ഹീറോ, ഹോണ്ടയാണ്; സെനഗലിനെ സമനിലയിൽ തളച്ച് ജപ്പാൻ (2–2) വിഡിയോ

ജപ്പാന്റെ രണ്ടാം ഗോൾ നേടിയ കെയ്സുകി ഹോണ്ടയുടെ ആഹ്ലാദം.

തുല്യശക്തികളുടെ പോരാട്ടത്തിൽ ആവേശം സമാസമം. ആഫ്രിക്കൻ കരുത്തുമായി വിജയത്തിലേക്കു കുതിച്ച സെനഗലിനെഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ജപ്പാൻ തളച്ചു(2–2). രണ്ടു കളികളിൽനിന്ന് നാലു പോയിന്റ് വീതം നേടിയ ഇരു ടീമുകളും നോക്കൗട്ട് സാധ്യത നിലനി‍ർത്തി. രണ്ടു തവണ പിന്നിൽനിന്ന ശേഷമാണ് ജപ്പാൻ സമനില പിടിച്ചെടുത്തത്. സെനഗലിനു വേണ്ടി സാദിയോ മാനെ(11ാം മിനിറ്റ്), മാസ വാഗെ(71) എന്നിവരും ജപ്പാനു വേണ്ടി തകാഷി ഇനുയി(34)), കെയ്സുകെ ഹോണ്ട(78) എന്നിവർ ഗോൾ നേടി.

സെനഗലിന്റെ കായിക ശക്തിയും വേഗവും പ്രശ്നം സൃഷ്ടിച്ചെങ്കിലും ജപ്പാന്‍ ഒപ്പെത്തിനൊപ്പം പിടിച്ചുനിന്നു. അതിവേഗക്കാരായ സാദിയോ മാനെയും എംബായെ നിയാങ്ങും മിന്നല്‍ നീക്കങ്ങളുമായി കുതിച്ചെത്തിയപ്പോള്‍ പ്രതിരോധത്തില്‍ വിടവുകളുണ്ടായി.

പ്രതിരോധപ്പിഴവുകള്‍ തുടര്‍ന്നപ്പോള്‍ അപകടകരമായ ക്രോസുകള്‍ ക്ലിയര്‍ ചെയ്യുന്നതിലും വീഴ്ചകളുണ്ടായി. അത്തരമൊരു പാളിച്ച മുതലെടുത്താണ് സെനഗല്‍ ലീഡ് നേടിയത്. വൈകാതെ തന്നെ താളം വീണ്ടെടുത്ത ജപ്പാന്‍ പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടിച്ചതോടെ പോരാട്ടം കനത്തു.

ഗോളുകൾ വന്ന വഴി

∙ സാദിയോ മാനെ (സെനഗൽ) – 11–ാം മിനിറ്റ്

ജപ്പാന്റെ പ്രതിരോധപ്പിഴവിൽ നിന്ന് സെനഗലിനു ലീഡ്. മൂസ വാഗെ ജപ്പാൻ ബോക്സിലേക്ക് ഉയർത്തിയ ക്രോസ് ക്ലിയർ ചെയ്യുന്നതി‍ൽ ജപ്പാൻ ഡിഫൻഡർമാർ പരാജയപ്പെട്ടതോടെ പന്ത് വീണ്ടും സെനഗലിന്റെ യൂസഫ് സബാലിയിലേക്ക്. സബാലിയുടെ ഷോട്ട് ജപ്പാൻ ഗോളി എജി കവാഷിമ തട്ടിയകറ്റിയപ്പോൾ തൊട്ടുമുന്നിൽ നിന്ന സാദിയോ മാനെയ്ക്ക് ഗോൾപ്പാകം(1–0).

∙ തകാഷി ഇനുയി (ജപ്പാൻ) – 34–ാം മിനിറ്റ്

സ്വന്തം പകുതിയിൽനിന്ന് ഇടതു വിങ്ങിലേക്ക് നീട്ടിക്കിട്ടിയ ഹൈബോളിലേക്ക് ഓടിക്കയറിയ യൂട്ടോ നഗട്ടോമോയുടെ മികവാണ് സമനില ഗോളിനു വഴിതുറന്നത്. രണ്ടു ഡിഫൻഡർമാർക്കിടയിലൂടെ നഗട്ടോമോ ബോക്സിലേക്ക് മറിച്ചിട്ട പന്ത് ഫസ്റ്റ് ടച്ചിൽ നിയന്ത്രിച്ച തകാഷി ഇനുയിയുടെ തകർപ്പൻ ഷോട്ട് ഗോളി ഖാദിം എന്‍ഡിയായെയും മറികടന്ന് വലയില്‍(1–1).

∙ മൂസ വാഗെ (സെനഗല്‍) – 71–ാം മിനിറ്റ്

സെനഗലിന്റെ വിങ് ബാക്കുകള്‍ ഒത്തു ചേര്‍ന്ന നേടിയ വിജയഗോള്‍. ക്യാപ്റ്റന്‍ മാനെയുടെ ചിപ് ഷോട്ട് ലെഫ്റ്റ് ബാക്ക് സബാലിയിലേക്ക്. വെട്ടിത്തിരിഞ്ഞ് പന്ത് ബോക്സിന്റെ മധ്യത്തിലേക്ക് സബാലി തിരിച്ചുവിട്ടു. പിന്‍കാല്‍ കൊണ്ട് പന്ത് വലയിലെത്തിക്കാനുള്ള നിയാങ്ങിന്റെ ശ്രമം പാളിയെങ്കിലും ഓടിയെത്തിയ റൈറ്റ് ബാക്ക് മൂസ വാഗെയുടെ ഷോട്ട് വല കുലുക്കി(2–1).

4. കെയ്സുകെ ഹോണ്ട (ജപ്പാന്‍) – 78–ാം മിനിറ്റ്

പകരക്കാരന്‍ കെയ്സുകെ ഹോണ്ട ജപ്പാന് ജീവന്‍ നീട്ടിക്കൊടുത്ത നിമിഷം. യൂയ ഒസാക്കോയുടെ ക്രോസ് തട്ടിയകറ്റാനുള്ള സെനഗല്‍ ഗോളിയുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍. ബോക്സിനകത്തു വച്ച് തകാഷി കൊടുത്ത ക്രോസ് കൂട്ടപ്പൊരിച്ചിലിനിടെ ഹോണ്ട വലയിലെത്തിച്ചു(2–2)