കൊളംബിയയോട് തോറ്റ് പുറത്ത്; പോളണ്ടിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുത്! (3-0) – വിഡിയോ

മൂന്നാം ഗോൾ നേടിയ യുവാൻ ക്വാഡ്രഡോയ്ക്ക് സഹതാരങ്ങളുടെ അഭിനന്ദനം.

കസാൻ∙ പോളണ്ടിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുത്! ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോറ്റ് പോളണ്ട് റഷ്യൻ ലോകകപ്പിൽനിന്ന് പുറത്ത്. യെറി മിനാ (40), റഡാമൽ ഫാൽക്കാവോ (70), യുവാൻ ക്വാഡ്രഡോ (75) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്. പോളണ്ട് നിരയിൽ സൂപ്പർതാരം റോബർട്ട് ലെവൻഡോവിസ്കി നിറംമങ്ങിയപ്പോൾ ബയണ്‍ മ്യൂണിക്കിൽ അദ്ദേഹത്തിന്റെ സഹതാരം കൂടിയായ കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസ് രണ്ടു ഗോളുകൾക്ക് വഴിയൊരുക്കി കളം നിറഞ്ഞു.

റഷ്യൻ മണ്ണിൽ കൊളംബിയയുടെ ആദ്യ ജയമാണിത്. ആദ്യ മൽസരത്തിൽ ജപ്പാനോടു തോറ്റ കൊളംബിയ, ഈ വിജയത്തോടെ പ്രീക്വാർട്ടർ പ്രതീക്ഷ കാത്തു. അതേസമയം, ആദ്യ മൽസരത്തിൽ സെനഗലിനോടു തോറ്റ പോളണ്ട്, രണ്ടാം തോൽവിയോടെ ലോകകപ്പിൽനിന്ന് പുറത്തായി.