നെയ്മറോ കുടീഞ്ഞോയോ? ആരെ പൂട്ടണമെന്ന് തലപുകച്ച് സെർബിയ

നെയ്മർ (വലത്), ഫിലിപെ കുടീഞ്ഞോ (ഇടത്), ഫോർവേഡ് ടൈസൺ (നടുവിൽ) എന്നിവർ പരിശീലനത്തിൽ.

സെർബിയയ്ക്ക് എന്നല്ല; ആരാധകർക്കാകെ സംശയമാണ്; ബ്രസീൽ ടീമിൽ ആരാണു താരം? നെയ്മറുടെ മേൽവിലാസത്തിലാണ് ബ്രസീൽ ലോകകപ്പിനു വന്നതെങ്കിലും കഴിഞ്ഞ രണ്ടു കളികളിലും മാൻ ഓഫ് ദ് മാച്ച് ആയത് ഫിലിപെ കുടീഞ്ഞോയാണ്. നെയ്മറെ താരപ്രഭയിൽ നിർത്തി കുടിഞ്ഞോയെ വച്ചുള്ള ഒരു കളിയാണോ ബ്രസീൽ നടത്തുന്നത് എന്ന് സെർബിയ സംശയിച്ചാൽ കുറ്റം പറയാനാവില്ല.

സ്പാർട്ടക് സ്റ്റേഡിയത്തിൽ ഇന്നു രാത്രി നടക്കുന്ന മൽസരം ജയിച്ചാൽ ഗ്രൂപ്പിലെ ഒന്നാമൻമാരായി ബ്രസീലിനു കയറാം. സമനിലയായാലും മുന്നേറാമെങ്കിലും രണ്ടാമതാകാൻ സാധ്യത. സെർബിയയ്ക്ക് ഇന്നു ജയിക്കണം.സമനിലയാണെങ്കിൽ കോസ്റ്റാറിക്ക സ്വിറ്റ്സർലൻഡിനെ തോൽപ്പിക്കുക തന്നെ വേണം.

സ്വിറ്റ്സർലൻഡ് കോസ്റ്റാറിക്കയ്ക്കെതിരെ സമനിലയെങ്കിലും നേടുകയും സെർബിയ ബ്രസീലിനെ തോൽപ്പിക്കുകയും ചെയ്താൽ ബ്രസീൽ പുറത്താകും. പരുക്കേറ്റ റൈറ്റ് ബായ്ക്ക് ഡാനിലോയും വിങ്ങർ ഡാനിലോയും ഇന്ന് ബ്രസീൽ നിരയിലുണ്ടാകില്ല. കാൽത്തുടയ്ക്കു പരുക്കേറ്റ കോസ്റ്റയ്ക്ക് ലോകകപ്പ് തന്നെ നഷ്ടമാകാനാണ് സാധ്യത.

നെയ്മർ: സൂപ്പർ താരം, കുടീഞ്ഞോ: നിർണായക താരം എന്നാണ് കഴിഞ്ഞ ദിവസം ഒരു ടെലിവിഷൻ ഇന്റർവ്യൂവിൽ മുൻ ബ്രസീൽ താരം കക്കാ പറഞ്ഞത്. സ്വിറ്റ്സർലൻഡിനെതിരെയും കോസ്റ്റാറിക്കയ്ക്കെതിരെയും ഗോൾ നേടിയ കുടീഞ്ഞോ രണ്ടു കളിയിലും മാൻ ഓഫ് ദ് മാച്ചും ആയിരുന്നു.

കുടീഞ്ഞോ നെയ്മറോളം വരുമെന്ന് മുൻ താരം റോബർട്ടോ കാർലോസും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കോച്ച് ടിറ്റെ ടീം കെട്ടിപ്പടുത്ത രീതിയുടെ ഗുണം കൂടിയാണിതെന്നാണ് കക്കായുടെ നിരീക്ഷണം. മൽസരങ്ങളിൽ ക്യാപ്റ്റൻമാരെ മാറ്റിപ്പരീക്ഷിക്കുന്ന ടിറ്റെയുടെ രീതിയും നല്ലതാണെന്ന് കക്കാ പറയുന്നു. നെയ്മർക്ക് അർഹിച്ച പ്രാധാന്യവും പരിഗണനയും നൽകുമ്പോഴും സ്ഥാനമേറ്റെടുത്ത ശേഷം 17 പേരെയാണ് ടിറ്റെ ക്യാപ്റ്റൻമാരായി മാറ്റിപ്പരീക്ഷിച്ചത്. ലോകകപ്പിലെ ഉദ്ഘാടന മൽസരത്തിൽ മാഴ്സലോയ്ക്കായി ആ ഊഴം. അടുത്ത കളിയിൽ തിയാഗോ സിൽവ. ഇന്നു സെർബിയയ്ക്കെതിരെയും പുതിയൊരു ക്യാപ്റ്റനെ കാണാം.