടിനെസിനു തൽക്കാലത്തേക്ക് ആശ്വസിക്കാം. അതേസമയം, ബൽജിയം രണ്ടു ഗോൾ വഴങ്ങേണ്ടിവന്നതിനെക്കുറിച്ച് ഇതിനകം ചർച്ചകൾ ആരംഭിച്ചിട്ടുമുണ്ട്. 28നു രാത്രി 11.30ന് ഇംഗ്ലണ്ടിനെതിരെയാണു ബൽജിയത്തിന്റെ അവസാന ഗ്രൂപ്പ് പോരാട്ടം.

ഗോളുകൾ വന്ന വഴി

∙ ഏദൻ ഹസാഡ് (ബൽജിയം) – ആറാം മിനിറ്റ്

ഏഡൻ ഹസാഡിനെ തുനീസിയൻ ഡിഫൻഡർ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു വിഎആർ തീരുമാനത്തിൽ പെനൽറ്റി. കിക്കെടുത്ത ഹസാഡിനു പിഴച്ചില്ല.

∙ ലുക്കാകു (ബൽജിയം) – 16–ാം മിനിറ്റ്

ബൽജിയൻ പകുതിയിൽനിന്നു മെർട്ടെൻസിന്റെ കൗണ്ടർ അറ്റാക്ക്. ബോക്സിനു പുറത്തുനിന്നു മെർട്ടെൻസ് കൈമാറിയ പന്ത് സ്വീകരിച്ച ലുക്കാകു ഗോൾകീപ്പർ സിയാം ബെൻ യൂസഫിന്റെ കാലുകൾക്ക് ഇടയിലൂടെ പന്തു വലയിലെത്തിച്ചു.

∙ ഡൈലൻ ബ്രോൺ (തുനീസിയ) – 18–ാം മിനിറ്റ്

തുനീസിയ താരം വഹീബി ഖസ്രിയുടെ ഫ്രീകിക്കിൽനിന്നായിരുന്നു ഗോൾ. ബോക്സിനുള്ളിൽനിന്ന് ഉയർന്നു ചാടിയുള്ള ഹെഡറിലൂടെ ബ്രോൺ ഒരു ഗോൾ മടക്കി.

∙ ലുക്കാകു (ബൽജിയം) – 45+3 മിനിറ്റ്

തുനീസിയൻ പ്രതിരോധത്തിന്റെ പിഴവ്. വലതു വിങ്ങിനു സമീപത്തുനിന്നു ബോക്സിനു സമീപത്തേക്കു കുതിച്ച മ്യൂനിയർ പന്ത് ലുക്കാകുവിനു മറിച്ചു. ഗോൾ കീപ്പർ മാത്രം മുന്നിലുള്ളപ്പോൾ ലുക്കാകുവിനു പിഴച്ചില്ല.

∙ ഹസാഡ് (ബൽജിയം) – 51–ാം മിനിറ്റ്

ആൾഡർവെയിറൽഡിന്റെ ത്രൂ പാസ്ഹസാഡ് വലയിലേക്കു തട്ടിയിട്ടു.

∙ ബാഷുവായി (ബൽജിയം) – 90–ാം മിനിറ്റ്

ടെലെമാനസ് ബോക്സിനുള്ളിലേക്ക് ഉയർത്തിക്കൊടുത്ത പന്ത്. ബാഷുവായി ഇടംകാൽ ഷോട്ടിലൂടെ ഗോൾ നേടി.

∙ വഹീബി ഖസ്രി (തുനീസിയ) – 93–ാം മിനിറ്റ്

നാഗുവേസ് മറിച്ചുകൊടുത്ത പന്ത് ഖസ്രി വലംകാൽകൊണ്ടു ബൽജിയൻ പോസ്റ്റിലേക്കു വഴി തിരിച്ചുവിട്ടു.

സ്റ്റാർ ചേസ്

ഏദൻ ഹസാഡ് (ബൽജിയം)
ക്ലബ്: ചെൽസി
പ്രായം: 27

‘സൂപ്പർ പാസർ’ എന്നാണു വിശേഷണം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവരുമായാണു ഹസാഡിനെ പരിശീലകരും താരങ്ങളും താരതമ്യം ചെയ്യുന്നത്. അറ്റാക്കിങ് മിഡ്ഫീൽഡറുടെ പൊസിഷനിൽ കളിക്കുന്ന ഹസാർഡ് തുനീസിയസ്ക്കെതിരെ നേടിയത് രണ്ടു ഗോൾ. ആദ്യഗോൾ നേടി കളി ബൽജിയത്തിന് അനുകൂലമാക്കിയതും, മറ്റുകളിക്കാർക്കു പ്രചോദനമായി കളം നിറഞ്ഞതും 2012 മുതൽ ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽ കളിക്കുന്ന ഹസാഡായിരുന്നു.

ടോക്കിങ് പോയിന്റ്

16 മിനിറ്റിനിടെ ആദ്യ രണ്ടുഗോളുകൾ നേടി തുനീസിയയ്ക്കു മേൽ ആധിപത്യം സ്ഥാപിച്ച ബൽജിയത്തിന്റെ കളി ലോകകപ്പിൽ ഇതുവരെ കണ്ടതിൽ
വച്ചേറ്റവും ആധികാരികം. ഏദൻ ഹസാഡ്, റൊമേലു ലുകാകു, ഡ്രിയസ് മെർടെൻസ്, ബാഷുവായി എന്നിവരുടെ സംഘം ചേർന്ന ആക്രമണത്തിനു മുന്നിൽ
തുനീസിയ ചൂളിപ്പോയി.