ഒടുവിൽ മെസ്സിക്കുമൊരു ദിനം, അർജന്റീനയ്ക്കും; മൽസരക്കാഴ്ചകളിലൂടെ

അർജന്റീന ആരാധകർ ഗാലറിയിൽ.

ലയണൽ മെസ്സിയും അർജന്റീനയും മിന്നിനിന്ന ദിനം! റഷ്യൻ ലോകകപ്പിന് അന്യമായേക്കുമെന്ന് ഭയന്ന ആ കാഴ്ചവട്ടം സമ്മാനിച്ച മൽസരദിനമാണ് കടന്നുപോകുന്നത്. വിരസമായ ആദ്യരണ്ടു മൽസരങ്ങളിൽനിന്ന് ആവേശം ആകാശംതൊട്ട അവസാന രണ്ടു മൽസരങ്ങളിലേക്കെത്തുമ്പോൾ, റഷ്യൻ ലോകകപ്പ് കൂടുതൽ അപ്രവചനീയമാവുകയാണ്. നാടകീയ നിമിഷങ്ങൾക്കൊടുവിൽ ഫ്രാൻസിനും ഡെൻമാർക്കിനും പിന്നാലെ, ക്രൊയേഷ്യയും അർജന്റീനയും നോക്കൗട്ടിലേക്കു കടന്നിരിക്കുന്നു.

അർജന്റീനയുടെ ആശങ്കകൾക്കു പക്ഷേ വിരാമമാകുന്നില്ല എന്നാണ് പ്രീക്വാർട്ടർ ലൈനപ്പ് വ്യക്തമാക്കുന്നത്. ഗ്രൂപ്പു ചാംപ്യൻമാരായ ക്രൊയേഷ്യയ്ക്ക് അടുത്ത റൗണ്ടിൽ താരതമ്യേന ദുർബലരായ ഡെൻമാർക്കിനെ കിട്ടിയപ്പോൾ, അർജന്റീനയ്ക്ക് മുന്നിൽ വെല്ലുവിളിയുമായെത്തുന്നത് സി ഗ്രൂപ്പ് ചാംപ്യൻമാരായ ഫ്രാൻസാണ്. ചങ്കിടിക്കാതിരിക്കുമോ? ഈ മൽസരദിനത്തിലെ ആവേശക്കാഴ്ചകളിലൂടെ...

വാമോസ് മെസ്സി, അർജന്റീന

പൊരുതിക്കളിച്ച ൈനജീരിയയെ തകർത്ത് അർജന്റീന റഷ്യൻ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. സൂപ്പർതാരം ലയണൽ മെസ്സി റഷ്യൻ ലോകകപ്പിൽ അക്കൗണ്ട് തുറന്ന മൽസരത്തിൽ, മാർക്കോസ് റോജോ 86–ാം മിനിറ്റിൽ നേടിയ ഗോളാണ് അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. നൈജീരിയയുടെ ആശ്വാസഗോൾ പെനൽറ്റിയിൽനിന്ന് വിക്ടർ മോസസ് (51) നേടി.

ഒരു ക്രൊയേഷ്യൻ വിജയഗാഥ

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ഐസ്‌ലൻഡ് അദ്ഭുതങ്ങളും സൃഷ്ടിച്ചില്ല. രണ്ടാം നിരയുമായിറങ്ങിയിട്ടും ഐസ്‍ലൻഡിനെ തോൽപ്പിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യൻമാർ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്രൊയേഷ്യയുടെ വിജയം. ബാദൽജി (53), ഇവാൻ പെരിസിച്ച് (90) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. ഐസ്‌ലൻഡിന്റെ ആശ്വാസഗോൾ സിഗുർഡ്സൻ *76) പെനൽറ്റിയിൽനിന്ന് നേടി.

‘സമനില വിടാതെ’ ഫ്രാൻസ്, ഡെൻമാർക്ക്

ഡെൻമാർക്ക് വെറുതെ പേടിച്ചു. പെറുവിനെതിരെ ഓസ്ട്രേലിയ തോറ്റതോടെ ഫലം അപ്രസക്തമായിത്തീർന്ന മൽസരത്തിൽ ഫ്രാൻസിനെ ഗോൾരഹിത സമനിലയിൽ തളച്ച് ഡെൻമാർക്ക് പ്രീക്വാർട്ടറിലേക്ക്. അഞ്ചു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് ഡെൻമാർക്കിന്റെ മുന്നേറ്റം. ഏഴു പോയിന്റുമായി ഫ്രാൻസ് ഗ്രൂപ്പു ചാംപ്യൻമാരായപ്പോൾ, ഓസ്ട്രേലിയയും പെറുവും പുറത്തായി.

ഓസ്ട്രേലിയ ഒക്കെ കോമഡി അല്ലെ ചേട്ടാ!

പ്രീക്വാർട്ടറിൽ കടക്കാൻ വിജയം അനിവാര്യമായിരുന്ന ഓസ്ട്രേലിയ പെറുവിനോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോറ്റു. ജയിച്ചാലും ഇതേ സമയത്ത് നടക്കുന്ന ഗ്രൂപ്പിലെ രണ്ടാമത്തെ മൽസരത്തിൽ ഡെൻമാർക്ക് തോൽക്കേണ്ടത് അനിവാര്യമായിരുന്ന ഓസ്ട്രേലിയ, സ്വന്തം വിജയം പോലും ഉറപ്പിക്കാനാകാതെയാണ് ലോകകപ്പിന് പുറത്തായത്. പെറുവിനായി ആന്ദ്രെ കാരില്ലോ (18), പൗലോ ഗ്വെരേറോ (50) എന്നിവർ ഗോൾ നേടി.