രണ്ടാം ജയത്തോടെ മെക്സിക്കോ പ്രീക്വാർട്ടറിനരികെ; ദക്ഷിണകൊറിയ പുറത്ത് (2–1) – വിഡിയോ

മെക്സിക്കോയ്ക്കായി ഗോൾ നേടിയ കാർലോസ് വാലയും ഹവിയർ ഹെർണാണ്ടസും. (ഫിഫി ട്വീറ്റ് ചെയ്ത ചിത്രം)

മെക്സിക്കൻ ആക്രമണത്തിരമാലകളുടെ സൗന്ദര്യം നോക്കൗട്ടിലേക്ക്. ദക്ഷിണ കൊറിയയെ 2–1നു മറികടന്ന് മെക്സിക്കോ ഗ്രൂപ്പ് എഫ് തുടരെ രണ്ടാം മൽസരത്തിലും വിജയിച്ചു. രണ്ടു കളികളിലും തോറ്റ കൊറിയ പുറത്തായി. പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് കാ‍ർലോസ് വേലയും (27ാം മിനിറ്റ്) ഹവിയർ ഹെർണാണ്ടസും(67) വിജയികളുടെ ഗോളുകൾ നേടി. ഇൻജുറി ടൈമിൽ (90+4) ഹ്യുങ് മിൻ സണ്ണിലൂടെ കൊറിയ ആശ്വാസ ഗോൾ കണ്ടെത്തി.

ആദ്യ കളിയിൽ ലോകചാംപ്യൻമാരെ വീഴ്ത്തിയ ടീമിന്റെ ആത്മവിശ്വാസത്തിനു മുന്നിൽ കൊറിയ ഉയർത്തിയ വെല്ലുവിളികളെല്ലാം ദുർബലമായിരുന്നു. നേരത്തേ, സ്വീഡനെതിരെ സമസ്ത മേഖലകളിലും പിന്തള്ളപ്പെട്ട കൊറിയയുടെ പ്രകടനം താരതമ്യേന ഭേദമായിരുന്നുവെന്നു മാത്രം. എന്നാൽ, മെക്സിക്കോയുടെ കാവൽക്കാരൻ ഗില്ലർമോ ഒച്ചോവയെ പരീക്ഷിക്കാൻ പോന്ന മുന്നേറ്റങ്ങൾ കോർത്തിണക്കാൻ അവർക്കു കഴിഞ്ഞില്ല.

രണ്ടാം പകുതിയിൽ സമനിലഗോൾ ലക്ഷ്യം വച്ച് കൊറിയ ആക്രമണത്തിനു മുൻതൂക്കം നൽകിയങ്കിലും മെക്സിക്കോ കൗണ്ടർ അറ്റാക്കുകളിലടെ തിരിച്ചടിച്ചു. വേലയും ഹെർണാണ്ടസും നേടിയ ഗോളുകളുടെ മികവിൽ മെക്സിക്കോ വിജയം ഉറപ്പാക്കിയെന്നു തോന്നിയ ഘട്ടത്തിലാണ് സണ്ണിന്റെ ലോങ് റേഞ്ചർ ഒച്ചോവയുടെ പ്രതിരോധം ഭേദിച്ചത്.

ക്യാപ്റ്റൻ ആന്ദ്രെ ഗ്വാർദാദോയുടെ നേതൃത്വത്തിൽ മധ്യനിര മെക്സിക്കോ അടക്കി ഭരിച്ചതോടെ കൊറിയൻ ഗോൾമുഖം തുടരെ അപകടഭീഷണിയിലായി. ഇടതുവിങ്ങിൽ യുവതാരം ഹിർവിങ് ലൊസാനോയുടെ കുതിപ്പു തടയാൻ കൊറിയൻ ഡിഫൻഡർമാർ പാടുപെടേണ്ടി വന്നു. വലതു വിങ്ങർ സെവിയ്യ താരം മിഗ്വെൽ ലയുനും മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ പകുതിയിൽ മാത്രം പന്ത്രണ്ടു ഫ്രീകിക്കുകളാണ് അവർ വഴങ്ങിയത്. ഇതിനിടെ, കൗണ്ടർ അറ്റാക്കിലൂടെ ലഭിച്ച അവസരങ്ങൾ അവർ തുലയ്ക്കുകയും ചെയ്തു. 2002നു ശേഷം മെക്സിക്കോ ലോകകപ്പിലെ ആദ്യ രണ്ടു കളികളിൽ ജയിക്കുന്നത് ആദ്യമാണ്.